യേശുവിന്റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര- (ഏഴാം ഭാഗം) ബെന്നി വര്‍ഗീസ്

Voice Of Desert 8 years ago comments
യേശുവിന്റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര- (ഏഴാം ഭാഗം) ബെന്നി വര്‍ഗീസ്

ഏഴ് മണിയോടെ ഞങ്ങള്‍ തിബര്യാസിലെ ക്ലബ്‌ ഹോട്ടലില്‍‌ എത്തി. ഇന്ന് രാത്രി കൂടിയേ ഈ ഹോട്ടലില്‍ താമസമുള്ളു. നാളെ പുലര്‍ച്ചെ ജെരുസലേമിലേക്ക് യാത്ര ചെയ്യാനുള്ളതാണ്. രാത്രി തന്നെ ബാഗുകള്‍ പാക്ക് ചെയ്തു വയ്ക്കുവാന്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എട്ടുമണിക്കാണ് അത്താഴം. പ്രാര്‍ത്ഥന അതിനു ശേഷവും.! യഹൂദന്മാരുടെ ശബത്ത് ദിവസമായതുകൊണ്ട്, ഇന്ന് ഹോട്ടലില്‍ നല്ല തിരക്കാണ്. ഭക്ഷണവും, പ്രാര്‍ത്ഥനയും കഴിഞ്ഞ് ഞങ്ങള്‍ മുറികളിലേക്ക് മടങ്ങി. കുറച്ച് സമയം ബാല്‍ക്കണിയില്‍, പുറത്തേയ്ക്ക് നോക്കിയിരുന്നു. ഓളങ്ങളും തിരമാലകളും ഇല്ലാത്ത ശാന്തമായ ഗലീലക്കടല്‍. കര്‍ത്താവിന്റെ പരസ്യ ശുശ്രൂഷാ കാലയളവിലെ പ്രധാനപ്പെട്ട പല സംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഗലീലക്കടല്‍,‌ വേദപുസ്തക ചരിത്രത്തില്‍ തിളങ്ങി നില്‍ക്കുന്നു. ഇന്നത്തെ സന്ദര്‍ശന സ്ഥലങ്ങളിലെ കാഴ്ചകള്‍ ഓരോന്നായി മനസ്സിലൂടെ മിന്നി മറഞ്ഞു. ന്യായപ്രമാണ ബാന്ധവത്തില്‍ കുടുങ്ങിക്കിടന്ന സഹോദര വര്‍ഗ്ഗത്തെ സ്വാതന്ത്രരാക്കുകയായിരുന്നു യേശു ക്രിസ്തുവിന്റെ കര്‍മ്മ പദ്ധതി. ലളിതമായ ഉപദേശങ്ങളിലൂടെ അവിടുന്ന് ജനഹൃദയങ്ങിളിലേക്ക് ഇറങ്ങിച്ചെന്നു. പാരമ്പര്യത്തിന്റെ അതിര്‍്വരമ്പുകള്‍ അറത്തുമാറ്റി, പരീശന്റെ അധികാരക്കൊതിക്കെതിരെ ആഞ്ഞടിച്ചു. സ്വര്‍ഗ്ഗരാജ്യം നിങ്ങളുടെ ഉള്ളിലാണെന്ന് ഉപമകളിലൂടെ അവരെ പഠിപ്പിച്ചു. എന്നാല്‍ സ്വന്തമെന്നു കരുതിയവര്‍, അവനെ തള്ളിക്കളഞ്ഞു. ഇന്നും ഈ നാട്ടിലുള്ളവര്‍ക്ക് അവിടുന്ന് അന്യനാണ്. ആ സ്നേഹം അവര്‍ തിരിച്ചറിയാതിരിക്കുമ്പോള്‍, ഒരു യോഗ്യതയും പറയാനില്ലാത്ത എന്നെപ്പോലുള്ളവരെ അവിടുന്ന് തേടിയെത്തി........................നന്ദി പറയാന്‍ വാക്കുകളില്ല!

പതിവുപോലെ അതിരാവിലെ എഴുന്നേറ്റു. തലേ ദിവസം ധാരാളം യാത്ര ചെയ്യുകയും, സ്ഥലങ്ങള്‍ സന്ദര്ശിക്കുകയും ചെയ്തെങ്കിലും, യാത്രാ ക്ഷീണമൊന്നും തോന്നിയില്ല. പ്രഭാത ഭക്ഷണം ആറേമുക്കാലിനാണ്. കൃത്യം 7.3൦ നു തന്നെ യാത്രതിരിക്കണമെന്ന് ഗൈഡ് ഹാനി പറഞ്ഞിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഞങ്ങളുടെ മുറികളില്‍നിന്ന് ശേഖരിച്ച പെട്ടികളും മറ്റും ലോബിയില്‍ കൂട്ടിവചിട്ടുണ്ട്. പ്രഭാത ഭക്ഷണതിനുശേഷം, ഓരോരുത്തരും തങ്ങളുടെ ബാഗുകള്‍ തിരിച്ചറിഞ്ഞതിനു ശേഷമേ അത് ബസ്സില്‍ കയറ്റിവയ്ക്കുകയുള്ളൂ. 5 മിനിട്ട് മുന്‍പ് തന്നെ എല്ലാവരും ബസ്സില്‍ കയറി. കൃത്യ സമയം പാലിച്ചതിന് എല്ലാവരോടും പ്രത്യേകം നന്ദി പറഞ്ഞു. പ്രാര്‍ത്ഥിച്ച് ഞങ്ങള്‍ യാത്ര ആരംഭിച്ചു. ജെരുശലേമിലേക്കുള്ള യാത്രയില്‍‌, പല സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനുണ്ട്. അവയില്‍ ആദ്യത്തെത് പ്രവാചക ശ്രേഷ്ടന്മാരുടെ കര്‍മ്മ ഭൂമിയായ കര്‍മ്മേല്‍ പര്‍വ്വതമാണ്. വളരെ വീതികൂടിയ മനോഹരമായ റോഡിലൂടെയാണ് യാത്ര. റോഡിനിരുവശവും പലതരം കൃഷികള്‍. വെള്ളം സംഭരിക്കുന്ന വലിയ കുളങ്ങള്‍ പല സ്ഥലത്തും നിര്‍മ്മിച്ചിരിക്കുന്നത് കണ്ടു. 

കര്‍മ്മേല്‍ പര്‍വ്വതം – ഒരു ദൂരക്കാഴ്ച. 

വളരെ നേരത്തെ യാത്ര തുടങ്ങിയതുകൊണ്ട് റോഡില്‍ തിരക്ക് നന്നേ കുറവായിരുന്നു. നെടുനീളത്തില്‍ കിടക്കുന്ന കര്‍മ്മേല്‍ മല ദൂരവേ കണ്ടു. 39 കിലോമീറ്ററാണ് ഈ പര്‍വ്വത നിരയുടെ നീളം. ‘ദൈവത്തിന്‍റെ മുന്തിരിത്തോട്ടം’ എന്നര്‍ത്ഥം വരുന്ന രണ്ട് വാക്കുകള്‍ ചേര്‍ന്നതാണ് ‘കര്‍മ്മേല്‍’ എന്ന ഗ്രീക്ക് വാക്ക്. ചില ആധുനിക പട്ടണങ്ങള്‍ ഈ കര്‍മ്മേല്‍ പര്‍വ്വതത്തോട്‌ ചേര്‍ന്ന് കിടക്കുന്നു. അവയില്‍ പ്രധാനപ്പെട്ടത് ഇസ്രായേലിലെ മൂന്നാമത്തെ വലിയ പട്ടണമായ ഹയിഫായാണ് (Haifa). ഇതൊരു തുറമുഖ പട്ടണം കൂടിയാണ്. ഡ്രൂസ് (Druze Community) എന്നു വിളിക്കുന്ന ഒരു സമൂഹമാണ്‌ കര്‍മ്മേല്‍ പര്‍വ്വതത്തിലെ അന്തേവാസികള്‍. ചരിത്രം സാക്ഷി നില്‍ക്കുന്ന സംഭവങ്ങളുടെ ഓര്‍മ്മയുണര്‍ത്തുന്ന മനോഹരമായ ഭൂപ്രദേശമാണ് കര്‍മ്മേല്‍ പര്‍വ്വതം. റോഡിനിരുവശവും തിങ്ങി വളരുന്ന സസ്യ ജാലകങ്ങളാണ്. അവയില്‍ പ്രധാനമയും, കരുവേലകം, (Oak Tree) പുന്നമരം, (Laurel Tree) ദേവദാരു (Pine Tree), ഒലിവ് എന്നിവയാണ്.

എട്ടരയോടെ ഞങ്ങള്‍ സ്ഥലത്തെത്തി. ഗേറ്റ് അടച്ചിരിക്കുന്നത് കണ്ട് അല്പം പരിഭ്രമിച്ചെങ്കിലും, 9 മണിക്ക് തുറക്കുമെന്ന ബോര്‍ഡ് കണ്ടെപ്പോള്‍ ആശ്വാസമായി. 8.5൦ ആയപ്പോള്‍ തന്നെ ഗേറ്റ് തുറന്നു. 

കര്‍മ്മേലിലെ എലിയാവിന്റെ പ്രതിമ

അകത്ത് ടിക്കറ്റ് കൌണ്ടറിന്റെ തൊട്ടരികിലായി നില്‍ക്കുന്ന മരം ചൂണ്ടിക്കാണിച്ച്, അതിന്റെ ചുവട്ടില്‍ വീണ് കിടക്കുന്ന കായ ശ്രദ്ധിക്കാന്‍ ഹാനി പറഞ്ഞു. ആ മരത്തിന്റെ ചുവട്ടില്‍ ഒരു പ്രത്യേക തരം കായ വീണു കിടക്കുന്നുണ്ടായിരുന്നു. യോഹന്നാന്‍ സ്നാപകന്റെ ഭക്ഷണമായിരുന്ന വെട്ടുക്കിളിയാണതെന്ന് (Locust) അദ്ദേഹം പറഞ്ഞു. വെട്ടുക്കിളി ഒരു പക്ഷി യാണെന്ന് ധരിച്ചിരുന്നവര്‍, പിന്നെ ആ കായ പെറുക്കാനുള്ള നെട്ടോട്ടമായി. ഒരു പാസ്റ്റര്‍ ഒരു കായ എടുത്ത് ബൈബിളില്‍ പ്രസംഗ കുറിപ്പിനൊപ്പം വച്ചിട്ട് പറഞ്ഞു: “ നാട്ടില്‍ ചെന്ന് ഇത് കാണിച്ച് പ്രസംഗിക്കാനാ” എന്തെന്നില്ലാത്ത സന്തോഷമായിരുന്നു തന്റെ മുഖത്ത്. കായ പൊട്ടിച്ച് നോക്കിയപ്പോള്‍ തേന്‍ പോലെ മധുരമുള്ള ഒരു കറ അതിന്‍റെ ഉള്ളില്‍ കണ്ടു. സംശയിച്ചും, പേടിച്ചും നിന്നവരോഴികെ ബാക്കി എല്ലാവരും അത് രുചിച്ച് നോക്കി. കര്‍മ്മേലില്‍ പര്‍വ്വതത്തില്‍ ഉടനീളം ഈ മരം ഉണ്ട്.

കനാന്യ സംസ്ക്കാരമനുസരിച്ച് ഉയര്‍ന്ന മലകളെല്ലാം പൊതുവേ ദൈവസാനിദ്ധ്യമുള്ള സ്ഥലങ്ങളായി അവര്‍ കണ്ടിരുന്നു. കാര്‍മ്മേല്‍ പര്‍വ്വതത്തെയും വിശുദ്ധ സ്ഥലമായി അവര്‍ കണക്കാക്കിയിരുന്നു. എന്നാല്‍ എലിയാവിന്റെ പര്‍വ്വതമായിട്ടാണ് കര്‍മ്മേല്‍ പൊതുവേ അറിയപ്പെട്ടിരുന്നത്. ഏലിയാവ് യാക്കോബിന്റെ പുത്രന്മാരുടെ ഗോത്ര സംഖ്യക്കൊത്തവണ്ണം 12 കല്ല്‌ എടുത്ത് യഹോവയുടെ നാമത്തില്‍ യാഗപീഠം പണിത്, യഹോവയുടെ തീ ഇറക്കി ഹോമയാഗവും, വിറകും, മണ്ണും, ദഹിപ്പിച്ച് സ്ഥലമാണിത് (1 രാജാ 18, 19 അദ്ധ്യായം) ബാലിന്റെ നാനൂറ്റമ്പത് പ്രവാചകന്മാരെ വെല്ലുവിളിച്ച് യഹോവ ദൈവമെന്ന് തെളിയിച്ച മഹാ സംഭവം അരങ്ങേറിയത് ഇവിടെ വച്ചാണെന്ന് വിശ്വസിക്കപ്പെടുന്നു. ദാവീദ് ആഹാരം വാങ്ങുവാനായി നാബാലിന്റെ അടുത്തേയ്ക്ക് പത്ത് ബാല്യക്കാരെ അയച്ചത് കര്‍മ്മേലിലേക്കായിരുന്നു.(1 ശമുവേല്‍ 25: 2-35) കൂടാതെ 1 ദിനവൃത്താന്ത പുസ്തകത്തിലും (3), യെശയ്യാവ് 35: 2, യിരമ്യാവ് 50:19 തുടങ്ങിയ വേദഭാഗങ്ങളിലും കര്‍മ്മേല്‍് പര്‍വ്വതത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്.ഏലീശാ പ്രവാചകനെ മൊട്ടത്തലയാ എന്ന് വിളിച്ച് കളിയാക്കിയ 42 ബാലന്മാരെ പെണ്‍കുരടി ഇറങ്ങി കൊന്നുകളഞ്ഞതിനു ശേഷം അവന്‍ അവിടം വിട്ട് കര്‍മ്മേലിലേക്ക് പോയി (2 രാജാ 2 : 23-25)

എലിയാവ് ബാലിന്റെ പ്രവാചകന്മാരെ വെട്ടിക്കൊല്ലുന്ന വലിയ ഒരു പ്രതിമ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പണിതിരിക്കുന്ന ചാപ്പലിന്റെ മുകളില്‍ കയറിയാല്‍ മനോഹരമായ ഒരു ദൂരക്കാഴ്ച ലഭിക്കും. താഴെ ഹൈഫാ യൂണിവേഴ്സിറ്റിയുടെ ഭാഗങ്ങളും, വലത്തുവശത്ത് മേഡിറ്ററേനിയന്‍ കടലും, ഹൈഫാ തുറമുഖവും കാണാം. പള്ളിയുടെ താഴെ കാണുന്ന ചാപ്പലില്‍ ഞങ്ങളിരുന്നു. ചരിത്ര പുരുഷനായ ഏലിയാവിനെക്കുറിച്ച് എഴുതിയിരിക്കുന്ന വേദഭാഗങ്ങള്‍ വായിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്തു. കിലോമീറ്ററുകള്‍ അപ്പുറത്തുള്ള മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ നിന്നാണ് കൈപ്പത്തിപോലെ മേഘം ഉയരുന്നത് ബാല്യക്കാരന്‍ കണ്ടിട്ട് എലിയാവിനെ അറിയിക്കുന്നത്. ആ മേഘം ഒരു വലിയ മഴയ്ക്ക്‌ കാരണമായിത്തീര്‍ന്നു.(1രാജാ18:44)മഞ്ഞിനേയും മഴയെയും നിയന്ത്രിക്കാന്‍് കഴിഞ്ഞ വിശ്വാസത്തിന്റെ ഉടമയായിരുന്നു ഏലിയാവ്.ഏലിയാവിനെക്കുറിച്ചുള്ള ധീര സ്മരണകളുമായി ഞങ്ങള്‍് മലയിറങ്ങി.

ഏലിയാവ് ജനിച്ച സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഗുഹ കര്‍മ്മേല്‍ പര്‍വ്വതത്തിന്റെ വലത്തേ അറ്റത്ത്‌ സ്ഥിതി ചെയ്യുന്നു. ഹൈഫാ തുറമുഖത്തിന്റെ എതിര്‍ വശത്തുള്ള കുന്നിന്‍ മുകളിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. ഇന്നിവിടെ ഒരു റോമന്‍ കത്തോലിക്കാ പള്ളിയുണ്ട്. പള്ളിയുടെ അല്ത്താരയ്കു് ഇടത്ത് വശത്ത് അടിഭാഗത്തായിട്ടാണ് ഈ ഗുഹ. ഹൈഫാ പട്ടണത്തിന്റെ ഒരു ദൂരക്കാഴ്ചക്കൊപ്പം, ബാഹായി വിഭാഗത്തിന്റെ പൂന്തോട്ടം കാണുന്നതിനുമായി ഞങ്ങള്‍ കര്‍മ്മേല്‍് പര്‍വ്വതത്തിന്റെ മറ്റൊരു ഉയര്‍ന്ന സ്ഥലത്തേക്ക് യാത്ര തിരിച്ചു.

ഹൈഫായിലുള്ള മറ്റൊരു പ്രധാന ആകര്‍ഷണം ബാഹായി വിഭാഗത്തിന്റെ പള്ളി (shrine)ആണ്. തട്ടു തട്ടായി പൂച്ചെടികളും, മരങ്ങളും വച്ച് മോടിപിടിപ്പിച്ചിരിക്കുന്ന ഒരു ഉധ്യാനത്തിലാണ് (Haifa Hanging Garden) ഈ പള്ളി സഥിതി ചെയ്യുന്നത്. ഇസ്രായേലില്‍് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ഒരു സ്ഥലമാണിത്. ഇറാനിലുള്ള ഫരിബോര്സ് സഹ്ബാ (Fariborz Sahba) എന്ന ശില്‍പ്പ വിദഗ്ദ്ധനാണ് ഈ മനോഹര പൂന്തോട്ടവും അമ്പലവും പണികഴിപ്പിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ പണിതിരിക്കുന്ന ലോട്ടസ് ടെമ്പിളും (Lotus Temple) ഈ ബഹായി വിഭാഗതിന്റെതാണ്. അടുത്ത യാത്ര കൈസരിയിലേക്കാണ്

(തുടരും)

ഹൈഫാ പട്ടണം. - ബാഹായി ഗാര്‍ഡനു മുകളിലൂടെയുള്ള കാഴ്ച.

Click to read previous: Part 1Part 2Part 3Part 4Part 5, Part 6.


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,508

PEOPLE VIEWED THIS ARTICLEനിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2022. All Rights Reserved. 637419 Website Designed and Developed by: CreaveLabs