യേശുവിന്‍റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര - (ഒന്‍പതാം ഭാഗം) ബെന്നി വര്‍ഗീസ്

Voice Of Desert 10 years ago comments
യേശുവിന്‍റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര - (ഒന്‍പതാം ഭാഗം) ബെന്നി വര്‍ഗീസ്

ഉച്ചഭക്ഷണത്തിന് ശേഷം ഞങ്ങള്‍ ജെരുസലെമിലേക്കുള്ള യാത്ര തുടര്‍ന്നു. മനോഹരമായി ആസൂത്രണം ചെയ്ത് നിര്‍മ്മിച്ച ആധുനിക പട്ടണമായ ടെല്‍-അവിവിലൂടെയുള്ള യാത്ര എല്ലാവരും നന്നായി ആസ്വദിച്ചു. 2൦ കിലോമീറ്റര്‍ യാത്ര ചെയ്തപ്പോള്‍ യിസ്രായേലിന്റെ ഒന്നാമത്തെ പ്രധാനമന്ത്രി ആയിരുന്ന ബെന്ഗുരിയോന്റെ നാമകരണത്തിലുള്ള ടെല്‍-അവീവിലെ ഇന്റര്‍നാഷണല്‍ എയര്‍പ്പോര്‍ട്ട് കണ്ടു. ഇനി ഒരു മണിക്കൂര്‍ കൂടി യാത്ര ചെയ്താല്‍ ജെറുസലേമില്‍ എത്തിച്ചേരും. വളരെ വിശാലമായ ഹൈവേയിലൂടെയാണ് യാത്ര. വളരെ ആസൂത്രിതമായ റോഡു് നിര്‍മ്മാണ മായതുകൊണ്ട് എവിടെയും ട്രാഫിക്‌ തിരക്ക് അനുഭവപ്പെട്ടില്ല.

യേശുവിന്റെ നാട്ടിലേക്കുള്ള യാത്ര നന്നായി ആസ്വദിക്കണമെങ്കില്‍ യിസ്രായേലിന്റെ ചരിത്രം കൂടി അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ ഗൈഡ് ഹാനി നല്ല ചരിത്ര പണ്ഡിതനും അദ്ധ്യാപകനും കൂടിയാണ്. ഞാന്‍ പല ഗൈഡ്കളുമായി സഹകരിച്ചിട്ടുണ്ടെങ്കിലും, ഇത്ര ചരിത്ര പാണ്ഡിത്യമുള്ള ഗൈഡിനെ വേറെ കണ്ടിട്ടില്ല. എല്ലാവരും കേള്‍ക്കുവാന്‍ തയ്യാറാണോ എന്ന് ചോദിച്ച് ഹാനി തന്റെ ഡയറിക്കുറിപ്പുകള്‍ പുറത്തെടുത്തു. ഇസ്രായേലിന്റെ മാപ്പും ബസ്സില്‍ തൂക്കിയിട്ടു. എല്ലാവരോടും ശ്രദ്ധിച്ചിരിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ട് തന്റെ വിവരണം ആരംഭിച്ചു. 

യെരുശലേം ഒരു ദൂരക്കാഴ്ച. സ്വര്‍ണമകുടം കാണുന്നത് ‘ഡോം ഓഫ് ദ റോക്ക്’

അബ്രഹാമിന്റെ കാലഘട്ടം മുതലാണ് യിസ്രായേലിന്റെ ചരിത്രം ആരംഭിക്കുന്നത്. ബി.സി. 3000 – ത്തിനോടടുത്ത കാലഘട്ടത്തില്‍ മധ്യപൂര്‍വ്പ്രദേശങ്ങളില്‍ രണ്ടു പ്രബല സംസ്കാരങ്ങള്‍ വളര്‍ച്ച പ്രാപിച്ചിരുന്നു. യൂഫ്രട്ടീസ്, ടൈഗ്രിസ്‌ നദികളുടെ തടങ്ങളില്‍ രൂപം കൊണ്ട മെസപൊത്താമ്യാണ് ഒന്ന്. മറ്റേത് ഈജിപ്തും. ഏദെന്‍ തോട്ടത്തിന്റെ സ്ഥാനം മെസപൊത്താമ്യായിലാണ്. ഇവിടുത്തെ പ്രമുഖ പട്ടണമായ ഊരില്‍ നിന്നാണ് യിസ്രായേലിന്റെ പൂര്‍വ്വ പിതാവായ അബ്രഹാമിനെ ദൈവം വിളിച്ചിറക്കിയത്. അബ്രഹാമിലൂടെ ഒരു വലിയ ജാതിയെ സൃഷ്ടിക്കുക മാത്രമായിരുന്നില്ല ദൈവീക പദ്ധതി; അവനിലൂടെ ഭൂമിയിലെ സകല ജാതികളെയും അനുഗ്രഹിക്കുക എന്നത് കൂടിയായിരുന്നു.

ഈജിപ്തിനും, മെസപൊത്താമ്യയ്ക്കും ഇടയിലുള്ള പാലസ്തീനില്‍ ധാരാളം ഉറപ്പുള്ള പട്ടണങ്ങളും കൊച്ചു കൊച്ചു രാജ്യങ്ങളും ഉണ്ടായിരുന്നു. ഇവിടെ വസിച്ചിരുന്ന ജനങ്ങളെ കൂടാതെ കന്നുകാലികള്‍ക്കും ആട്ടിന്‍ പറ്റങ്ങള്‍ക്കും മേച്ചില്‍പുറം തേടി യാത്രചെയ്തുകൊണ്ടിരുന്ന സഞ്ചാര ഗോത്രങ്ങളും ദേശത്തുണ്ടായിരുന്നു. അതിലൊന്നായിരുന്നു അബ്രഹാമും കുടുംബവും. ചില കുടുംബാംഗങ്ങള്‍ ഹാരാനില്‍ വാസമുറപ്പിച്ചപ്പോള്‍, ദൈവം കാണിപ്പാനിരുന്ന ദേശത്തേക്ക് അബ്രഹാം യാത്ര ചെയ്തു. ഈ യാത്രയില്‍ താന്‍ എത്തിച്ചേര്‍ന്നത് പാലസ്തീനിലുള്ള കനാനില്‍ ആയിരുന്നു.

അബ്രഹാം ശേഖേമില്‍ കൂടാരം അടിച്ചു. കനാനില്‍, ഫലഭൂയിഷ്ടമായ തീരസമതലവും യോര്‍ദാന്‍ താഴ്വരയും നല്ല മേച്ചില്‍ സ്ഥലങ്ങളായിരുന്നു. ലോത്ത് ഈ സ്ഥലങ്ങള്‍് തിരഞ്ഞെടുത്ത് സോദോമില്‍ വാസമുറപ്പിച്ചു. സാമന്ത രാജാക്കന്മാര്‍ മത്സരിച്ചപ്പോഴുണ്ടായ യുദ്ധം മുഖാന്തരം ലോത്തിനും കഷ്ടപ്പെടേണ്ടി വന്നു. കൂടെക്കുടെ വരള്‍ച്ചയും ക്ഷാമവും കനാനില്‍ നേരിട്ടിരുന്നു. ആ സമയം സഞ്ചാര ഗോത്രങ്ങള്‍ ഈജിപ്തിലേക്ക് പോകും. ഒരു പ്രാവിശ്യം അബ്രഹാമും ആ കൂട്ടത്തിലുണ്ടായിരുന്നു. മറ്റൊരിക്കല്‍ യാക്കോബും പുത്രന്മാരും ഈജിപ്തിലേക്ക് പോയി. അവര്‍ ഗോശന്‍ ദേശത്ത് വാസമുറപ്പിക്കുകയും ചെയ്തു.

യാക്കോബിന്റെ സന്തതികള്‍ 4൦൦ വര്‍ഷത്തിലധികം ഈജിപ്തില്‍ പാര്‍ത്തു. ഈ കാലംകൊണ്ട് അവര്‍ വലിയ ഒരു രാഷ്ട്രം ആയി വളര്‍ന്നു കഴിഞ്ഞിരുന്നു. ഈജിപ്തില്‍ ഭരണത്തിലേറിയ പുതിയ രാജവംശം യിസ്രായേല്‍ ജനതയെ ഭീഷണിയായിക്കണ്ട് അവരെ പീഡിപ്പിക്കുവാനാരംഭിച്ചു. ജനം ദൈവത്തോട് നിലവിളിക്കയും, ദൈവം മോശയെ അവര്‍ക്ക് നായകനായി നല്‍കി. ഈജിപ്തില്‍ ദൈവം ബാധകളയച്ചതിനെ തുടര്‍ന്ന് ഫറവോന്‍ യിസ്രായേല്യരെ പോകാനനുവധിച്ചു. ദൈവം ചെങ്കടലിനെ വിഭാഗിക്കുകയും ജനം അക്കരെക്കടന്നു സീനായിലെത്തുകയും ചെയ്തു. സീനായി പര്‍വ്വതത്തില്‍ വച്ച് ദൈവം അവര്‍ക്ക് നിയമങ്ങളും, പത്തു കല്‍പ്പനകളും നല്‍കി. അവരുടെ അവിശ്വാസവും പിറുപിറുപ്പും നിമിത്തം നാല്‍പ്പതു വര്‍ഷം കഴിഞ്ഞാണ് കനാനില്‍ പ്രവേശിക്കാന്‍ കഴിഞ്ഞത്. മോശയുടെ മരണ ശേഷം യോശുവാ നായകത്വം ഏറ്റെടുത്തു. ദൈവം ജോര്‍ദാന്‍ നദിയെ വറ്റിക്കുകയും ജനം കനാനില്‍് പ്രവേശിക്കുകയും ചെയ്തു. യുദ്ധങ്ങളുടെ ആരംഭം യെരിഹോവിലായിരുന്നു. തുടര്‍ന്ന് കനാന്യ രാജ്യങ്ങളെ ഒന്നൊന്നായി യിസ്രായേല്‍ കീഴടക്കുകയും ദേശം ചീട്ടിട്ട് ഗോത്രങ്ങള്‍ക്ക് വിഭാഗിച്ചു നല്‍കുകയും ചെയ്തു. ലേവി ഗോത്രത്തിനു പാര്‍പ്പിന് പട്ടണങ്ങള്‍ നലികിയെങ്കിലും പ്രത്യേക അവകാശങ്ങള്‍ നല്‍കിയില്ല.

ഓഹരി ലഭിച്ചതിനെത്തുടര്‍ന്ന് ജനം ചിതറി അവരവരുടെ അവകാശത്തിലേക്ക് പോയി. യോശുവാ മരിച്ചു. ജനത്തിന്റെ അസംഘിടതാവസ്ഥ മുതലെടുത്ത്‌ ചുറ്റും പാര്‍ത്തിരുന്ന ജാതികളായ ശത്രുക്കള്‍ അവരെ എതിരിടുവാനരംഭിച്ചു. യിസ്രായേല്‍ ജനം ശത്രുക്കളോട് സംസര്‍ഗം പുലര്‍ത്തുവാനും അവരുടെ വിഗ്രഹങ്ങളെ സേവിക്കാനും ആരംഭിച്ചു. അവരെ ആക്രമിക്കാന്‍ വന്ന ശത്രുക്കളില്‍, മെസപൊത്താമ്യയിലെ രാജാവ്‌, യോര്‍ദാനക്കാരെ നിന്നും മോവാബ്യരും അമ്മോന്യരും, കിഴക്കുനിന്നു മിദ്യാന്യരും ആയിരുന്നു. പടിഞ്ഞാറെ തീരപ്രദേശത്തുനിന്നു ഫെലിസ്ത്യര്‍ യിസ്രായേല്യരെ കിഴക്കന്‍ മലകളിലേക്ക് ഓടിച്ചു.

യിസ്രായേല്യരുടെ പ്രയാസങ്ങളില്‍ അവര്‍ ദൈവത്തോട് നിലവിളിക്കുകയും ദൈവം ഒരു ന്യായാധിപനെ അയച്ച് അവരെ വിടുവിക്കുകയും ചെയ്യുമായിരുന്നു. ഇങ്ങനെ ഓരോ ന്യായാധിപന്റെ ഭരണ കാലത്തും, കുറെക്കാലത്തേക്ക് ദേശത്ത് സമാധാനം ലഭിക്കുമായിരുന്നു. വീണ്ടും ജനം പാപത്തിലേക്ക് വീണുപോകുമ്പോള്‍ ശത്രുവിന്റെ ആക്രമണത്തിനിരയാവുകയും, പിന്നെയും ജനം ദൈവത്തിങ്കലേക്കു തിരിയുമ്പോള്‍ ദൈവം വിടുതല്‍ അയക്കുകയും ചെയ്യുമായിരുന്നു. അനേകം വര്‍ഷങ്ങള്‍ ഈ നില ആവര്‍ത്തിച്ച്‌ സംഭവിച്ചുകൊണ്ടിരുന്നു. ദേബോര, ബാരാക്ക്, ഗിദയോന്‍, യിഫ്താഹ്, ശിംശോന്‍ എന്നിവര്‍ യിസ്രായേലിലെ പ്രമുഖ ന്യായാധിപന്മാര്‍ ആയിരുന്നു.

ശമുവേല്‍ യിസ്രായേല്യ ന്യായാധിപന്മാരില്‍ ഏറ്റവും പ്രമുഖന്‍ ആയിരുന്നു. ഒരേസമയം ന്യായാധിപനും പുരോഹിതനുമായിരുന്നു അദ്ദേഹം. ശമുവേല്‍ വൃദ്ധനായപ്പോള്‍ തങ്ങള്‍ക്ക് ഒരു രാജാവിനെ വാഴിച്ചുതരണമെന്ന് ജനം ആവശ്യപ്പെട്ടു. ദൈവീക കല്‍പ്പനപ്രകാരം ശമുവേല്‍ ബെന്യാമീന്‍ ഗോത്രക്കാരനായ ശൌലിനെ രാജാവായി വാഴിച്ചു. ശൌലിന്റെ തുടക്കം നന്നായെങ്കിലും ക്രമേണ അവന്‍ അധികാരക്കൊതിയനും ദൈവത്തെ ധിക്കരിക്കുന്നവനും ആയിത്തീര്‍ന്നു. തല്‍ഫലമായി അവന്റെ മക്കള്‍ക്ക്‌ ദൈവം സിംഹാസനം നിഷേധിച്ചു. പകരം ദാവീദിനെ രാജാവായി അഭിഷേകം ചെയ്യുവാന്‍ ശമുവേലിനെ നിയോഗിച്ചു. ദാവീദ് ഫെലിസ്ത്യ മല്ലനായ ഗോല്യാത്തിനെ വധിച്ചതോടുകൂടി യിസ്രായേല്‍ ജനം ദാവീദിനൊപ്പമായി.

ഫെലിസ്ത്യര്‍ക്കെതിരായി ഗില്‍ബോവ പര്‍വതത്തില്‍വെച്ച് നടന്ന യുദ്ധത്തില്‍ ശൌലും പുത്രന്മാരും കൊല്ലപ്പെടുകയും ദാവീദ് രാജാവാകുകയും ചെയ്തു.ദാവീദിന്റെയും,മകനായ ശലോമോന്റെയും കാലഘട്ടം വരെ മാത്രമേ ഐക്യ യിസ്രായേല്‍ നിലനിന്നുള്ളൂ. ദാവീദിന്റെ കാലത്ത് രാജ്യം അഭിവൃദ്ധി പ്രാപിക്കുകയും വിസ്ത്രുതമാകുകയും ചെയ്തു. ജ്ഞാനിയായിരുന്ന ശലോമോന്‍ യെരുശലേം ദൈവാലയം പണിതു.

ശലോമോന്റെ കാലത്ത് രാജ്യം ഐശ്വര്യ സംപൂര്‍ണമായിരുന്നുവെങ്കിലും അവന്റെ ധൂര്‍ത്തും, നിര്‍മ്മാണ പ്രവര്‍ത്തങ്ങളും ഖജനാവ്‌ ശൂന്യമാക്കി. പരിണിതഫലമായി ജനങ്ങളുടെമേല്‍ കഠിന നികുതി ചുമതിയിട്ട് അവര്‍് ഊഴിയ വേല ചെയ്യേണ്ടിവന്നു. ശലോമോന്റെ മരണ ശേഷം അവന്റെ മകന്‍ രേഹെബയാം രാജാവായപ്പോള്‍, നികുതിഭാരം കുറച്ച് തരണമെന്നു ജനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും രാജാവ്‌ അത് നിഷേധിച്ചു. രോഷാകുലരായ ജനം യോരൊബയാമിന്റെ നേതൃത്വത്തിനെതിരെ മത്സരിക്കുകയും, പത്തു ഗോത്രങ്ങള്‍ ചേര്‍ന്ന് ‘യിസ്രായേല്‍’ എന്ന പുതിയ രാഷ്ട്രം ശേഖേം തലസ്ഥാനമാക്കി രൂപീകരിക്കുകയും ചെയ്തു. യെഹൂദാ, ബെന്യാമീന്‍ എന്നീ രണ്ട് ഗോത്രങ്ങള്‍ ‘യഹൂദാ’ എന്ന പേരില്‍ രെഹബയാമിന്റെ കീഴില്‍ യെരുശലേം തലസ്ഥാനമാക്കി നിലനിന്നു. പിന്നീട് ശമര്യാ യിസ്രായേലിന്റെ തലസ്ഥാനമായി.

യിസ്രായേല്‍ രാജാവായ യെരോബയാം തന്റെ കീഴിലുള്ള ജനം യെരുശലേം ദൈവാലയത്തിലേക്ക് പോകുന്നത് തടയുവാന്‍ ദാനിലും, ബേഥേലിലും പൂജാഗിരികള്‍ നിര്‍മ്മിക്കുകയും കാളക്കുട്ടിയെ വാര്‍ത്തുണ്ടാക്കി പ്രതിഷ്ടിക്കുകയും ചെയ്തു. ഇത് യിസ്രായേലിന് പാപ കാരണമായിത്തീര്‍ന്നു. യിസ്രായേല്‍ രാജാക്കന്മാരില്‍ ഏറ്റവും കൂടുതല്‍ ദുഷ്ടത പ്രവര്‍ത്തിച്ചത് ആഹാബ് ആയിരുന്നു. യെഹൂദാ രാജാക്കന്മാരില്‍ യെഹോവയെ പ്രസാധിപ്പിക്കുന്നവര്‍ ഉണ്ടായിരുന്നു. അവര്‍ ദൈവത്തിങ്കലേക്കു ജനത്തെ മടക്കി വരുത്തുകയും ദൈവാലയത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തു.

ഈജിപ്തിനും മേസൊപ്പൊത്തോമ്യയ്കും മദ്ധ്യത്തില്‍ നിര്‍ണായക സ്ഥാനമായിരുന്നു പലസ്തീന്റേതു. ഈ കാരണത്താല്‍ പലസ്തീന്‍ സ്വന്തമാക്കാന്‍ വന്‍ശക്തികള്‍ പലപ്പോഴും ശ്രമിച്ചിരുന്നു. അക്കാലത്തെ പ്രബല ശക്തിയായിരുന്ന, അശ്ശൂര്‍ ആഹാബിന്റെ കാലത്ത് യിസ്രായേലിനെയും യാഹൂദയെയും ആക്രമിച്ചു. അശ്ശൂരിനു കപ്പം കൊടുക്കുന്നത് യിസ്രായേല്‍ നിരസിച്ചപ്പോള്‍, അശ്ശൂര്‍ രാജാവ്‌ യിസ്രായേല്യരെ ബദ്ധരാക്കി അശ്ശൂരിലേക്ക് കൊണ്ടുപോവുകയും,. ജാതികളായ ആളുകളെ കൊണ്ടുവന്ന് ശമര്യ പട്ടണത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു. യിസ്രായേലിലെ അവസാനത്തെ രാജാവായ ഹോശേയ വീണ്ടും അശ്ശൂരിനോട് മത്സരിച്ചു. അശ്ശൂര്‍് രാജാവായ ശല്മമാനെസര്‍ ഹോശേയയെ തടവിലാക്കുകയും ജനങ്ങളെ അടിമകളാക്കി കൊണ്ടുപോയി അശ്ശൂര്യ പട്ടണങ്ങളില്‍ പാര്‍പ്പിക്കുകയും അവര്‍ക്ക് പകരം അശ്ശൂര്യരെ ശമര്യയില്‍ പാര്‍പ്പിക്കുകയും ചെയ്തു.

ബി.സി 626-ല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ പ്രദേശത്തെ ഗവര്‍ണരായിരുന്ന നെബോപോളാസ്സാര്‍ അശ്ശൂരില്‍ നിന്നും ബാബിലോണ്‍ വീണ്ടെടുത്ത്‌ അതിന്റെ ഭാര്‍ണാധികാരിയായി. അവന്‍ അശ്ശൂരിനെതിരെ തുടര്‍ന്നും യുദ്ധം ചെയ്യുകയും മേദ്യരോട് ചേര്‍ന്ന് നീനവേ കീഴടക്കുകയും ചെയ്തു. അശ്ശൂര്യര്‍ ഹാരനിലേക്ക് പിന്മാറിയെങ്കിലും വളരെ വേഗം അവിടെ നിന്നും പുറത്താക്കപ്പെട്ടു. തങ്ങളുടെ രാജ്യം അപകടത്തിലാകുമെന്നു ഭയന്ന ഈജിപ്റ്റ് രാജാവ്‌, നെഖോ അവരെ സഹായിക്കാന്‍ പുറപ്പെട്ടു. യെഹൂദാ രാജാവായ യോശിയാവ് മേഗിദോയില്‍ വച്ച് മിസ്രയീം സൈന്യത്തെ തടയുകയും തുടര്‍ന്നുണ്ടായ യുദ്ധത്തില്‍ യോശിയാവ് കൊല്ലപ്പെടുകയും യെഹൂദാ ഈജിപ്തിന് കീഴടങ്ങുകയും ചെയ്തു.

ബി.സി 6൦5-ല്‍ നെബുഖദ്നേസരിന്റെ നേത്രുത്വത്തിലുള്ള ബാബിലോണ്യ സൈന്യം കാര്‍ക്കമീശില്‍ വച്ച് ഈജിപ്തിനെ തോല്‍പ്പിച്ചു. 6൦1-ല്‍ ഈജിപ്തിന്റെ പ്രേരണയാല്‍ യെഹൂദാ ബാബിലോണിനോട് മത്സരിച്ചുവെങ്കിലും, 597-ല്‍ യെഹോ യാക്കീം രാജാവായ ഉടനെ കീഴടങ്ങേണ്ടിവന്നു. രാജാവിനെയും അനേകം പ്രമാണിമാരെയും ബാബിലോണിലേക്ക് കൊണ്ടുപോകപ്പെട്ടു. പ്രമാണിമാരെ കൊണ്ടുപോകുക വഴി തുടര്‍ന്നുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ബാബിലോന്യര്‍ രാജാവായി വാഴിച്ച സിദ്ക്കിയാവ് ഈജിപ്തിനോട് സഹായം അഭ്യര്‍ത്ഥിച്ചു. തല്‍ഫലമായി ബാബിലോണ്യ സൈന്യം യെരുശലേം ആക്രമിച്ചു കീഴടക്കി. ബി. സി 586-ല്‍ അവര്‍ സിദക്കിയാവിന്റെ പുത്രന്മാരെ അവന്‍ കാണ്‍കെ കൊന്നു. സിദക്കിയാവിന്റെ കണ്ണു പൊട്ടിച്ച് രണ്ട് ചങ്ങല കൊണ്ട് ബന്ധിച്ച് അവനെ ബാബിലോണിലേക്ക് കൊണ്ടുപോയി. (2 രാജാ 25 : 7)

പേര്‍ഷ്യന്‍ രാജാവായ കോരെശ് മേദ്യരുടെ സഹായത്തോടെ ചുറ്റുപാടുമുള്ള രാജ്യങ്ങളെ ആക്രമിച്ചു കീഴടക്കി. തുടര്‍ന്ന് കോരെശ് ബാബിലോണ്‍ അക്രമിക്കയും, ബി. സി 539-ല്‍ കീഴടക്കുകയും ചെയ്തു. അങ്ങനെ ബാബിലോണ്‍ സാമ്രാജ്യം മേദ്യ – പേര്‍ഷ്യ ഭരണത്തിന്‍ കീഴിലായി. യെഹൂദന്മാര്‍ സാമ്രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാസമുറപ്പിച്ചു. യെഹൂദന്മാര്‍ക്കു മടങ്ങിപ്പോയി അവരുടെ നഗരവും ദൈവാലയവും പുനര്‍നിര്‍മ്മിക്കാനും ആരാധന പുന: സ്ഥാപിക്കാനും അനുവാദം നല്‍കി. ബി.സി 537-ല്‍ കോരെശ് പുറപ്പെടുവിച്ച വിളംബരപ്രകാരം സെരുബ്ബോബേലിന്റെയും മഹാപുരോഹിതനനായ യേശുവയുടെയും നേതൃത്വത്തില്‍ ഇസ്രയ്യേല്‍ ജനം മടങ്ങി വരുകയും, ദൈവാലയത്തിന്റെ പണി പൂര്‍ത്തീ കരിക്കുകയും ചെയ്തു. ബി. സി 445-ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന അര്‍ത്ഥഹ്ശഷ്ടാവ് നെഹമ്യാവിനെ യെരുശലേമിലേക്ക് അതിന്റെ മതിലുകള്‍ പണിയുവാന്‍ പോകേണ്ടതിനു നുവദിച്ചു. നെഹമ്യാവ്, എസ്രാ എന്നിവരുടെ നേതൃത്വത്തില്‍ ജനം മടങ്ങിയെത്തി.

ബാബിലോണ്യ പ്രവാസത്തിനുശേഷം യെഹൂദന്‍ എന്ന പദം എല്ലാ യിസ്രയെല്യരെയും വിളിക്കുന്ന പോതുനാമമായിത്തീര്‍ന്നു. മടങ്ങി വന്ന ജനം വിഗ്രഹരാധനയില്‍ നിന്നും പൂര്‍ണമായും മുക്തരായിരുന്നു. പ്രവാസ കാലത്ത് ദൈവാലയത്തില്‍നിന്നും ദൂരെ ആയിരുന്ന യെഹൂദന്മാര്‍ ലളിതമായ ആരാധനാ രീതികള്‍ അവലംഭിച്ചു. മടങ്ങി വന്ന ജനം തങ്ങള്‍ പ്രവാസം ചെയ്ത ദേശത്തെ ഭാഷയായ കല്‍ദായ അഥവാ അരാമ്യ ഭാഷയും സ്വദേശത്തെക്ക് കൊണ്ടുവന്നു. എബ്രായ ഭാഷ ആരാധനയ്ക്കും വെളിപ്പാടിനുമുള്ള ഭാഷയായി നിലനിന്നപ്പോള്‍് അരാമ്യ ജനങ്ങളുടെ സംസാരഭാഷയായി മാറി. യേശുക്രിസ്തു അരാമ്യ ഭാഷയാണ് സംസാരിച്ചിരുന്നത്.

എഴുപത് വര്‍ഷത്തെ ബാബേല്‍് പ്രവാസത്തിനുശേഷം പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാരുടെ സഹായത്തോടെ സ്വദേശത്തെക്ക് മടങ്ങിവന്ന യിസ്രായേല്‍ ജനം കുറെ കാലത്തേക്ക് വിഗ്രഹാരാധനയില്‍ നിന്നും മാറി ന്യായപ്രമാണ താല്‍പ്പരരായിതീര്‍ന്നു. എന്നാല്‍ ചില കാലങ്ങള്‍് കഴിഞ്ഞപ്പോള്‍ അവര്‍ വീണ്ടും ദൈവത്തിനനീഷ്ടമായത് പ്രവര്‍ത്തിക്കുവാനരംഭിക്കുകയും, അവരുടെ ദൈവീക ബന്ധം വഷളാകുകയും ചെയ്തു. ബി. സി 433-നോടടുത്ത് ജനത്തിന്റെ മടങ്ങി വരവ് പ്രതീക്ഷിച്ച് മലാഖി പ്രവാചകനിലൂടെ ദൈവം സംസാരിച്ചു. മലാഖി പ്രവചനം മുതല്‍ മത്തായി സുവിശേഷം വരെയുള്ള 4൦൦ വര്‍ഷക്കാലത്തെ, നിശബ്ദകാലഘട്ടം എന്നു അറിയപ്പെടുന്നു. ഗ്രീക്ക് സാമ്രാജ്യം, മക്കാബ്യ കലാപം, റോമാ സാമ്രാജ്യത്തിന്റെ ആരംഭം തുടങ്ങിയവയ്ക്ക് ഈ കാലഘട്ടം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

മാസിഡോണിയന്‍ രാജാവായ ഫിലിപ്പിനു ശേഷം മകന്‍ അലക്സാണ്ടര്‍ രാജാവായി. ഗ്രീക്ക് നാട്ടു രാജ്യങ്ങളെ ഒന്നൊന്നായി കീഴടക്കിയ അലക്സാണ്ടര്‍, ബി. സി 333-ല്‍ ഇസ്സുസ്സു് യുദ്ധത്തില്‍ പേര്‍ഷ്യന്‍ സൈന്യത്തെ പരാജയപ്പെടുത്തി . മൂന്നു വര്‍ഷം കൊണ്ട് പേര്‍ഷ്യന്‍ രാജ്യം പൂര്‍ണമായും അലക്സാണ്ടറുടെ കീഴിലായി. അലക്സാണ്ടര്‍ ബി. സി. 323-ല്‍ 33- മത്തെ വയസ്സില്‍ മരണമടഞ്ഞു. തുടര്‍ന്ന് തന്റെ 4 സൈന്യാധിപന്മാര്‍ രാജ്യം വിഭജിച്ചെടുത്തു. ബി. സി. 198 വരെ പലസ്തിന്‍ ഈജിപ്തിന്റെ ഭരണത്തിന്‍ കീഴിലായിരുന്നു. ഗ്രീക്ക് സംസ്കാരത്തിന്റെ മേന്മകള്‍ കൈനീട്ടി വാങ്ങിയ യെഹൂദ ജനം മറുവശത്ത് അതിന്റെ ചീത്ത വശങ്ങളും സ്വീകരിച്ചു. ഗ്രീക്കുകാരുടെ അനാത്‌മീയതയും, സ്വാര്‍ത്ഥതയും അഹന്തയുമാണ് നേതൃ നിര സ്വീകരിച്ചത്. ഈ സമയത്തും വിദേശസംസ്കാരത്തിന് വഴങ്ങാതെ പൈതൃകം കാത്തുസൂക്ഷിക്കുകയും എസ്രായുടെ പഠിപ്പിക്കലുകളിന്‍ പ്രകാരം വേര്‍പാട്‌ അനുഷ്ടിക്കുകയും ചെയ്ത ഒരു കൂട്ടമുണ്ടായിരുന്നു. അവരെ ഹസിദീം (ഭക്തിയുള്ളവര്‍ )എന്നു് വിളിക്കുന്നു.

സിറിയന്‍ രാജാവായ മഹാനായ അന്ത്യോക്കസ് മൂന്നാമന്‍ ബി.സി. 198-ല്‍ ഈജിപ്തിനെ തോല്‍പ്പിച്ച് പലസ്തീന്റെ ഭരണം കൈക്കലാക്കി. ഇദ്ദേഹം 187-ല്‍ മരണമടയുകയും, സെല്യൂക്കസ് ഫിലോപ്പെറ്റര്‍ രാജാവാകുകയും ചെയ്തു. പിന്നീട് ‘ഉഗ്ര ഭാവവും ഉപായബുദ്ധിയുമുള്ള ഒരു രാജാവ്‌ (ദാനിയേല്‍ 8: 23 ) ഭരണമേറ്റെടുത്തു. എപ്പിഫനാസ് എന്നറിയപ്പെട്ട അന്ത്യോക്കസ് നാലാമന്‍ എന്ന ഇദ്ദേഹം ക്രൂരതയുടെ പര്യായമായി ചരിത്രത്തില്‍ അറിയപ്പെടുന്നു.

എപ്പിഫനാസിന്റെ ദുര്ന്നടപടികല്‍ക്കെതിരെ യാഥാസ്തിതിക യെഹൂദന്മാര്‍ ചെറുത്തുനില്‍പ്പിനൊരുങ്ങി. യെരുശലെമില്‍ നിന്നും 24 കി. മി. അകലെ മോദിന്‍ ഗ്രാമത്തില്‍ എത്തിയ എപ്പിഫനാസിന്റെ പ്രതിനിധി ജാതീയ ദേവന് യഗമര്‍പ്പിക്കാന്‍ ഒരുക്കങ്ങള്‍ ചെയ്തു. ഹസ്മേനിയന്‍ കുടുംബത്തില്‍പ്പെട്ട മത്ഥിയാസ് എന്ന വൃദ്ധ പുരോഹിതനോട് യഗമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹം എതിര്‍ത്തപ്പോള്‍ മറ്റൊരു പുരോഹിതന്‍ അതിനു തയ്യാറായി. രോഷാകുലനായ മത്ഥിയാസ് അയാളെയും രാജാവിന്റെ പ്രതിനിധിയെയും കൊലപ്പെടുത്തി. യാഗപീടം നശിപ്പിച്ചതിനുശേഷം തന്റെ അഞ്ചുമക്കളുമായി പര്‍വ്വതത്തിലേക്കു് ഓടിപ്പോയി. അനേകര്‍ അവരോട് ചേര്‍ന്നു.

മത്ഥിയാസിന്റെ മരണശേഷം മൂന്നാമത്തെ മകന്‍ മക്കാബി എന്നു വിളിക്കപ്പെട്ട യൂദാസ് നേതൃത്വം ഏറ്റെടുത്തു. യൂദാസും സൈന്യവും എമ്മവൂസില്‍ വെച്ച് ഒരു മിന്നലാക്രമണത്തില്‍ സിറിയന്‍ സൈന്യത്തെ തോല്‍പ്പിച്ച് യെരുശലേമിന്റെ നിയന്ത്രണം ഏറ്റെടുത്തു. അവര്‍ ദൈവാലയം ശുദ്ധീകരിക്കുകയും ജുപ്പീറ്ററിന്റെ പ്രതിമ ഇടിച്ച് നിരത്തുകയും പുതിയ യാഗപീഠം സ്ഥാപിച്ച് ആരാധന പുനരാരംഭിക്കുകയും ചെയ്തു. അങ്ങനെയാണ് ഹസ്മോനിയന്‍ വംശം എന്ന പേരില്‍ മത്ഥിയാസിന്റെ പിന്‍ഗാമികള്‍ യിസ്രായേലില്‍ ഭരണം ആരംഭിച്ചത്. ബി.സി.63-ല്‍ റോമാക്കാര്‍് യെരുശലേം കീഴടക്കുന്നതുവരെ ഇവര്‍് ഭരണം നടത്തിയിരുന്നു. സമാധാനം അധികനാള്‍ നീണ്ടുനിന്നില്ല. സിറിയന്‍ ജനറലായ ലിസ്യാസ് മക്കാബ്യരെ തോല്‍പ്പിച്ച് യെരുശലേം തിരിച്ചു പിടിച്ചു. കലാപത്തിനു വീണ്ടും സാധ്യതയുണ്ടെന്നു മനസ്സിലാക്കിയ ലിസ്യാസ് സമാധാനത്തിനു ശ്രമിച്ചു.

യൂദാസിന്റെ എതിര്‍പ്പ് വകവയ്ക്കാതെ യഥാസ്ഥിതിക യെഹൂദന്മാര്‍ ഒത്തുതീര്‍പ്പിന് വഴങ്ങി. ഗ്രീക്ക് മിതവാദിയായ അല്സിമസ് മഹാപുരോഹിതനായി നിയമിക്കപ്പെട്ടു. എന്നാല്‍ അല്സിമസ് യഥാസ്ഥിതിക യെഹൂദന്മാരില്‍ വളരെപ്പെരെ കൊലപ്പെടുത്തി. യൂദാസും കൂട്ടരും വീണ്ടും യുദ്ധത്തിനൊരുങ്ങിയെങ്കിലും ഏറ്റുമുട്ടലില്‍് യൂദാസ് കൊല്ലപ്പെട്ടു. യൂദാസിന്റെ മരണ ശേഷം സഹോദരനായ യോനാഥാന്‍ നേതൃത്വം ഏറ്റെടുത്തു. ഈ സമയം സിറിയയില്‍ അധികാരത്തിനുവേണ്ടി ദേമെത്രിയൂസും അലകസാണ്ടര്‍ ബാലസും തമ്മില്‍ പോരട്ടമാരംഭിച്ചിരുന്നു. യോനാഥാന്‍ ശ്രദ്ധാപൂര്‍വ്വം കരുക്കള്‍ നീക്കിയതിനാല്‍ മഹാപുരോഹിതനാക്കപ്പെട്ടു,. എന്നാല്‍ ബാലസിന്റെ സൈന്യാധിപനാല്‍ ബി.സി. 142-ല്‍ യോനാഥാന്‍ വധിക്കപ്പെട്ടു. പിന്നീട് മത്ഥിയാസിന്റെ അവശേഷിച്ച പുത്രന്‍ സൈമണ്‍ നേതാവായി. സൈമന്റെ ഭരണകാലത്ത് ദേശം അഭിവൃദ്ധി പ്രാപിച്ചു. ബി.സി. 135-ല്‍ സൈമന്റെ മരുമകന്‍ അവനെയും രണ്ട് പുത്രന്മാരെയും ചതിയിലൂടെ കൊലപ്പെടുത്തി. ഇളയ പുത്രന്‍ ജോണ്‍ ഹിര്‍ക്കാനസ് വധ ശ്രമത്തില്‍ നിന്ന് രക്ഷ പെടുകയും ഭരണത്തിലേറുകയും ചെയ്തു.

ജോണ്‍ ഹിര്‍ക്കാനസിന്റെ കാലത്ത് യെഹൂദാ രാഷ്ട്രം വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും വ്യാപിച്ചു. ശെഖേമും ഗെര്സീം പര്‍വ്വതത്തിലെ ശമര്യരുടെ ദൈവാലയവും ജോണ്‍ നശിപ്പിച്ചു. ഇദ്ദേഹം ബി.സി. 105-ല്‍ മരണമടയുകയും മൂത്ത പുത്രന്‍ അരിസ്റ്റൊബുലസ് ചുരുങ്ങിയ കാലം ഭരിക്കുകയും ചെയ്തു. തുടര്‍ന്ന് അലകു്സാണ്ടര്‍ ജാനസ് രാജാവിന്റെയും മഹാപുരോഹിതന്റെയും അധികാരങ്ങളോടുകൂടി ഭരണത്തിലേറി. ഇദ്ദേഹത്തിന്റെ ദീര്‍ഘമായ ഭരണകാലം ക്രൂരതയുടെയും യുദ്ധങ്ങളുടെയും കാലഘട്ടമായിരുന്നു. ക്രൂശീകരണം ആദ്യമായി യെരുശലേമില്‍് നടപ്പാക്കിയത് ഇദ്ദേഹമാണ്. അലകു്സാണ്ടര്‍് ജാനസ് ബി.സി. 78-ല്‍ മരണമടഞ്ഞു. തുടര്‍ന്ന് അയാളുടെ വിധവ ശലോമി അലകു്സാന്ദ്രാ ഭരണം നടത്തി. ഈ സ്ത്രീയുടെ മരണശേഷം ഇളയ പുത്രന്‍ സിംഹാസനം പിടിച്ചെടുത്തു.

ബി.സി. 63-ല്‍ റോമാ സാമ്രാജ്യത്തിന്റെ തുടക്കമായി. റോമന്‍ ജനറലായിരുന്ന പോംപി യെരുശലേമില്‍ വന്ന് ഭരണം ഏറ്റെടുത്തു. 12൦൦൦ യെഹൂദന്മാരെ പോംപി കൂട്ടക്കൊല ചെയ്തു. ബി.സി. 49-ല്‍ റോമന്‍ ജനറലായ പോംപിയും ജൂലിയസ് സീസറും തമ്മില്‍ യുദ്ധം പൊട്ടിപുറപ്പെട്ടു. യുദ്ധത്തില്‍ സീസര്‍ ജയിച്ചു. പോംപി ഈജിപ്തിലേക്ക് ഓടിപ്പോയെങ്കിലും അവിടെ വച്ച് കൊല്ലപ്പെട്ടു. ജൂലിയസ് സീസര്‍ യെഹൂദന്മാരോട് അനുഭാവം കാണിക്കുകയും കരം ഇളവ് കല്‍പ്പിക്കുകയും ആരാധനാ സ്വാതന്ത്ര്യം നല്‍കുകയും പോംപി ഇടിച്ചുകളഞ്ഞ യെരുശലേമിന്റെ മതില്‍ പണിയുവാന്‍ അനുമതി നല്‍കുകയും ചെയ്തു. ബി.സി. 44-ല്‍ സീസര്‍ മരണമടഞ്ഞു. അടുത്ത വര്‍ഷം അന്റ്റ്റിപെറ്ററിനെ ശത്രുക്കള്‍ വിഷം കൊടുത്തു കൊന്നു. എന്നാല്‍ അതിനു മുന്‍പ് തന്നെ അയാള്‍ തന്റെ പുത്രന്മാരായ ഹസായെലിനെ യെരുശലേമിന്റെയും ഹെരോദാവിനെ ഗലീലയുടെയും ഗവര്‍ണര്‍മാരായി നിയമിച്ചിരുന്നു.

അലകു്സണ്ടാര്‍ ജാനസ്സിന്റെ മൂന്നാമത്തെ പുത്രനായ അല്കുസണ്ടാര്‍ക്ക് രണ്ട് മക്കള്‍ ഉണ്ടായിരുന്നു. അരിസ്റ്റൊബുലസും മരിയാനയും. ഹെരോദാവ് മരിയാനയെ വിവാഹം കഴിച്ചു. ബി.സി. 4൦-ല്‍ ആന്റിഗോണസ് പാര്‍ത്തിയന്‍ സൈന്യത്തിന്റെ സഹായത്തോടെ യെരുശലേം പിടിച്ചടക്കി. ഹിര്‍ക്കാനസിനെ ക്രൂരമായി അംഗഛേദം ചെയ്യുകയും ഹസായേലിനെ തടവിലാക്കുകയും ചെയ്തു. അയാള്‍ അവിടെ വച്ച് ആത്മഹത്യ ചെയ്തു. ഹെരോദാവകട്ടെ മരിയാനെയും അരിസ്റ്റൊബുലസിനെയും കൂട്ടി രക്ഷപെട്ട് റോമിലെത്തി.

റോമിലെത്തിയ ഹെരോദാവ് സൈന്ന്യവുമായി മടങ്ങിയെത്തി ആന്റിഗോണസിനെ വധിച്ച്‌ ഭരണത്തിലേറി. അങ്ങനെ ഹാസ്മോനിയന്‍ വംശത്തിലെ അവസാന ഭരണാധികാരിയും കൊല്ലപ്പെട്ടു. അവശേഷിച്ച മൂന്നു പേരും അധികകാലം ജീവിച്ചിരുന്നില്ല. വൃദ്ധനായ ഹിര്‍ക്കനാസും, യുവാവായ അരിസ്റ്റൊബുലസും, മരിയാനെയും ഹെരോദാവിന്റെ സംശയത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്തു.

വ്യക്തിപരമായ കഴിവുകളിലും ഭരണനേട്ടങ്ങളിലും മഹാനായിരുന്ന ഹെരോദാവ്, ക്രൂരതയുടെയും ഗൂഡ തന്ത്രങ്ങളുടെ കാര്യത്തിലും മറ്റാരെക്കാളും മികച്ചവനയിരുന്നു. ഹെരോദാവിന്റെ കാലത്ത് യെരുശലേം ദേവാലയം പുതുക്കിപ്പണിതു. (യോഹ 2: 2൦ ). ബി.സി. 4-ല്‍ ഹെരോദാവ് മരണമടഞ്ഞു. യെഹൂദാ ചരിത്രത്തിലെ നിശബ്ദ കാലഘട്ടത്തിന് വിരാമം കുറിച്ചുകൊണ്ട് ക്രിസ്തു ഭൂജാതനായി. പിതാവായ ദൈവത്തെക്കുറിച്ച് മനുഷ്യനെ ഗ്രഹിപ്പിക്കുവാനും മശിഹാ ആയിരിപ്പാനുമാണ് യേശു വന്നത്. എന്നാല്‍ യെഹൂദന്മാര്‍ അവനെ തിര്സുകരിക്കുകയാണ് ചെയ്തത്. ദൈവത്താല്‍ അയക്കപ്പെട്ട വിലയേറിയ മൂലക്കല്ലായവനെ അവര്‍് തള്ളിക്കളഞ്ഞു. 

അടഞ്ഞു കിടക്കുന്ന സ്വര്‍ണ്ണ വാതില്‍ ( Golden Gate )

യെഹൂദന്മാരും റോമന്‍ ഭരണാധികാരികളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ചു. നീറോ ചക്രവര്‍ത്തി യെഹൂദന്മാരെ അടിച്ചമര്‍ത്തുവാന്‍ ആവശ്യപ്പെട്ടു. അങ്ങനെ പലസ്തീനും യെരുശലേമും മസാദയും ഒഴിച്ചുള്ള, ഇതര ഭാഗങ്ങള്‍ കീഴടക്കി. ഇക്കാലത്ത് നീറോയുടെ ആത്മഹത്യയെ തുടര്‍ന്ന് റോമില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുകയും, ഗാല്‍ബാ, ഓഥോ, വിറ്റേലിയുസ് എന്നിവരെ തുടര്‍ന്ന് വെസ്പേഷ്യന്‍ ചക്രവര്‍ത്തിയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. എ.ഡി. 72-ല്‍ ഇദ്ദേഹത്തിന്റെ പുത്രന്‍ തീത്തോസ് യെരുശലേം വളയുകയും ചെയ്തു. ഏകദേശം 10 ലക്ഷം യെഹൂദന്മാരാണ് അഞ്ചു മാസത്തിനുള്ളില്‍് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് മാസം ആറാം തിയ്യതി റോമന്‍ സൈന്യം യെരുശലേം ദൈവാലയം ആക്രമിക്കുകയും യേശു പ്രവചിച്ചതുപോലെ കല്ലിന്മേല്‍ കല്ല്‌ ശേഷിക്കാതെ ഇടിച്ചു കളയുകയും ചെയ്തു. ഈ സംഭവത്തിനു ശേഷം, ശേഷിച്ച യെഹൂദന്മാരില്‍് ബഹു പൂരിപക്ഷവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിപ്പോയി. അങ്ങനെ നാടുവിടപ്പെട്ടവരില്‍ ചിലര്‍് കേരളത്തിലേക്കും വരികയുണ്ടായി.

ഇതിനിടയില്‍ ഉദയം ചെയ്ത മുഹമ്മദീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും പലസ്തീനിലും ഇതര പ്രദേശങ്ങളിലും നടത്തിയ അധിനിവേശ പ്രവര്‍ത്തനങ്ങളും ശ്രദ്ധേയങ്ങളാണ്. ഏഴാം നൂറ്റാണ്ടില്‍ കലീഫാ അബ്ദേദ്-മാലിക്ക് ദൈവാലയ പര്‍വ്വതത്തില്‍ മോസ്ക് സ്ഥാപിച്ചതുമുതല്‍ യെരുശലേം മുസ്ലീമുകളുടെ മൂന്നാമത്തെ വിശുദ്ധ നഗരമയിത്തീര്‍ന്നു. പോപ്പ് ഉര്‍ബ്ബാന്‍ II-ന്റെ നേതൃത്വത്തില്‍ എ.ഡി. 1൦99-നോടു കൂടി ആരംഭിച്ച കുരിശു യുദ്ധങ്ങളുടെ ഫലമായി യെരുശലേം നഗരത്തിന്റെ ആധിപത്യം ക്രിസ്ത്യാനികള്‍ വീണ്ടെടുക്കുകയും യൂറോപ്പില്‍ നിന്നുള്ള ക്രൈസ്തവ വിശ്വാസികളും ഉദ്യോഗസ്ഥരും അവിടെ താമസം ആരംഭിക്കുകയും ചെയ്തു. ധാരാളം പള്ളികളും ആശ്രമങ്ങളും സ്ഥപിച്ചതുകൂടാതെ, മോസ്ക്കുകള്‍ പള്ളികളായി രൂപാന്തരപ്പെടുത്തുകയും ചെയ്തു. അടുത്ത എണ്‍പതില്‍ പരം വര്‍ഷം യെഹൂദന്മാര്‍ക്കും മുസ്ലീങ്ങള്‍ക്കും യെരുശലേം സന്ദരശിക്കുവാനല്ലാതെ അവിടെ താമസിക്കുവാനുള്ള അനുവാദം നിഷേധിക്കപ്പെട്ടിരുന്നു.

1187-ല്‍ അയുബിയന്‍ വംശത്തിന്റെ സ്ഥാപകനായ സലാദിന്‍ യെരുശലേം കീഴടക്കി. അവിടെയുണ്ടായിരുന്ന പള്ളികള്‍ മോസ്ക്കുകളായി മാറ്റപ്പെട്ടു. യെഹൂദന്മാര്‍ക്കു് യെരുശലേമിലേക്ക് മടങ്ങി വരുവാന്‍ അനുവാദം നല്‍കി. വടക്കന്‍ ആഫ്രിക്ക, ഫ്രാന്‍സ്, ഇഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ധാരാളം പേര്‍് ഇപ്രകാരം തിരികെ വന്നു. 1192 ആയപ്പോഴേക്കും ഫ്രാന്‍സിലെ ഫിലിപ്യ അഗസ്തും, റിച്ചാര്‍ഡും ചേര്‍ന്ന് കുരിശുയുദ്ധങ്ങള്‍ വഴി ക്രൈസ്തവര്‍് പിടിച്ചടക്കിയതും സലാദിന്‍ കീഴുപ്പെടുത്തിയതുമായ സ്ഥലങ്ങള്‍ വീണ്ടെടുത്തു. യെരുശലേം വിഭജിക്കപ്പെട്ടു. ദൈവാലയം നിന്ന സ്ഥലവും അതിലുള്ള മോസ്ക്കും മുസ്ലീങ്ങളുടെ അധീനതയില്‍ തുടരുകയും നഗരത്തിന്റെ ഇതര ഭാഗങ്ങള്‍ ക്രൈസ്തവ അധീനതയില്‍ വരുകയും ചെയ്തു. 1244-ല്‍ നഗരം അവര്‍ക്ക് നഷ്ടപ്പെട്ടു.

ഈജിപ്തിലെ ഭരണാധികാരികളും മധ്യേഷ്യയില്‍ നിന്നുള്ള സൈനീക ശക്തിയുമായിരുന്ന മാമുല്‍ക്കുകള്‍ 126൦-ല്‍ യെരുശലേം കീഴ്പ്പെടുത്തി. അവര്‍ അവിടെ ഇസ്ലാം മതപാഠശാലകളായ മദ്രസ്സകളും താമസസ്ഥലങ്ങളും അവരുടെ പണ്ഡിതന്മാര്‍ക്കും തീര്‍ത്ഥാടകര്‍ക്കുമായി സ്ഥാപിച്ചു. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ആധിപത്യത്തില്‍ എത്തിച്ചേര്‍ന്ന കോണ്‍സ്റ്റാന്റിനോപ്പിള്‍, ഏഷ്യാ മൈനര്‍, യൂറോപ്പിന്റെ പല ഭാഗങ്ങള്‍, ബാള്‍ക്കന്‍ പ്രദേശങ്ങള്‍, ഈജിപ്റ്റ്‌, സിറിയ എന്നിവയ്ക്കൊപ്പം 1517-ല്‍ പലസ്തീനും അവരുടെ കീഴിലമര്‍ന്നു. മാമുല്‍ക്കുകളുടെ അധീനതയില്‍ ആയിരുന്ന യെരുശലേമും അവര്‍ പിടിച്ചെടുത്തു. സുല്‍ത്താന്‍ സുലൈമാന്‍ യെരുശലേമിന് ചുറ്റും മതിലുകള്‍ പണിതു. ഇപ്പോഴും ആ മതിലുകള്‍ അവിടെ നിലനില്‍ക്കുന്നു.

1832-നോടടുത്ത് ഈജിപ്തിലെ പാഷയായിരുന്ന മുഹമ്മദ് അലി യെരുശലേം തുറന്നു കൊടുത്തപ്പോള്‍ അവിടെ പാശ്ചാത്യ സ്വാധീനത്തിനുള്ള വാതില്‍ തുറക്കപ്പെടുകയായിരുന്നു. ക്രിസ്തീയ മിഷ്യന്‍ പ്രവര്‍ത്തങ്ങള്‍, സ്കൂളുകള്‍, പുരാവസ്തു ഗവേഷണം എന്നിവയെല്ലാം തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം അയപ്പോള്‍ യൂറോപ്പിലെമ്പാടും സയോണിസ്റ്റ് ചിന്താഗതി പ്രബലപ്പെടുകയും അത് ഒരു പ്രസ്ഥാനമായി രൂപാന്തരപ്പെടുകയും ചെയ്തു. പലസ്തീനില്‍ യെഹൂദന്മാര്‍ക്കു് മാതൃരാജ്യം സ്ഥാപിക്കുക എന്നതായിരുന്നു സയോണിസ്സത്തിന്റെ ലക്ഷ്യം.

നാനൂറ് വര്‍ഷം നീണ്ടു നിന്ന ഓട്ടോമന്‍ ആധിപത്യത്തിന് 1917 ഡിസംബര്‍ 9-ന് അന്ത്യം കുറിച്ചു. രണ്ട് ദിവസത്തിനു ശേഷം ബ്രിട്ടീഷ്‌ ഫീല്‍ഡ് മാര്‍ഷലായിരുന്ന അല്ലന്‍ബി കോട്ടയ്ക്കുള്ളിലേക്ക് പ്രവേശിച്ച് യെരുശലേമിനെ പലസ്തീന്‍ രാജ്യത്തിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചു. 192൦-ലും 1929-ലും യെരുശലേമിന്റെ അധിപത്യത്തിനുവേണ്ടി അറബികളും യെഹൂദന്മാരും തമ്മിലുണ്ടായ കലാപം, 1936 –1939 കാലഘട്ടത്തില്‍് തുറന്ന യുദ്ധത്തിലേക്കാണ് നയിച്ചത്.

1939-1945 കാലത്ത് അഡോള്‍ഫ് ഹിറ്റ്ലറിന്റെ നേതൃത്വത്തില്‍ നടന്ന അതിക്രൂരമായ പീഡനത്തില്‍ ഏകദേശം അറുപത് ലക്ഷം യെഹൂദന്മാര്‍ നിര്‍ദയം വധിക്കപ്പെട്ടു. രണ്ടാം ലോക മഹാ യുദ്ധത്തിനുശേഷം യിസ്രായേല്‍ രാഷ്ട്ര സ്ഥാപനത്തിന് അനുകൂലമായി ലോകമെമ്പാടും അഭിപ്രായം രൂപികരിക്കപ്പെട്ടു. 1947 നവംബറോടുകൂടി യഹൂദന്മാരും അറബികളും തമ്മിലുള്ള പോര് മൂര്‍ദ്ധന്യാവസ്തയിലെത്തിയാതിനാല്‍ ഐക്യ രാഷ്ട്ര സംഘടനയുടെ ഇടപെടല്‍ അനിവാര്യമായിത്തീര്‍ന്നു. ഒത്തുതീര്‍പ്പ് വ്യാവസ്ഥ എന്ന നിലയില്‍ യെരുശലേം നഗരം ഒരു അന്താരാഷ്ട്ര നഗരമാക്കുവാന്‍ തീരുമാനിച്ചു. യോര്‍ദാന്‍ നദിയുടെ പടിഞ്ഞാറുഭാഗം പലസ്തീന്‍ അറബികള്‍ക്കും യെഹൂദന്മാര്‍ക്കുമായി രണ്ടായി വിഭാജിക്കുവാനും തീരുമാനമായി. ഈ പദ്ധതി യഹൂദന്മാര്‍ അംഗീകരിച്ചെങ്കിലും അറബികള്‍ തള്ളിക്കളഞ്ഞു.

ബ്രിട്ടീഷ് സൈന്യം പിന്‍വാങ്ങിയ 1948 മെയ് 19 ന് യെഹൂദന്മാര്‍് യിസ്രായേല്‍ എന്ന സ്വതന്ത്രരാജ്യം പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം തന്നെ ഇറാക്ക്, ലെബനോന്‍, സിറിയ, യോര്‍ദാന്‍, ഈജിപ്ത്ത് എന്നീ രാജ്യങ്ങളുടെ സഖ്യസൈന്യം യിസ്രായേലിനെ ആക്രമിച്ചു. ഡിസംബറില്‍ യിസ്രായേല്‍ സ്വതന്ത്രമായിത്തീര്‍ന്നു. എന്നാല്‍ യോര്‍ദാന്‍ സൈന്യം വെസ്റ്റ് ബാങ്കില്‍ നിലയുറപ്പിക്കുകയും, ഗാസാ സ്ട്രിപ് ഈജിപ്ത്ത് കൈവശം വയ്ക്കുകയും ചെയ്തു. 1949-ല്‍ ഉണ്ടായ വെടിനിര്‍ത്തല്‍ ഉടമ്പടി പ്രകാരം നഗരം വിഭജിക്കപ്പെട്ടു. യെരുശലേം നഗര മതിലിനു ചുറ്റുമുള്ള ആരാധനാലയങ്ങള്‍ യോര്‍ദാന്‍ കൈവശം വച്ചു. 1956-ല്‍ സീനായി ആക്രമണത്തിലൂടെ ഈജിപ്തിനുമേല്‍ യിസ്രായേല്‍ ശീഘ്രവിജയം നേടുകയുണ്ടായി. 1967 ജൂണ്‍ 5 ന് ആറു ദിന യുദ്ധം ( 6 Days War) പൊട്ടിപ്പുറപ്പെട്ടു. ഈ യുദ്ധത്തില്‍ യെഹൂദ്യ, ശമര്യ, ഗാസാ, ഗോലാന്‍ കുന്നുകള്‍ എന്നിവ യിസ്രായേല്‍ പിടിച്ചെടുത്തു. യെഹൂദന്മാര്‍ക്ക് വിലാപ മതിലിങ്കല്‍ നിന്ന് പ്രത്ഥിക്കുന്നതിനുള്ള അവസരം തുറന്നു കിട്ടിയതും ഈ യുദ്ധത്തിലൂടെ ആയിരുന്നു.

1973-ലെ വിശുദ്ധ ദിനമായ യോംകിപ്പൂരില്‍ യിസ്രായേലിനെ ആക്രമിക്കാന്‍ സിറിയയും ഈജിപ്തും യുദ്ധ മുഖം തുറന്നു. മൂന്നാഴ്ച്ചക്ക് ശേഷം പിന്‍വാങ്ങല്‍ കരാറില്‍ ഏര്‍പ്പെട്ടുകൊണ്ട് യിസ്രായേല്‍ സൈന്യം അവരെ തിരിച്ചോടിച്ചു. സീനായി ഈജിപ്തിന് തിരിച്ചു നല്‍കുന്ന ചരിത്ര പ്രധാനമായ ഉടമ്പടി 1979 മാര്‍ച്ചില്‍് യിസ്രായേലും ഈജിപ്തും തമ്മില്‍ ഒപ്പുവച്ചു. 1991-ല്‍ ഇറാക്ക് സൈന്യം സദ്ദാം ഹുസൈന്‍റെ നേതൃത്വത്തില്‍ കുവൈത്ത് അക്രമിച്ചതുമായുള്ള ബന്ധത്തില്‍, അമേരിക്കയും ഒരു പറ്റം സഖ്യ കക്ഷികളും ഇറാക്കുമായി നടത്തിയ യുദ്ധത്തില്‍ യിസ്രായേല്‍ പങ്കാളിയല്ലാതിരുന്നിട്ടും അവര്‍ക്കെതിരെ ഇറാക്ക് മിസൈല്‍ ആക്രമണം നടത്തി. (ചരിത്ര വിവരങ്ങള്‍ക്ക് കടപ്പാട് : സത്യം ദ്വിഭാഷാ പഠന ബൈബിള്‍ )

യിസ്രായേലും പാലസ്തീനും തമ്മിലുള്ള പ്രശ്നങ്ങള്‍, രാഷ്ട്രീയമായി പരിഹരിക്കപ്പെടാതെ മദ്ധ്യപൂര്‍വ്വദേശത്തെങ്ങുമുള്ള സമാധാനത്തിനു തടസ്സമായി ഇന്നും തുടരുകയാണ്. ഇടതടവില്ലാതെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സൈനീക ഇടപെടലുകളും തീവ്രവാദി ആക്രമണങ്ങളും നിത്യേന സാധാരണക്കാരായ നിരവധി ആളുകളുടെ ജീവനും സമ്പത്തുമാണ് അപഹരിച്ചുകൊണ്ടിരിക്കുന്നത്. യെരുശലേമിന്റെ സമാധാനത്തിനായി നമുക്കും പ്രാര്‍ത്ഥിക്കാം എന്ന ആഹ്വാനത്തോടെ ഹാനി തന്‍റെ ചരിത്ര വിവരണം അവസാനിപ്പിച്ചു. ചരിത്രത്തിലൊന്നും വലിയ താല്പര്യമില്ലാത്ത പലരും നല്ല ഉറക്കത്തിലായിരുന്നു. ഞങ്ങള്‍ യെരുശലേമിനോട് അടുത്ത് കൊണ്ടിരിക്കുന്നു. യഹൂദാമല നിരകളിലൂടെയാണ് ഇപ്പോള്‍ യാത്ര ചെയ്തുകൊണ്ടിരിക്കുന്നത്. ‘വെല്‍കം ടു യെരുശലേം’ എന്ന ബോര്‍ഡ് കണ്ടതും “ യെരുശലേമെന്‍ ഇമ്പവീട്.... എപ്പോള്‍ ഞാന്‍ ചെന്ന് ചേരും...” എന്ന ഗാനം ആരുടെയോ നാവില്‍ നിന്നും ഉയര്‍ന്നു വന്നു. എല്ലാവരും അതേറ്റുപാടിയപ്പോള്‍ ബസ്സിനുള്ളില്‍ ആരാധനയുടെ അന്തരീക്ഷം സംജാതമായി.

(തുടരും)   

ഗൈഡ് ഹാനി ലേഖകന്റെ കുട്ടികള്‍ക്കൊപ്പം 

Click to read previous: Part 1Part 2Part 3Part 4Part 5Part 6Part 7, Part 8.


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,957

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 474923 Website Designed and Developed by: CreaveLabs