യേശുവിന്‍റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര( പതിനേഴാം ഭാഗം)- ബെന്നി വര്‍ഗീസ്

Voice Of Desert 9 years ago comments
യേശുവിന്‍റെ നാട്ടിലേക്ക് ഒരു ഫെല്ലോഷിപ്പ് യാത്ര( പതിനേഴാം ഭാഗം)- ബെന്നി വര്‍ഗീസ്

ഉച്ച ഭക്ഷണത്തിന് മുന്‍പ് യെരിഹോവില്‍ എത്തണം. അവിടെയുള്ള ‘പരീക്ഷണ ഹോട്ടലിലാണ്’ (Temptation Restaurant) ഇന്നത്തെ ഉച്ചഭക്ഷണം. നാല്‍പ്പത് ദിവസം ഉപവസിച്ച യേശുകര്‍ത്താവിനെ സാത്താന്‍ പരീക്ഷിച്ച മലയ്ക്ക് അഭിമുഖമായി   സ്ഥിതിചെയ്യുന്നതു കൊണ്ടാണ് ഹോട്ടലിന് ഈ പേരിട്ടിരിക്കുന്നത്. അല്ലാതെ ഭക്ഷണം കഴിച്ച് പരീക്ഷിക്കുന്നതിനല്ല എന്ന് ഗൈഡ് ഹാനി പറഞ്ഞത് എല്ലാവരിലും ചിരിയുണര്‍ത്തി. വേണമെങ്കില്‍ ഭക്ഷണം കഴിച്ച് പരീക്ഷിക്കുന്നതിനും തയ്യാറാണെന്ന ഭാവത്തിലായിരുന്നു ചിലരെങ്കിലും.!

പരീക്ഷണ മലയിലേക്കുള്ള ദിശാസൂചിക

യെരുശലേമില്‍ നിന്നും ഏകദേശം 45കിലോമീറ്റര്‍ ദൂരമുണ്ട് യെരിഹോവിലേക്ക്. ലോകത്തിലെ ഏറ്റവും പ്രാചീന നഗരമായ യെരിഹോ സ്ഥിതിചെയ്യുന്നത് സമുദ്ര നിരപ്പില്‍ നിന്നും 258 മീറ്റര്‍ താഴ്ചയിലാണ്. ലോകത്തില്‍ മറ്റൊരിടത്തും ഇല്ലാത്ത ഒരു പ്രതിഭാസമാണിത്. 10000 വര്‍ഷങ്ങളുടെ പഴക്കമാണ് പുരാവസ്തുശാസ്ത്രന്ജര്‍  യെരിഹോവിന് നല്‍കിയിരിക്കുന്നത്. 1967 ലെ 6 ദിവസ യുദ്ധത്തിനുമുമ്പ് ജോര്‍ദാന്‍റെ അധീനതയില്‍ ആയിരുന്ന ഈ ഭൂപ്രദേശം ഇന്ന് പലസ്തീനിലാണ് സ്ഥിതിചെയ്യുന്നത്. വളരെ മനോഹരവും വിശാലവുമായ റോഡിലൂടെയാണ്‌ വാഹനം പൊയ്ക്കൊണ്ടിരിക്കുന്നത്. റോഡിനിരുവശവും ദിശാസൂചികള്‍(Sign Boards) വച്ചിട്ടുണ്ട്. സ്ഥലങ്ങള്‍ മനസ്സിലാക്കാന്‍ ഇത് വളരെ സഹായകരമാണ്.

ഈന്തപ്പനകളുടെ നഗരം എന്നാണ് യെരിഹോ അറിയപ്പെടുന്നത്. യെരിഹോ എന്ന വാക്കിന്‍റെ അര്‍ത്ഥം ‘ചന്ദ്ര നഗരം’ (City of the moon) എന്നാണ്.  വേദപുസ്തക ചരിത്രത്തില്‍ വളരെ പ്രധാന്യതയുള്ള സ്ഥലമാണ്‌ യെരിഹോ. മോവാബ് രാജാവായ എഗ്ലോന്‍ യിസ്രായേലിനെ ഭരിച്ചതും അവരെ പീഡിപ്പിക്കുകയും ചെയ്തത് ഇവിടെ നിന്നാണ്.(ന്യായ 3:13). യിസ്രായേല്‍ മക്കള്‍ ആദ്യം ആക്രമിച്ച് കീഴടക്കിയത് കനാന്യ പട്ടണമായ യെരിഹോ ആയിരുന്നു.(യോശുവ 6:1,24).ദാവീദിന്‍റെ ഭൃത്യന്മാരെ ഹാനൂന്‍ പിടിച്ച് അവരുടെ താടി പാതിചിരപ്പിച്ച് അപമാനിച്ച് വിട്ടപ്പോള്‍, അവരുടെ താടി വളരും വരെ യെരിഹോവില്‍ താമസിക്കാനാണ് ദാവീദ് അവരോട് ആവശ്യപ്പെട്ടത് (2 ശമു 4,5). ആഹാബ് രാജാവിന്‍റെ കാലത്താണ് ഈ നഗരം പുനര്‍നിര്‍മ്മിച്ചത്. ബെഥേല്യനായ ഹീയേല്‍ ആയിരുന്നു നിര്‍മ്മാതാവ്(1 രാജാ 16:34) യേശുവിന്‍റെ കാലത്തും യെരിഹോവിന് വളരെ പ്രാധാന്യത ഉണ്ടായിരുന്നു. സക്കായിയുടെ മാനസാന്തരവും, കുരുടനായ ബര്‍ത്തിമായിക്ക് സൌഖ്യം നല്‍കിയതും യെരിഹോ പട്ടണത്തില്‍ വച്ചായിരുന്നു.

ബദുവിയരുടെ ഒരു കുടുംബം 

യെഹൂദ്യ മരുഭൂമിയിലൂടെയാണ് ഇപ്പോള്‍ വാഹനം സഞ്ചരിക്കുന്നത്. പാതയോരത്ത്   ചില കുടിലുകള്‍ അങ്ങിങ്ങ് കാണാം. ഇതൊക്കെ ബെദുവിയരുടെ വീടുകളാണ്. കൂടാരം മാറ്റിമാറ്റിയടിച്ച് യാത്ര ചെയ്യുന്ന അറബ് വംശജരാണ് ഇക്കൂട്ടര്‍. പൊതുവെ ഇവര്‍ ആട്ടിടയന്മാരാണ്. വെള്ളവും പുല്‍മേടുകളും തേടി അലഞ്ഞ് സഞ്ചരിക്കുന്ന ഇവര്‍ക്ക് ഗവണ്മെന്‍റ് ഇസ്രയേല്‍ പൌരത്വം നല്‍കിയിട്ടുണ്ട്. ചില വീടുകളുടെ  മേല്‍ക്കൂരയില്‍ ‘ടെലിവിഷന്‍ ആന്ടീന’ കണ്ടത് ഞങ്ങള്‍ കൌതുകത്തോടെ നോക്കി.  വൈദ്യുതി കണക്ഷന്‍ ഇല്ലാത്ത ഈ വീടുകളില്‍ എങ്ങനെയാണ് ടെലിവിഷന്‍ പ്രവര്‍ത്തിക്കുന്നതെന്ന ചിലരുടെ ന്യായമായ സംശയത്തിനു ഹാനി മറുപടി നല്‍കി. “ഇതൊക്കെ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ടെലിവിഷനുകളാണ്” ചില കുടിലുകളുടെ സമീപം പഴഞ്ചന്‍ കാറുകളും നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ടു. നഗര ജീവിതം ഇവര്‍ ഇഷ്ടപ്പെടുന്നില്ലെന്നതു മാത്രമല്ല,  വിദ്യാഭ്യാസത്തിലും സാമൂഹിക ജീവിതത്തിലും ഇവര്‍്ക്ക് താല്‍പ്പര്യമില്ല. അത്യുഷ്ണത്തിലും തീവ്രമായ തണുപ്പിലും ഇതേ ജീവിത രീതി ഇവര്‍ തുടരുന്നു. ദുരിതങ്ങളിലും പരാധീനതകളിലും ഇവര്‍ സന്തുഷ്ടരാണ്. നമ്മുടെ നാട്ടിലൊക്കെ കാണുന്ന നടോടികളില്‍ നിന്നും കുറച്ചുകൂടി ‘ഹൈടെക്ക്’ ജീവിത രീതിയാണ്‌ ഇവരുടെ.

യേശു പറഞ്ഞ നല്ല ശമര്യാക്കാരന്‍റെ ഉപമയുടെ പശ്ചാത്തലം യെരിഹോവില്‍ നിന്നും യെരുശലേമിലേക്കുള്ള ഈ പാതയാണ്. ആ ഉപമയുടെ ഓര്‍മ്മയ്ക്കായി ‘നല്ല ശമര്യക്കാരന്‍റെ സത്രം’ (Good Samaritan Inn) എന്ന ഒരു ബോര്‍ഡ് വലതുവശത്ത് കണ്ടു. ഈ പേരിലാണ് ഇന്നീ സ്ഥലം അറിയപ്പെടുന്നത്. ഇന്നിവിടെ ചെറിയ ഒരു മ്യൂസിയമുണ്ട്. കൂടാതെ ഒരു ഹോട്ടലിന്‍റെ പണി നടന്നുകൊണ്ടുമിരിക്കുന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ ‘500’ എന്നെഴുതിയ ഒരു നീല ബോര്‍ഡ് ഇടത്ത് വശത്ത് കണ്ടു. സമുദ്രനിരപ്പില്‍ നിന്നും ‘500’ മീറ്റര്‍് ഉയരത്തിലാണ് ഈ സ്ഥലം എന്ന് സൂചിപ്പിക്കുന്ന ബോര്‍ഡാണത്. പിന്നീട് ‘300’, ‘150’ എന്ന ബോര്‍ഡ്കളും കണ്ടു. ‘0’ ലെവല്‍ എന്നെഴുതിയ ബോര്‍ഡിന്‍റെ ഫോട്ടോ എടുക്കാനുള്ള   സൌകര്യാര്‍ത്ഥം ബസ്സ് വളരെ പതുക്കെ നീങ്ങികൊണ്ടിരുന്നു. അതിവേഗ പാത ആയതുകൊണ്ട് അവിടെ ബസ്സ് നിര്‍ത്തുന്നത് പ്രായോഗികമല്ല. 

നല്ല ശമാര്യക്കാരന്‍റെ സത്രവും, ‘0’ ലവല്‍ അടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലവും

കുറച്ച് മുന്‍പോട്ട് ചെന്നപ്പോള്‍ ഇടത്തുവശത്തേക്ക് ദിശ കാണിച്ചുകൊണ്ട്  ‘യെരിഹോം’ എന്ന ബോര്‍ഡ് കണ്ടു. വലത് വശത്തേക്ക് കാണുന്ന പാത അല്ലന്ബി പാലത്തിലേക്കാണ്. 1917-ല്‍ ബ്രിട്ടീഷ്‌ ജനറലായിരുന്ന അലന്‍ബിയാണ് ഈ   പാലം നിര്‍മ്മിച്ചത്. ജോര്‍ദാനും യിസ്രായേലും തമ്മില്‍ അതിര്‍ത്തി പങ്കുവയ്ക്കുന്ന പ്രധാനപ്പെട്ട പാലമാണിത്. മറ്റൊന്ന് നമ്മുടെ യാത്രയില്‍ നാം അതിര്‍ത്തികടന്ന ഷേക്ക്‌ ഹുസ്സയിന്‍ പാലമാണ്.

ഇപ്പോള്‍ നാം സഞ്ചരിക്കുന്ന പ്രദേശം സമുദ്ര നിരപ്പില്‍ നിന്നും 200 മീറ്റര്‍ താഴ്ച്ചയിലാണെന്ന് രേഖപ്പെടുത്തിയ ബോര്‍ഡ് കണ്ടു. ഇടതുവശത്തായി പലസ്തീന്‍ അഭയാര്‍ഥികള്‍ക്ക്  താമസിക്കുന്നതിനായി യു.എന്‍ പണികഴിപ്പിച്ചിരിക്കുന്ന ധാരാളം വീടുകള്‍. സ്കൂളും മറ്റ് സൌകര്യങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്. ഒരു പട്ടാള ചെക്ക് പോസ്റ്റ് കടന്ന് ഞങ്ങള്‍ മുന്‍പോട്ട് നീങ്ങി. പലസ്തീന്‍ ചെക്ക്പോസ്റ്റ് ആയതുകൊണ്ട് പ്രത്യേക പരിശോധനയൊന്നും ഉണ്ടായില്ല. ഭൂപ്രകൃതിയും, ചുറ്റുപാടും, ശിഥിലമായ ഒരു പഴയ പട്ടണത്തിന്‍റെ പ്രതീതി ജനിപ്പിക്കുന്നതായിരുന്നു. ഇവിടെ നാം ആദ്യം സന്ദര്‍ശിക്കുന്നത് സക്കായി കയറിയതെന്ന് വിശ്വസിക്കപ്പെടുന്ന കാട്ടത്തിമരമാണ്. യെരിഹോവില്‍ നിന്നും യെരുശലേമിലേക്കുള്ള വഴിയില്‍ ഒരു നാല്‍ക്കവലയിലാണ്   ഈ അത്തിമരം നില്‍ക്കുന്നത്. യേശു പല തവണ ഈ വഴിയിലൂടെ സഞ്ചരിച്ചിരുന്നതായി നാം വായിക്കുന്നു. അത്തരമൊരു യാത്രയിലാണ് യേശു സക്കായിയെ പരിചയപ്പെടുന്നത്. കുറിയവനായിരുന്ന ഈ കരം പിരിവ്കാരന്   ജനക്കൂട്ടത്തിന്‍റെ ഇടയില്‍ നില്‍ക്കുന്ന  യേശുവിനെ കാണുവാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ട് സക്കായി കാട്ടത്തിമേല്‍ കയറുകയും യേശു അവനെ തിരിച്ചറിയുകയും, അന്ന് അവന്‍റെ വീട്ടില്‍ പാര്‍ക്കുകയും ചെയ്തു. അതോടെ മാനസാന്തരം വന്ന സക്കായി തന്‍റെ വസ്തുവകയില്‍ പാതി ദരിദ്രര്‍ക്ക് കൊടുക്കുകയും, ചതിവായി വാങ്ങിയതിന്‍റെ നാലു മടങ്ങ്‌ മടക്കി കൊടുത്ത് കര്‍ത്താവിന്‍റെ രാജ്യത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. (ലൂക്കോസ് 19:8)

    

 സക്കായിയുടെ കാട്ടത്തിമരം

ചുവട് കേടുവന്ന ഈ പുരാതന മരത്തിന്‍റെചുറ്റും ഇരുമ്പ് വേലി കെട്ടി സംരക്ഷിച്ചിട്ടുണ്ട്. ഈ മരത്തിനോട് ചേര്‍ന്നുള്ള റോഡിന് ചുറ്റും വഴിയോര കച്ചവടക്കാരാണ്. ഷാളും, ഈത്തപ്പഴവും, മുത്തുമാലയും മറ്റും വില്‍ക്കുന്നവരും തരം കിട്ടിയാല്‍ നമ്മുടെ പേഴ്സ് അടിച്ചുമാറ്റുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇറങ്ങി ഫോട്ടോ എടുത്തത്തിനുശേഷം ഞങ്ങള്‍ അടുത്ത സ്ഥലത്തേക്ക് നീങ്ങി.

ഇനി ഉച്ചഭക്ഷണമാണ്. അധികം ദൂരത്തല്ലാത്ത ‘പരീക്ഷണ ഹോട്ടലിലാണ്’ ഉച്ചഭക്ഷണം. താഴെ ഷോപ്പിംഗ്‌ സെന്‍ററും മുകളില്‍ വളരെ വിശാലമായ ഭക്ഷണ ശാലയും. ഒരേസമയം ധാരാളം ആളുകള്‍ക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം അവിടെയുണ്ട്. പതിവുരീതി പോലെ ഇന്ത്യക്കാര്‍ക്കുള്ള ഇരിപ്പിടസ്ഥലം   പ്രത്യേകമാണ്. ഹോട്ടലിന്‍റെ പേരുപോലെതന്നെ ഒരു പരീക്ഷണമായിരുന്നു ഭക്ഷണവും! ഭക്ഷണ ശേഷം താഴത്തെ ഷോപ്പിങ്ങ് സെന്‍റെറില്‍ ഞങ്ങള്‍ കയറി. ചാവുകടലിലെ ഉല്‍പ്പന്നങ്ങളുടെ ഒരു വലിയ ശേഖരം അവിടെ ഉണ്ടായിരുന്നു. സോപ്പ്, വിവിധ യിനം ക്രീമുകള്‍, ചാവുകടലിലെ ഉപ്പ്, ചെളി കൂടാതെ വിവിധ തരം ഈത്തപ്പഴം, അത്തിപ്പഴം എന്നിവയെല്ലാം മനോഹരമായ പായ്ക്കറ്റുകളില്‍ അവിടെ ലഭ്യമായിരുന്നു. വില അല്‍പ്പം കൂടുതലാണ്. ഒരു പായ്ക്കറ്റ് ചെളിക്ക് 8 അമേരിക്കന്‍ ഡോളര്‍! (ഏകദേശം 500 രൂപാ) ഹോട്ടലിന് പുറത്ത് യെരിഹോവിലെ പഴവര്‍ഗ്ഗങ്ങളുടെ ഒരു വലിയ സ്റ്റാളും ഉണ്ടായിരുന്നു.

  ചാവുകടല്‍ ഉല്‍പ്പന്നങ്ങള്‍

ഈ ഹോട്ടലിന്‍റെ എതിര്‍ഭാഗത്ത് എലീശായുടെ പേരിലുള്ള ഒരു ജലധാര കണ്ടു. എലിയവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം, ജോര്‍ദാന്‍ കടന്ന് യെരിഹോവി ലെത്തിയ എലീശയോടു ജനം അവിടുത്തെ വെള്ളം കുടിക്കുവാന്‍ നന്നല്ലെന്ന് പരാതി പറഞ്ഞു. തുടര്‍ന്ന് എലീശ ഉപ്പ് തളിച്ച് വെള്ളം ശുദ്ധമാക്കി. ആ നീരുറവയാണിതെന്നു വിശ്വസിക്കപ്പെടുന്നു.

എലീശാ ജലധാര

അടുത്ത സന്ദര്‍ശന സ്ഥലമായ പരീക്ഷണ മലയിലേക്ക് ഞങ്ങള്‍ പുറപ്പെട്ടു. കുറച്ച് മുന്‍പോട്ട് നീക്കി വണ്ടി നിര്‍ത്തി. യോശുവയുടെ നേതൃത്വത്തിലുള്ള സൈന്യം ചുറ്റിനടന്ന്, കാഹളം ഊതുകയും യെരിഹോ മതില്‍ ഇടിഞ്ഞുവീഴുകയും ചെയ്തതിന്‍റെ (യോശുവ 6:20) അവശിഷ്ടങ്ങള്‍ അവിടെ വലതുഭാഗത്തായി കാണുവാന്‍ കഴിഞ്ഞു. ഇന്നും അവിടെ പുരാവസ്തു ഗവേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 1952 – 1958 കാലഘട്ടത്തില്‍ കാത്‌ലീന്‍ കെയലോണ്‍ എന്ന വനിതയുടെ നേതൃത്വത്തില്‍ നടന്ന ഭൂമി ഖനനത്തിലാണ് മതിലുമായി ബന്ധപ്പെട്ട ധാരാളം തെളിവുകള്‍ ലഭിച്ചത്. വാഗ്ദത്ത ദേശം ഒറ്റുനോക്കുവാനായി  ചെന്ന യിസ്രായേലി ചാരന്മാരെ സംരക്ഷിച്ച രഹാബ് എന്ന വേശ്യയുടെ വീടിന്‍റെ ഭാഗങ്ങളും കണ്ടെടുക്കപ്പെട്ട ഈ തെളിവുകളുടെ കൂട്ടത്തിലുണ്ട്. 

പരീക്ഷണ മല അഥവാ പ്രലോഭന മല അവിടെ നിന്നും അധികം ദൂരത്തിലല്ല. മലയ്ക്കു സമാന്തരമായാണ്‌ ഞങ്ങള്‍ യാത്ര ചെയ്യുന്നത്. മലയുടെ എതിര്‍ദിശയിലുള്ള ഒരു സുവനീര്‍ കടയുടെ മുന്‍പില്‍ വണ്ടി നിര്‍ത്തി എല്ലാവരും അവിടെ ഇറങ്ങി. മലയുടെ ഏതാണ്ട് മദ്ധ്യ ഭാഗം വരെ എത്തിപ്പെടാന്‍ കഴിയുന്ന കേബിള്‍ കാര്‍ സര്‍വീസ് അവിടെയുണ്ട്. 15 ഡോളര്‍ ചിലവാക്കിയാല്‍ 1300 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ കേബിള്‍ കാറില്‍ സഞ്ചരിക്കാം.

40 ദിവസത്തെ ഉപവാസത്തിനുശേഷം യേശുവിനെ പിശാച് 3 പ്രാവശ്യം പരീക്ഷിച്ചതായി മത്തായി സുവിശേഷം നാലാം അദ്ധ്യായത്തില്‍ വായിക്കുന്നു.(4:8) അതില്‍ രണ്ട് പരീക്ഷകള്‍ നടന്നത് ഈ മലയിലാണെന്ന് കരുതുന്നു. സമുന്ദ്രനിരപ്പില്‍ നിന്നും ഏകദേശം 1200 അടി ഉയരത്തിലാണ് ഈ മല. പിശാച് യേശുവിനെ മലയില്‍ കൊണ്ടുവന്ന് നിര്‍ത്തിയിട്ട്, ലോകം മുഴുവന്‍ കാണിച്ചു. വീണ് എന്നേ നമസ്ക്കരിച്ചാല്‍ ഇതൊക്കെയും നിനക്ക് തരാം എന്ന് പറഞ്ഞു. കല്ല്‌ അപ്പമാക്കുവാന്‍ 

 പ്രലോഭന മല (Mount of Temptation)

ആവശ്യപെട്ടതും ഈ മലയില്‍ വച്ച് തന്നെയാണെന്ന് വിശ്വസിക്കപ്പെടുന്നു. കര്‍ത്താവ് സാത്താനെ ആട്ടിപായിക്കുന്നതോടെ അവന്‍റെ പ്രലോഭന നാടകം അവസാനിക്കുന്നു. എന്നാല്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക്ശേഷവും ഇതേ പ്രലോഭനങ്ങളുമായി പിശാച് ഇന്ന് പലരുടേയും പുറകെ നടക്കുന്നു. ഒരു വിശുദ്ധന്‍റെ നിത്യത  നഷ്ടപ്പെടുത്തുകയാണ് അവന്‍റെ ലക്‌ഷ്യം. അതിനുവേണ്ടി ഒരു  പാക്കേജ് തന്നെ അവന്‍റെ പക്കലുണ്ട്. ആ പാക്കേജില്‍ പെട്ട ചില പ്രലോഭനങ്ങളാണ് അത്ഭുത രോഗസൌഖ്യം, വീട്, കാറ്, വിദേശയാത്ര, കവിഞ്ഞൊഴുകുന്ന അനുഗ്രഹം എന്നിവ. പലപ്പോഴും ഇവയെല്ലാം ദൈവീക വാഗ്ദത്തമാണെന്ന് തെറ്റിദ്ധരിച്ച്‌ ഈ പ്രലോഭനങ്ങളുടെ പുറകെ പോകുന്ന വിശ്വാസികളാണ് ഈശോമശിഹയെ വീണ്ടും ക്രൂശില്‍ കയറ്റുന്നവര്‍. കര്‍ത്താവ് അന്ന് വേണ്ടെന്നു വച്ചതൊക്കെയാണ് ഇന്ന് നമുക്ക് ഏറ്റവും പ്രധാനപ്പട്ടത്. വേണമെങ്കില്‍ ഇതൊക്കെ നേടാനായി ഇരുപത്തൊ ന്നൊ നാല്‍പ്പത്തൊന്നൊ ദിവസം ഉപവസിക്കാനും ആളുകള്‍ തയ്യാര്‍.!!   

യേശു 40 ദിവസം ഉപവസിച്ചിരുന്നതെന്ന് കരുതുന്ന ഒരു ഗുഹ ഈ മലയിലുണ്ട്. ആ ഗുഹയോട് ചേര്‍ന്ന് ഇന്നൊരു ഗ്രീക്ക് ഓര്‍ത്തഡോക്സ് സന്യാസാശ്രമം ഉണ്ട്. ആശ്രമത്തിന്‍റെ വലതുഭാഗത്തായി ഒരു ഹോട്ടലും. ഈ മലയുടെ താഴ്‌വാരത്തില്‍ പല തരത്തിലുള്ള കൃഷികള്‍ ചെയ്തിരിക്കുന്നത് കാണാം. 

പ്രലോഭന മലയിലെ കേബിള്‍ കാര്‍ സര്‍വ്വീസ്

സുവനീര്‍ ഷോപ്പിലെ ജീവനക്കാര്‍ നമ്മുടെ യാത്രാസംഘത്തിലുള്ളവര്‍ക്ക് നാരങ്ങാവെള്ളം വിതരണം ചെയ്യുന്നുണ്ടായിരുന്നു. വില വാങ്ങതെയുള്ള ഈ  വിതരണം ചെയ്യല്‍ എന്തിനെന്ന് ചിലരെങ്കിലും തിരക്കി. സുവനീര്‍ ഷോപ്പിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കാനുള്ള ഒരു ചെറിയ തന്ത്രമായിരുന്നു ഈ ജൂസ് വിതരണം.! അത്യാവശ്യം ചില ഷോപ്പിങ്ങ് പലരും നടത്തി. യെരിഹോവിലെ മുന്തിയ ഇനം ഈന്തപ്പഴത്തിനായിരുന്നു കൂടുതല്‍ ഡിമാന്‍ഡ്. പലസ്തീനില്‍ വാറ്റ് ടാക്സ് ഇല്ലാത്തതിനാല്‍ സാധനങ്ങള്‍ക്ക് ചെറിയ ഒരു വിലക്കുറവ് തോന്നി.   അടുത്ത യാത്രയ്ക്കായി ഞങ്ങള്‍ വാഹനത്തിലേക്ക് കയറി (തുടരും) 

Click to read previous: Part 1Part 2Part 3Part 4Part 5Part 6Part 7Part 8Part 9Part ​10, Part 11.part 12,part 13,part14,part -part 15

 

 

 

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,774

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 451699 Website Designed and Developed by: CreaveLabs