ഇവര്‍ നിങ്ങളുടെ സ്നേഹ സദ്യകളില്‍ മറഞ്ഞു കിടക്കുന്ന പാറകള്‍- കെ.എം.ജോസ് വീയപുരം

Voice Of Desert 9 years ago comments
ഇവര്‍ നിങ്ങളുടെ സ്നേഹ സദ്യകളില്‍ മറഞ്ഞു കിടക്കുന്ന പാറകള്‍- കെ.എം.ജോസ് വീയപുരം

അവര്‍  കയീന്റെ വഴിയില്‍ നടക്കുകയും കൂലി കൊതിച്ച് ബിലെയാമിന്റെ വഞ്ചനയില്‍ തങ്ങളെത്തന്നെ ഏല്പിക്കയും, കോരഹിന്റെ മത്സരത്തില്‍ നശിച്ചു പോകയും ചെയ്യുന്നു. ഇവര്‍ നിങ്ങളുടെ സ്നേഹ സദ്യകളില്‍ മറഞ്ഞു കിടക്കുന്ന പാറകള്‍( യൂദാ 11, 12). വേദപുസ്തകത്തിലെ ചെറിയ ലേഖനങ്ങളുടെ കൂട്ടത്തില്‍ എണ്ണപ്പെടുന്ന ഒരു ലേഖനമാണ് യൂദായുടെ ലേഖനം.ഇതിന്റെ എഴുത്തുകാരന്‍ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ സഹോദരന്‍ എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. കേവലം 25 വാക്യങ്ങളെക്കൊണ്ട് വിശുദ്ധ യൂദാ ലേഖനം അവസാനിപ്പിക്കുന്നുവെങ്കിലും  ഇതിലെ ഓരോ വാക്യങ്ങളും വളരെ ചിന്തനീയമാണ്. പഴയ നിയമത്തിലെ പല വിശുദ്ധന്മാരെയും കൂടുതലായി നമുക്ക് പരിചയപ്പെടുത്തിത്തരുന്നതും യൂദായുടെ ലേഖനത്തില്‍ കൂടിയാണ്! ആദാം മുതല്‍ എഴാമനായ ഹാനോക്കിനെ കേവലം ഒറ്റ വാക്യത്തില്‍ ഉത്പത്തി പുസ്തകം നമുക്ക് പരിചയപ്പെടുത്തുമ്പോള്‍, ഹാനോക്ക് അന്ത്യന്യായവിധിയെക്കുറിച്ച് പ്രവചിച്ച ഒരു പ്രവാചകനായിരുന്നു എന്നും മറ്റുമുള്ള വിഷയങ്ങള്‍  യൂദാ ദൈവാത്മാവില്‍ കൂടി  നമുക്ക് വെളിപ്പെടുത്തിത്തരുന്നു.

 എന്നാല്‍ 12-)൦ വാക്യത്തിന്റെ ആദ്യ ഭാഗം മാത്ര൦ ചിന്താവിഷയമാക്കുവാനാണ് ഞാന്‍ ദൈവാത്മാവിലാശ്രയിച്ചാഗ്രഹിക്കുന്നത്. ഇവര്‍ നിങ്ങളുടെ  സ്നേഹ സദ്യകളില്‍ മറഞ്ഞു കിടക്കുന്ന പാറകള്‍; ഈ ഭാഗം മലയാളികളായ നമുക്ക് മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്, സ്വാദിഷ്ടമാകുന്ന ഒരു സദ്യ ഉണ്ടു കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഇടയില്‍ ചോറില്‍ മറഞ്ഞുകിടക്കുന്ന ഒരു പാറക്കഷണം കടിച്ചാല്‍ നാം കഴിച്ചു കൊണ്ടിരിക്കുന്ന ആ സദ്യയുടെ മുഴുവന്‍ സ്വാദും , നല്ല ഒരു സദ്യ കഴിച്ചു എന്നുള്ള സംത്യപ്തിയുമെല്ലാം ഇല്ലാതാവും. ഇത്ര സ്വാദിഷ്ടകരമായ ഒരു ഭോജനം നാം കഴിച്ചിട്ടും അതിന്റെ സംത്യപ്തിയു൦ അതിന്റെ സ്വാദും നഷ്ടമാക്കിയതോ – കേവലം മറഞ്ഞു കിടന്ന ചെറിയ ഒരു പാറക്കഷണം-

പ്രീയമുള്ള ദൈവജനമേ- നമ്മുടെ ഓരോരുത്തരുടെയും ആത്മീയ ജീവിതത്തിലും ഇതു പോലെ മറഞ്ഞു കിടക്കുന്ന അനേകം  പാറകളുണ്ട്. നമ്മുടെ ആത്മീയ ശുശ്രൂഷകളില്‍, നമ്മുടെ ആത്മീയ സഹോദരങ്ങളെ സ്നേഹിക്കുന്ന സ്നേഹ സത്ക്കാരങ്ങളില്‍, നമ്മള്‍ ചെയ്യുന്ന നന്മ പ്രവര്‍ത്തികളില്‍ എല്ലാം മറഞ്ഞു കിടക്കുന്ന അനേകം പാറക്കഷണങ്ങള്‍ ഉണ്ട്. ഇവ പലപ്പോഴും സുഗമമായ നമ്മുടെ ആത്മീയ യാത്രയ്ക്ക് തടസങ്ങള്‍ സ്യഷ്ടിക്കുന്നു. നമ്മുടെ ശുശ്രൂഷകളില്‍ കല്ലു കടിക്കുന്ന അനുഭവങ്ങള്‍ ഉണ്ടാക്കുന്നു! നമ്മുടെ ആത്മീയ ജീവിതത്തിലെ സാക്ഷ്യം പലപ്പോഴും നഷ്ടമാക്കിക്കളയുന്നു-! പലപ്പോഴും നാം ദുഷിക്കപ്പെടുന്നു. ഇതിനെല്ലാം ഈ മറഞ്ഞു കിടക്കുന്ന പാറകള്‍ ഹേതുവായി ഭവിക്കുന്നു! ഈ പാറകള്‍ കണ്ടു പിടിക്കാന്‍ വളരെ പ്രയാസമാണ്- കാരണം ഇത് മറഞ്ഞു കിടക്കുന്നു എന്നുള്ളതാണ്. നമ്മുടെ നയനങ്ങള്‍ക്ക് ഇവ പലപ്പോഴും ഇത് ദ്യഷ്ടി ഭവിക്കുന്നില്ല. ഉദാഹരണത്തിനു കിഴക്കന്‍ നാടുകളിലെ പുഴകളില്‍ വെള്ളത്തിന്റെ അടിയില്‍ മറഞ്ഞു കിടക്കുന്ന അനേക പാറളുണ്ട്- എന്നാല്‍ പുഴയുടെ മുകളില്‍ കൂടി വള്ളത്തിലോ ബോട്ടിലോ സഞ്ചരിക്കുന്ന ഒരു വ്യക്തിക്ക് ഈ പാറകള്‍ കാണാന്‍ കഴിയില്ല. എന്നാല്‍ പുഴയിലിറങ്ങി ഊളിയിട്ട് പോവുന്ന ഒരാള്‍ക്ക്‌ ഈ മറഞ്ഞു കിടക്കുന്ന പാറകളെ കാണാന്‍ കഴിയും! ഇതു പോലെ ആത്മീയരെന്നഭിമാനിക്കയും, ദൈവ മക്കളെന്നു പുകഴുകയും, ദൈവാത്മാവില്‍ ആരാധിക്കയും ചെയ്യുന്ന നമ്മില്‍ ഓരോരുത്തരിലും മറഞ്ഞു കിടക്കുന്ന ഈ പാറകളെ കണ്ടു പിടിക്കണമെങ്കില്‍ ജീവിതത്തിന്റെ ആഴങ്ങളിലേക്കിറങ്ങി ശോധന ചെയ്യുന്ന ഒരു വ്യക്തിയ്ക്കെ സാധിക്കയുള്ളൂ.

ഇനിയും എന്തൊക്കെയാണ് ഈ പാറകള്‍ എന്ന് നമുക്ക് നോക്കാം. യൂദയുടെ ലേഖനം 11 –)൦ വാക്യത്തില്‍ ചില വ്യക്തികളെ നമുക്ക് അപ്പോസ്തോലന്‍ ചൂണ്ടിക്കാണിക്കുന്നു;- അവര്‍ കയീന്റെ വഴിയില്‍ നടക്കയും കൂലി കൊതിച്ച് ബിലെയാമിന്റെ വഞ്ചനയില്‍ തങ്ങളെത്തന്നെ ഏല്പിക്കയും, കോരഹിന്റെ മത്സരത്തില്‍ നശിച്ചു പോകയും ചെയ്യുന്നു. പഴയ നിയമത്തിലെ 3 വ്യക്തികളെ അപ്പോസ്തോലന്‍ നമുക്ക് പരിചയപ്പെടുത്തിത്തരുന്നു. കയീന്‍, ബിലെയാം, കോരഹ്- ഈ 3 വ്യക്തികളുടെ പ്രത്യേകതയെന്തൊക്കെയാണ്, കയീന്‍ നീതിമാനും യഹോവ ഭക്തനുമായ സ്വന്തം അനുജന്റെ ഘാതകന്‍! അവനെ കൊല്ലുവാന്‍ കാരണമെന്ത്? ദൈവം അവന്റെ യാഗത്തില്‍ പ്രസാദിച്ചു എന്നുള്ളതാണ്.

ഹാബെലിനെക്കുറിച്ചു നാം പഠിക്കുമ്പോള്‍, ആദ്യമായി ശപിക്കപ്പെട്ട ഭൂമിയില്‍ യഹോവയുടെ നാമത്തില്‍ ഉള്ള ആരാധനയ്ക്ക് തുടക്കം കുറിച്ച  വ്യക്തിയായിരുന്നു അവന്‍. ഹാബേല്‍ ജീവിച്ചിരുന്നുവെങ്കില്‍ യഹോവയെ ആരാധിക്കുന്ന ഒരു തലമുറ ഹാബെലില്‍ നിന്നും തുടക്കം കുറിക്കുമായിരുന്നു. എന്നാല്‍ ഹാബേല്‍ കൊല്ലപ്പെട്ടത് മൂല൦ ദൈവനാമത്തിലുള്ള ഒരു സത്യാരാധന ഭൂമിയില്‍ ആരംഭിക്കാന്‍ പിന്നെയും കാലങ്ങള്‍ കാത്തിരിക്കണ്ടതായി വന്നു.പിന്നീട് ശേത്തിന്റെ കാലത്താണ്‌ യഹോവയുടെ നാമത്തിലുള്ള ആരാധന തുടങ്ങുന്നത്. ഇവിടെ നമ്മുടെ വിഷയത്തോടുള്ള ബന്ധത്തില്‍ കയീന്‍ ദൈവിക ആരാധന ഇല്ലാതാക്കിയവനാണ്, അഥവാ ആത്മീയതയെ ഇല്ലാതാക്കുന്നു കയീന്റെ സ്വഭാവം. ഈ സ്വഭാവം നമ്മുടെ ജീവിതത്തില്‍ മറഞ്ഞു കിടക്കുന്ന ഒരു പാറക്കഷണമാണ്. അപ്പോസ്തോലനായ പൌലോസ് ഇതിനെ ഒന്നു കൂടി വിശദീകരിക്കുന്നു(റോമര്‍ 7:21). അങ്ങനെ നന്മ ചെയ്യാന്‍ ഇശ്ചിക്കുന്ന ഞാന്‍ തിന്മ എന്റെ പക്കല്‍ ഉണ്ട് എന്നൊരു പ്രമാണം കാണുന്നു. പലപ്പോഴും നന്മയുടെ മേല്‍ വിജയം നേടുന്ന ഈ കയീന്റെ സ്വഭാവം നാം കണ്ടു പിടിച്ചു അതിനെ കീഴടക്കാന്‍ കഴിഞ്ഞാല്‍ നമ്മുടെ ആത്മീയ ജീവിതം വളരെ സുഗമമായുള്ളതായിത്തീരും -! രണ്ടാമത് ബിലെയാം- അനീതിയുടെ കൂലി കൊതിച്ച് നേര്‍വഴി വിട്ട് തെറ്റിയ പ്രവാചകന്‍! പലപ്പോഴും, ഈ ബിലെയാമിന്റെ സ്വഭാവം നമ്മളെ നമ്മുടെ ആത്മീയ ലോകത്തു നിന്നു തന്നെ അകറ്റി, പാപത്തിന്റെ വലിയ ഗര്‍ത്തത്തില്‍ തന്നെ കൊണ്ടെത്തിച്ചെക്കാം – പാട്ടുകാരന്‍ പാടുന്നതു പോലെ – എന്നിലും ഭക്തര്‍ എന്നിലും ശക്തര്‍ വീണു തകര്ന്നീ പോര്‍ക്കളത്തില്‍ - പ്രീയ സഹോദരാ സഹോദരി ബിലെയാമിന്റെ ഈ സ്വഭാവം നിന്നിലുണ്ടോ എന്നു ഒരു നിമിഷം ശോധന ചെയ്യൂ. ഇത് പലപ്പോഴും വെളിപ്പെടാറില്ല. സാഹചര്യം വരുമ്പോള്‍ ഈ മറഞ്ഞുകിടക്കുന്ന പാറ വെളിപ്പെട്ടു വരും. ബിലെയാം ദ്രവ്യാഗ്രഹി ആയത് സാഹചര്യം വന്നപ്പോഴാണ്. ബിലെയാമിന് സംഭവിച്ചത് നിനക്ക് ഗുണപാഠമാകട്ടെ! മൂന്നാമത് കോരഹിന്റെ മത്സരം, പൌരോഹിത്യം എന്ന സ്ഥാനമോഹം ഉള്ളിലൊതുക്കി – നാളുകള്‍ തള്ളി നീക്കിയ കൊരഹ് സാഹചര്യം വന്നപ്പോള്‍ വേറൊരു വിഷയം അവതരിപ്പിച്ചു ദൈവപുരുഷനായ മോശെയോടു മത്സരിക്കുന്നു (സംഖ്യ16:3). ഇങ്ങനെയുള്ള സ്വഭാവ വ്യക്തിത്വങ്ങള്‍ നമ്മുടെ ഉള്ളില്‍ മറഞ്ഞുകിടക്കുന്ന പാറകളാണ്, നമ്മളോട് കൂടി വിരുന്നു കഴിച്ച് ഭയം കൂടാതെ നമ്മെ തന്നെ തീറ്റുന്നവര്‍. ഈ വക സ്വഭാവങ്ങള്‍ നമ്മുടെ ആത്മീയ ജീവിതത്തില്‍ നമ്മെ ക്രമേണ പുറകോട്ടു വലിച്ച് അവസാനം നാശ ഗര്‍ത്തത്തില്‍ നമ്മെ കൊണ്ടെത്തിക്കാന്‍ ഇട വരുത്താതെ ഇത്തരം പാറകളെ കണ്ടു പിടിച്ചു നമുക്ക് ചുവടെ പിഴുതെറിയാം. അതിനായ് ദൈവം നമ്മെ സഹായിക്കട്ടെ!


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,244

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 469408 Website Designed and Developed by: CreaveLabs