സഫലമീ ജീവിതം: എൽ.സാം അനുസ്മരണം.

Voice Of Desert 5 years ago comments
സഫലമീ ജീവിതം: എൽ.സാം അനുസ്മരണം.

എക്കാലവും ക്രൈസ്തവ സാഹിത്യ ലോകം നെഞ്ചിലേറ്റി ആദരിക്കുന്ന എ ല്‍ സാം സാറിന്റെ വിയോഗത്തി ല്‍ ഗുഡ് ന്യൂസ്‌ ഓ ണ്‍ ലൈനിലൂടെ പ്രതികരിച്ചവരുടെ സന്ദേശങ്ങളില്‍ ചിലത് :

സുവി.എൽ.സാം ക്രൈസ്തവ സാഹിത്യ മണ്ഡലത്തിലെ സൗമ്യനായ എഴുത്തുകാരൻ:- ഐ.പി.സി.ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി.ജോൺ

തിരുവല്ല: ക്രൈസ്തവ സാഹിത്യ മണ്ഡലത്തിലെ സൗമ്യ സാന്നിദ്ധ്യ മായിരുന്നു എൽ.സാം സാർ. അദ്ദ്ദേഹത്തിന്റെ രചനകളെല്ലാം ക്രിസ്തു കേന്ദ്രീകൃതമായിരുന്നു.
ക്രിസ്തുവിന്റെ ക്രൂശീകരണവും ക്രിസ്തുവിലൂടെയുള്ള നിത്യ രക്ഷയും അദ്ദേഹത്തിന്റെ ലേഖനങ്ങളിലും വാക്കുകളിലും മുന്നിട്ടു നിന്നിരുന്നു.
അദ്ദേഹത്തിന്റെ നല്ല പെരുമാറ്റ രീതികൾ എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. കഴിവുറ്റ പരിഭാഷകനും മാതൃകയുള്ള സുവിശേഷകനുമായിരുന്നു അദ്ദേഹം.
എൽ.സാം സാറിന്റെ ദേഹ വിയോഗം ക്രൈസ്തവ സാഹിത്യ കൈരളിക്ക് നഷ്ടം തന്നെ.
ഇന്ത്യ പെന്തെക്കോസ്തു ദൈവസഭയുടെയും എന്റെയും അടുത്ത സുഹൃത്തായിരുന്നു. 
ദുഃഖിതരായ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുന്നു.പ്രത്യാശയോടെ,   

പാസ്റ്റർ എൽ. സാമിന്റെ വിയോഗം പെന്തെക്കോസ്ത് സഭകൾക്ക് തീരാനഷ്ടം:- ഏ.ജി മലയാളം ഡിസ്ട്രിക്റ്റ് സുപ്രണ്ട് പാസ്റ്റർ പി.എസ്.ഫിലിപ്പ്

പുനലൂർ: അസംബ്ലീസ് ഗോഡ് ശുശ്രൂഷകനായിരുന്ന പാസ്റ്റർ ലാസറിന്റെ മകനായി ജനിച്ച പാസ്റ്റർ എൽ .സാമിന്റെ ആരംഭം എളിമത്വത്തിൽ നിന്നായിരുന്നു.എന്നാൽ ഉത്തമനായ വിശ്വാസിയായി ഔദ്യോഗിക ജീവിതത്തിന്റെ ഉന്നതങ്ങളിൽ എത്തിച്ചേരുവാൻ അദ്ദേഹത്തെ ദൈവം സഹായിച്ചു. മാത്രമല്ല പെന്തെക്കോസ്തു വിശ്വാസങ്ങളിൽ അടിയുറച്ച് നിന്ന് ഏ.ജി സഭയുടെ ശുശ്രൂഷകൻ, സി.എ.സെക്രട്ടറി, ഏ.ജി.ദൂതൻ മാസികയുടെ പത്രാധിപർ എന്നീ നിലകളിൽ അദ്ദേഹം സേവനം അനുഷ്ഠിച്ചു.തന്റെ അനേക വർഷങ്ങൾ കർതൃ വേലയിൽ അധ്വാനിപ്പാൻ അദ്ദേഹത്തിനു കഴിഞ്ഞു.

ദൂതൻമാസികയുടെ പ്രവർത്തനങ്ങൾക്ക് അദ്ദേഹത്തിന്റെ സംഭാവന വളരെ വിലപ്പെട്ടതാണ്. ഫുൾ ലൈഫ് സ്റ്റഡി ബൈബിളിന്റെ പരിഭാഷ ഉൾപ്പടെ നിരവധി ഈടുറ്റ ഗ്രന്ഥങ്ങൾ അദ്ദേഹം പെന്തെക്കോസ്തു സമൂഹത്തിന് സംഭാവന ചെയ്തു. യുവജന വിഭാഗമായ ക്രൈസ്റ്റ് അംബാസഡ്രഴ്സിന്റെ പ്രഥമ സെക്രട്ടറിയായി 1958-ൽ തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഒരു പതിറ്റാണ്ടിലധികം ചുമതല വഹിക്കുകയും യുവജന പ്രവർത്തനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുകയും ചെയ്തു.

എഴുത്തുകാരൻ, പ്രഭാഷകൻ, പരിഭാഷകൻ എന്നീ നിലകളിൽ ശോഭിച്ചു.അദ്ദേഹത്തിന്റെ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. എന്നെ ഒരു അനുജനെപ്പോലെ ആത്മാർത്ഥമായി സ്നേഹിച്ച ജ്യേഷOസഹോദരനായിരുന്നു അദ്ദേഹം.
പാസ്റ്റർ എൽ .സാമിന്റെ വേർപാട് പെന്തെക്കോസ്തു സമൂഹത്തിന് പ്രത്യേകിച്ച് അസംബ്ലീസ് ഓഫ് ഗോഡ് സഭകൾക്ക് വലിയ നഷ്ടം തന്നെ.പ്രത്യാശയോടെ,

 

സൌമ്യ ദീപ്തമായ എ ല്‍ സാമിന്റെ കാല്‍പ്പാടുക ള്‍ മാതൃക സമ്പന്നം;റവ ഡോ.കുഞ്ഞുമോ ന്‍  ഡാനിയേല്‍,കാനഡ

പുതിയനീയമ അപ്പോസ്തലിക-സഭാ നേതൃത്വത്തിനു  ഉത്തമ മാതൃകയാണ് എല്‍ സാം സാര്‍.ഒരു സാധാര വിശ്വാസിയായി ,ഫിലിപോസിനെ പോലെ സ്തെഫാനോസിനെ പോലെ ആത്മീക ജീവിത പടവുകള്‍ കയറി സഭയുടെ നേതൃ നിരയില്‍ എത്തിയ ഒരു എളിയ ദാസന്‍ .ഒരു പ്രസംഗകന്‍ എന്ന നിലയി ല്‍ ശക്തിയോടെ ദൈവം ഉപയോഗിച്ച മാനപാത്രം.താ ന്‍ വിശ്വസ്തതയോടെ സേവിച്ച സംഘടനയ്ക്കപ്പുറം അനേകരെ സ്വാധീനിക്കുവാ ന്‍ തനിക്കു കഴിഞ്ഞു.

ഭൂമിയോളം താഴ്മയോടും  വിനയത്തോ ടും ദൈവത്തെ സേവിച്ച സാം സാരിന്റെ നിശ്ചയധാര്‍ഢൃം ജീവിതാന്ത്യം വരെ ദൃഡതരമായിരുന്നു.പുതിയ തലമുറയ്ക്ക് മാതൃക കാട്ടിയ മികച്ച ഗ്രന്ഥ കാരനും ,സുവിശേഷകനുമായ തന്നെ എക്കാലവും ഓര്‍ക്കും.എന്റെ ‘faith in crucible’ എന്ന ഗ്രന്ഥത്തിനു അവതാ രിക എഴുതിയ പ്രിയ സ്നേഹിതന് വിട .നിത്യതയില്‍ വീണ്ടും കാണാം .എന്റെ കുടുംബത്തിന്റെയും ,കാനഡയിലെ എഫ് ജി-എജി യുടെയും ദുഃഖവും പ്രത്യാശയും രേഖ പ്പെടുത്തുന്നു.

എൽ.സാം സാറിന്റെ വിയോഗത്തിൽ ഗുഡ് ന്യൂസ് ചീഫ് എഡിറ്റർ സി.വി.മാത്യുവിന്റെ അനുസ്മരണം

കോട്ടയം: ഗുഡ്ന്യൂസ് കുടുംബത്തിലെ ഏറ്റവും മുതിർന്ന ഒരംഗത്തെയാണ് എൽ.സാം സാറിന്റെ വിയോഗത്തിലൂടെ നഷ്ടമായിരിക്കുന്നത്.

ഗുഡ്ന്യൂസിന്റെ ഒരു നല്ല മാർഗ്ഗദർശിയും ഉപദേശകനും എഴുത്തുകാരനും പത്രാധിപ സമിതിയംഗവും ആയിരുന്നു അദ്ദേഹം. സഭാതലത്തിൽ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളുടെ ദശകത്തിൽ ഗുഡ്ന്യൂസ് അദ്ദേഹത്തോടൊപ്പം നിന്ന് ആത്മീയ പിന്തുണ നല്കിയത് പലപ്പോഴും അദ്ദേഹം അനുസ്മരി ക്കാറുണ്ട്.

അവസാന നാളുവരെയും ഗുഡ്ന്യൂസുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
ദുഃഖിതരായ പ്രിയപ്പെട്ട കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുന്നു.            പ്രത്യാശയോടെ 

കാലത്തിനു മായ്ക്കാനാകാത്ത കൈയ്യൊപ്പുകൾ

ഷാജൻ ജോൺ ഇടയ്ക്കാട് (മാധ്യമ പ്രവർത്തകൻ, എഴുത്തുകാരൻ )

കേരളത്തിലെ പെന്തകോസ്ത് എഴുത്തുകാരിലെ ശ്രദ്ധേയനും മികച്ച തുമയൊരു മുന്നോട്ടക്കാരനായിരുന്നു സാം സർ. അദ്ദേഹത്തെ ഏവരും ആദരവോടെ നോക്കി കാണുന്നതാണ് ഞാൻ കണ്ടു വളർന്നത്.

പരിശീലകൻ, പ്രഭാഷകൻ, സംഘാടകൻ, എഴുത്തുകാരൻ, ചരിത്രകാരൻ, പരിഭാഷകൻ, ജീവനക്കാരൻ തുടങ്ങി ഒരേ സമയം വിവിധ മേഖലകളിൽ സൂര്യശോഭ പോലെ ജ്വലിച്ചു നിന്നു. പകരം വയ്ക്കാൻ പറ്റാത്തവണ്ണം ജനഹൃദയങ്ങളിൽ ഇരുപ്പുറപ്പിക്കുവാൻ കഴിഞ്ഞ ഭക്തനാണദ്ദേഹം.

തിരുവനന്തപുരം കൊണ്ണിയൂർ എന്ന ഗ്രാമത്തിൽ വളർത്തപ്പെട്ട് സത്യ സുവിശേഷകരായ പിതാക്കന്മാരുടെ കാൽചുവടുകൾ കണ്ട് വളർന്നത് ജീവിതത്തിൽ പച്ചയായി പകർത്തെഴുതി ജീവിച്ച ശുദ്ധനായ ഒരു ക്രിസ്തു ശിഷ്യൻ തന്നെയായിരുന്നു സാം സാർ. ജോലിയോടുള്ള ബന്ധത്തിൽ നഗരത്തിലേക്ക് പറിച്ചു നടപ്പെട്ടത്, പിൽക്കാലത്ത് യഥേഷ്ടം സഞ്ചരിച്ച് സുവിശേഷത്തിന്റെ വക്താവാകുവാൻ തുണയായി.

കരിയർ സുവിശേഷകർക്ക് ഉദാത്ത മാതൃകയാണ് സാം സാർ. അതൊര പൂർവ്വ ഭാഗ്യമാണ്. തൊഴിലിടവും പൊതു സമൂഹവും ഒരു പോലെ മിഷൻ ഫീൽഡായി കിട്ടുക എന്നത്. പബ്ലിക് സർവ്വീസ് കമ്മീഷനിലെ ഉയർന്ന സെക്രട്ടറി റാങ്കിലാണ് അദ്ദേഗം റിട്ടയർ ചെയ്യുന്നത്. അദ്ദേഹത്തിന്റെ മൂന്ന് മക്കളിൽ രണ്ട് പേരും ഡ്വൈറ്റും, ഡിലൈറ്റും സ്വകാര്യ പ്രവർത്തനങ്ങളിലാണ് ഉന്നത പഠനത്തിനു ശേഷവും ഏർപ്പെട്ടിരിക്കുന്നത്. ബ്രൈറ്റ് കേന്ദ്ര സർവ്വീസിലും. ഡ്വൈറ്റും ഞാനും ഒന്നിച്ച് വേൾഡ് വിഷനിൽ പ്രവർത്തകരായിരുന്നു. വഴിവിട്ട നീക്കങ്ങൾക്ക് ഒരു ചെറുവിരൽ പോലും അനക്കാത്ത സംശുദ്ധ ജീവിതം നയിക്കുന്നതിൽ അതീവ ജാഗ്രത യുള്ള യാളുമായിരുന്നു സാം സാർ.

തിരുവനന്തപുരത്ത് നിന്നും എന്റെ ഗ്രാമത്തിലെത്താൻ 80 കിലോ മീറ്റർ എങ്കിലും ദൂരമുണ്ട് . മുപ്പത് വർഷങ്ങൾക്ക് മുമ്പ് അവിടെ എത്തുക എന്നത് എത്രയോ ക്ലേശകരവുമാണ്. എന്നിട്ടും ജോലിക്കിടയിൽ സമയം കണ്ടെത്തി ഏതു ഗ്രാമത്തിലുമെത്തി ക്രിസ്തുവിനെയും ക്രൂശിനെയും ഉയർത്തുവാൻ വെമ്പുന്ന ജീവിതമായിരുന്നു സാം സാർ.അവിടെ എത്തി അന്നു പറഞ്ഞ വാക്കും ജീവിതവും എന്നെയും സ്വാധീനച്ചതു കൂടി കൊണ്ടാകാം ഞാനും എന്നും അദ്ദേഹത്തെ ആദരവോടെ ഓർക്കുന്നത്.

അസംബ്ലീസ് ഓഫ് ഗോഡ് സമൂഹത്തിന് എന്നും ആദരവോടു മാത്രമേ അദ്ദേഹത്തെ സ്മരിക്കുവാൻ കഴിയൂ. സഭാ പ്രവർത്തനങ്ങളിൽ പ്രത്യേകിച്ച് യുവജന സംഘടനയായ ക്രൈസ്റ്റ് അംബാസഡേഴ്സിനെ ചലനാത്മകമാക്കുന്നതിൽ അദ്ദേഹത്തിന്റെ സേവനം അനിർവചന നീയമാണ്.സർവ്വീസിൽ നിന്നുമൊരാൾ സംഘാടകനായതിന്റെ മികവിലാണ് സി.എ വളർന്നതും മാതൃകയായതും.

എഴുത്തുകാരൻ എന്ന നിലയിൽ ദൂതൻമാസികയിലും ഗുഡ് ന്യൂസിലും നിറസാന്നിദ്ധ്യമായിരുന്നു.എ.ജി.ദൂതൻമാസികയിൽ ഇത്രയധികം രചന നടത്തിയിട്ടുള്ള മറ്റാരും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ദൂതൻ പത്രാധിപ സമിതിയിലും ഏറ്റവും അധികകാലം പ്രവർത്തിച്ച മറ്റൊരാൾ ഇല്ല. ഏതൊരെഴുത്തും എത്തിച്ചേരുന്നിടം കർത്താവിന്റെ ക്രൂശിലേക്ക് തന്നെയായിരുന്നു.

ഒരിക്കൽ ഞാൻ എസക്കിയേൽ ജോഷ്വ സാറിനോട് ചോദിച്ചു, ആരുടെ പ്രഭാഷണമാണ് അങ്ങയെ ക്രിസ്തുവിലേക്കടുപ്പിച്ചത്, ഉടൻ ഉത്തരം എൽ. സാം സാർ . ലളിതമായ ശൈലിയിൽ  ഹൃദയ ഭിത്തികളിൽ കർത്താവിനെ വരയ്ക്കുന്നതിൽ വരം ലഭിച്ചിരുന്ന വ്യക്തിയായിരുന്നു സാം സാർ. എത്രയോ എസക്കിയേൽ ജോഷ്വ മാർ അദ്ദേഹത്തിലൂടെ നവ പിറവിയെടുത്തിട്ടുണ്ടാകാം.

ഫുൾ ലൈഫ് സ്റ്റഡി ബൈബിൾ ഉൾപ്പെടെ ഒരു പാട് ആംഗലേയ രചനകൾ മലയാളികൾക്ക് പരിഭാഷയിലൂടെ സമ്മാനിക്കുവാനും ആ ഭക്തന്റെ കഠിനാധ്വാനം കാരണമായിട്ടുണ്ട്. ചരിത്രകാരൻ എന്ന നിലയിലും മികച്ച സംഭാവനകൾ നല്കിയിട്ടുണ്ട് സാം സാർ.

എ.ജി. ദൂതൻ മാസികയുടെ മുഴുവൻ പ്രതികളും ബയന്റ് ചെയ്തു സൂക്ഷിക്കുന്നുണ്ടദ്ദേഹം എന്നാണെന്റ് ഓർമ്മ.

കേരള പെന്തകോസത് സമൂഹത്തിന് സമാനതകളില്ലാത്ത സംഭാവനകൾ നല്കി പിൻപറ്റേണ്ടുന്ന ഒരു വഴി തുറന്നിട്ടിട്ടാണ് അദ്ദേഹം യാത്രയായത്.

ക്രിസ്തുവിനെയും അവിടുത്തെ ക്രൂശിനെയും അതിവേഗത്തിൽ ഓടി അനേകരിലെത്തിക്കാൻ ഓടിയ ആ ഭക്തനെ ഇന്നു പുലർച്ചെ കർത്താവ് വാരിയെടുത്ത് ഇറുകെ പുണർന്ന് തന്റെ നെഞ്ചിലേക്ക് ചേർത്തണയ്ക്കുകയായിരുന്നിരിക്കാം.

എൽ.സാം സാറിനെക്കുറിച്ച് ജോർജ് മത്തായി സി.പി.എയുടെ അനുസ്മരണം

ക്രൈസ്തവ സാഹിത്യത്തിലും പരിഭാഷ മേഖലയിലും അതുല്യപ്രതിഭയായിരുന്നു നിത്യതയിൽ ചേർക്കപ്പെട്ട എൽ. സാം സാർ.
പെന്തെക്കോസ്തിലെ എല്ലാ സഭാ വിഭാഗങ്ങൾക്കും പൊതു സമ്മതനായിരുന്നു അദ്ദേഹം. ഗുഡ് ന്യൂസിലൂടെയായിരുന്നു ഞാൻ അദ്ദേഹത്തെ അടുത്തറിഞ്ഞിരുന്നത്.
എഴുത്തുകാരൻ, പ്രഭാഷകൻ, പരിഭാഷകൻ, സംഘാടകൻ എന്നീ നിലകളിൽ അദ്ദേഹം ഏറെ ശോഭിച്ചു.
സ്ഫുടതയുള്ള വാക്കുകളും ആശയഗാംഭീരത്വവും അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെയും രചനകളെയും സമ്പുഷ്ടമാക്കി.
എൽ.സാം സാറിന്റെ വിടവാങ്ങൽ പെന്തെക്കോസ്തു സമൂഹത്തിനു നഷ്ടം തന്നെ.ഐ.പി.സി നോർത്തമേരിക്കൻ ഗ്ലോബൽ മീഡിയ അസോസിയേഷന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.
ദു:ഖിതരായ കുടുംബാംഗങ്ങൾക്കായി പ്രാർത്ഥിക്കുന്നു.

 

എൽ.സാം സാറിനെ ഓർക്കുമ്പോൾ: വെസ്ളി മാത്യുവിന്റെ അനുസ്മരണം

ഞങ്ങളുടെ കുടുംബവുമായി ഏറെ ഇഴയടുപ്പമുള്ള വ്യക്‌തിയായിരുന്നു എൽ.സാം സാർ.
എന്റെ പിതാവ് വി.എം മാത്യുവിന്റെ ഹൃദയാടുപ്പമുള്ള എഴുത്തുകാരിൽ ഒരാളായിരുന്നു അദ്ദേഹം.
എന്റെ പിതാവ് വഴിയാണ് സാം സാറിനെ ഞാനും അടുത്തറിയുന്നത്.
ക്രൈസ്തവ സാഹിത്യ മണ്ഡലത്തിലെ ഒരു സൗമ്യമുഖമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ വാക്കുകളിലും എഴുത്തുകളിലും സഭാഗാത്രത്തിലെ ജീർണതകൾക്കെതിരെയുള്ള ശക്തമായ താക്കീതുകളും പഴമയിലേക്ക് മടങ്ങി വരാനുള്ള ആഹ്വാനവും ഉണ്ടായിരുന്നു.
ക്രിസ്തുവിന്റെ ക്രൂശീകരണവും അതിലൂടെയുള്ള നിത്യരക്ഷയും ആയിരുന്നു അദ്ദേഹത്തിന്റെ ഏഴുത്തിൽ മുന്നിട്ടു നിന്നിരുന്ന സന്ദേശങ്ങൾ.
ലാളിത്യം കൊണ്ടും നല്ല പെരുമാറ്റം കൊണ്ടും അദ്ദേഹം വ്യത്യസ്തനായിരുന്നു.
ശരിയായ കാര്യങ്ങൾ ഉറക്കെ പറയാനുള്ള ആർജവം അദ്ദേഹത്തിനുണ്ടായിരുന്നു.

ഞങ്ങളുടെ കുടുംബവുമായി ഏറെയടുപ്പം എൽ.സാം സാറിനും കുടുംബത്തിനും ഉണ്ടായിരുന്നു. സഭാ വളർച്ച, സഭകളുടെ ഐക്യത, ദുരുപദേശത്തിനെതിരെയുള്ള ചർച്ചകൾ, ഗുഡ്ന്യൂസിന്റെ വളർച്ച ഇവയൊക്കെ എന്റെ പിതാവുമായും സി.വി.മാത്യു സാർ, ടി.എം മാത്യു സാർ, തോമസ് വടക്കെക്കുറ്റ് എന്നിവരോടൊപ്പം എന്റെ വീട്ടിലും
ഗുഡ് ന്യൂസിലുമായി ദീർഘ സമയം ചർച്ച ചെയ്തിരുന്നതുമൊക്കെ ഞാൻ ഓർക്കുന്നു. എന്റെ വിവാഹത്തിനു എൽ സാം സാറിന്റെ സാന്നിദ്ധ്യം വിലപ്പെട്ടതായിരുന്നു.എന്റെ ജ്യേഷ്ഠ സഹോദരൻ രാജു മാത്യു സാം സാറിന്റെ ഭവനത്തിൽ ഒട്ടേറെ പ്രാവശ്യം ചെല്ലുകയും രാപാർക്കുകയും ചെയ്തിട്ടുണ്ട്.
ഗുഡ്ന്യൂസിന്റെ ചരിത്രത്തോടൊപ്പം നടന്ന ഏതാനും ചില വ്യക്തികളിൽ ഒരാളായിരുന്ന എൽ.സാം സാറിന്റെ വിയോഗത്തിൽ ഞങ്ങളുടെ കുടുംബവും ദു:ഖിക്കുന്നു.
ദു:ഖിതാരായ കുടുംബാംഗങ്ങളെ ദൈവം ആശ്വസിപ്പിക്കട്ടെ

സൗമ്യനായ സാം സാർ 

ഡാനിയേൽ ഈപ്പച്ചൻ (നാഷണൽ സെക്രട്ടറി, ചർച്ച് ഓഫ് ഗോഡ് – കെ.എസ്.എ)

സാം സാർ എന്ന് ശ്രേഷ്ഠ ദൈവഭൃത്യൻ നിത്യതയിൽ ചേർക്കപ്പെട്ട വിവരം അറിഞ്ഞപ്പോൾ മുതൽ നിരവധി അനുസ്മരണ സന്ദേശങ്ങൾ വായിച്ചു. എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നു, “അദ്ദേഹം ഒരു മഹാപ്രതിഭ ആയിരുന്നു.” എന്നാൽ ഇത്രയും വലിയ മനുഷ്യൻ ആയിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്ന വിഷയം ആണ്. അതിനു പ്രധാന കാരണം നിർവചിക്കുവാൻ കഴിയാത്ത വിധത്തിൽ ഉള്ള അദ്ദേഹത്തിന്റെ സൗമ്യത തന്നെയാണ്.

17 വർഷം മുൻപ് നടന്ന ഒരു ഐ.സി.പി.എഫ് ക്യാമ്പിൽ വെച്ചാണ് അദ്ദേഹവും ആയി ആത്മബന്ധം സ്ഥാപിക്കുന്നത്. അതിനു ശേഷം ആണ് ഞാൻ മനസ്സിലാക്കുന്നത് എൻ്റെ പിതാവും വല്ല്യപ്പച്ചനും ആയി അദ്ദേഹം ദീർഘവർഷങ്ങൾ ആയുള്ള ആത്മീയ ബന്ധം പുലർത്തിയിരുന്നു എന്നത്. തുടർന്നു അദ്ദേഹത്തിന്റെ മക്കളോട് ഒരുമിച്ചു 2005 മുതൽ 2011 വരെ തിരുവനന്തപുരത്തു പ്രവർത്തിക്കുവാൻ അവസരം കിട്ടിയപ്പോൾ അര നൂറ്റാണ്ടോളം പ്രായ വ്യത്യാസം ഉണ്ടായിരുന്ന സാം സാർ എന്ന വ്യക്തി ഏറ്റവും അടുത്ത സുഹൃത്തിനു തുല്യം എന്നെ സ്നേഹിക്കുന്ന വ്യക്തിയായി. നിരവധി സ്ഥലങ്ങളിൽ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുവാൻ അവസരം ലഭിച്ചിട്ടുണ്ട്. ക്രിസ്തുവിന്റെ സ്നേഹത്തെ അദ്ദേഹം വർണ്ണിക്കുമ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകാതെ ഒരു മീറ്ററിംഗിൽ നിന്നും എഴുന്നേൽക്കുവാൻ കഴിഞ്ഞിട്ടില്ല. 2003ൽ എൻ്റെ വല്യപ്പച്ചൻ നിത്യതയിൽ പ്രവേശിച്ച ശേഷം ഞങ്ങളുടെ കുടുംബത്തിലെ ഏതു പ്രധാന വിഷയത്തിലും ആദ്യം സാം സാറിനെ കൊണ്ടു പ്രാർത്ഥിപ്പിച്ചു മാത്രമേ തുടങ്ങുമായിരുന്നുള്ളു. പെന്തക്കോസ്ത് മലയാളി സമൂഹത്തിൽ അദ്ദേഹത്തിന് പകരം ഉയർത്തിക്കാട്ടുവാൻ ആരുമില്ല എന്നത് ഒരു യാഥാർഥ്യം തന്നെയാണ്. നിത്യതയിൽ നമുക്കു ഒരുമിച്ചു കാണാം എന്ന പ്രത്യാശയുടെ വാക്കുകൾ കുടുംബാംഗങ്ങൾക്കു കൈമാറുന്നു.

എൽ.സാം സാറിനു ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ ആദരം

ടോണി ഡി. ചെവ്വൂക്കാരൻ
(ക്രൈസ്തവ സാഹിത്യ അക്കാദമി
പബ്ലിസിറ്റി കൺവീനർ)

സർഗ പ്രതിഭകൊണ്ടും നേതൃത്വപാടവം കൊണ്ടും ക്രൈസ്തവ സാഹിത്യ അക്കാദമി യുടെ ആരംഭത്തിനും വളർച്ചയ്ക്കും ഗണ്യമായ സംഭാവന നൽകിയിട്ടുള്ള പ്രതിഭാധനനാണ് നമ്മെ വിട്ടു പിരിഞ്ഞ സാം സാർ.
അക്കാദമിയുടെ സ്റ്റേറ്റ് എക്സിക്യൂ ട്ടീവ് മെമ്പർ , തിരുവനന്തപുരം ജില്ലാ ഭാരവാഹി എന്നീ നിലകളിൽ അദ്ദേഹം സജീവമായി പ്രവർത്തിച്ചു. ക്രൈസ്തവ സാഹിത്യ അക്കാദമി സംഘടിപ്പിച്ച സമ്മേളനങ്ങളിലും സാഹിത്യ ശിൽപശാലകളിലും സാം സാറിന്റെ പ്രസംഗങ്ങളും ക്ലാസുക ളും ഏറെ ശ്രദ്ധേയമായിരുന്നു.
പരന്ന വായനയിലൂടെയും അതിലേറെ അനുഭവസമ്പത്തു കൊണ്ടും നേടിയെടുത്ത ആഴമായ അറിവും കഴിവും പ്രതിഭയും സർഗ ശക്തിയും വെളിപ്പെടുത്തു ന്നവയായിരുന്നു ആ ക്ലാസ്സുകൾ.
അതിലൂടെ മഹത്തായ 
ക്രൈസ്തവ ദർശനം താൻ ഉയർത്തിപിടിച്ചു. എഴുത്തുകാരൻ, പത്രപ്രവർത്തകൻ,ഗ്രന്ഥകാരൻ, പരിഭാഷകൻ എന്നു തുടങ്ങി ക്രൈസ്തവ സാഹിത്യ പരിപോഷണ ത്തിനു താൻ ചെയ്ത സംഭാവന കളെമാനിച്ച് ക്രൈസ്തവ സാഹിത്യ അക്കാദമി സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡ്‌ നൽകി അദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
മായാത്ത ഓർമകളും മരിക്കാത്ത രചനകളും സമ്മാനിച്ച് പെന്തെ ക്കോസ്തു ചരിത്രത്തിൽ തിളക്കമാർന്ന വ്യക്തിമുദ്രപതിച്ച ക്രിസ്തു ഭക്തനാണ് സാം സാർ.

എൽ.സാം സാർ ബഹുമുഖപ്രതിഭ:- പാസ്റ്റർ കെ.ജെ. മാത്യു

പാസ്റ്റർ കെ.ജെ. മാത്യു
ജനറൽ സെക്രട്ടറി SIAG

ബഹുമാനപ്പെട്ട എൽ. സാം സാർ ഒരു ബഹുമുഖപ്രതിഭ ആയിരുന്നു. എഴുത്തും പ്രസംഗവും പരിഭാഷയും എല്ലാം മികവുറ്റതാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇത്രയധികം ലേഖനങ്ങൾ എഴുതിയ മറ്റൊരു പെന്തക്കോസ്തു് എഴുത്തുകാരൻ മലയാളക്കരയിൽ ഉണ്ടായിരുന്നു എന്നു തോന്നുന്നില്ല. ഉയർന്ന സർക്കാർ ജോലിക്കൊപ്പം എണ്ണമറ്റ ആത്മീക പ്രസ്ഥാനങ്ങളിൽ സാർ സജീവമായി പ്രവർത്തിച്ചു. വലിയ സംഘടനകളെ സമർത്ഥമായി നയിച്ചു. മാന്യമായി പെരുമാറുന്നതെങ്ങനെ, ഹൃദ്യമായി സംസാരിക്കുന്നതെങ്ങനെ എന്നൊക്കെ അദ്ദേഹം നമ്മെ പലരെയും ചോക്കും ചൂരലും ഇല്ലാതെ പഠിപ്പിച്ചു. എൻറ്റെ ചില പദപ്രയോഗങ്ങൾക്ക് ഭാഷാശുദ്ധി നിർദ്ദേശിച്ച് രണ്ടു തവണയെങ്കിലും സാം സാർ പോസ്റ്റ് കാർഡുകൾ അയച്ചിട്ടുള്ളതു് ഞാൻ നന്ദിയോടെ ഓർക്കുന്നു. പലരെയും തിരുത്താനുള്ള അറിവും ആർജ്ജവവും അദ്ദേഹത്തിനുണ്ടായിരുന്നു. അനാദിയായ കാലത്തിൽ തന്റെ ഒരു കാലഘട്ടം ചമച്ചിട്ട് അനന്തതയിലേക്ക് നടന്നു പോയ സാം സാർ, സമയത്തിൻറ്റെ വില തിരിച്ചറിഞ്ഞ് കർത്താവിനു വേണ്ടി തിടുക്കത്തിൽ വല്ലതും ചെയ്യാൻ നമ്മോടു പറഞ്ഞതു് ഓർമ്മയിൽ വെക്കാം.
എന്റെ കുടുംബത്തിന്റെയും SIAG എക്സിക്യൂട്ടീവ് കമ്മറ്റിയുടെയും ദുഖവും പ്രത്യാശയും പങ്കുവെയ്ക്കുന്നു.

 

വിടവാങ്ങിയ എല്‍.സാം സാര്‍ ഏ.ജി ദൂതന്‍ മാസികയുടെ സഹയാത്രികൻ

നിറ്റ്‌സൺ  കെ. വര്‍ഗ്ഗീസ്
ചീഫ്എഡിറ്റര്‍, ഏ.ജി. ദൂതന്‍

പെന്തക്കൊസ്ത്‌ വിശ്വാസത്തിന്റെ ശബ്ദമായി ദശാബ്ദങ്ങള്‍ ക്രൈസ്തവസാഹിത്യരംഗത്ത് നിറസാന്നിദ്ധ്യമായിരുന്ന എല്‍.സാം സാറിന്റെ വിടവാങ്ങല്‍ വിശ്വാസ സമൂഹത്തിന് തീരാനഷ്ടമാണ്. മികച്ച എഴുത്തുകാരനും, പരിഭാഷകനുമായിരുന്ന സാം സാറിന്റെ എഴുത്തുകള്‍ എന്നും ക്രൈസ്തവ ലോകത്തെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു.

അസംബ്ലീസ് ഓഫ്‌ ഗോഡ് ദൂതന്‍ മാസികയ്ക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ സാര്‍ മുഖ്യ പത്രാധിപര്‍ (1979-81) സഹ പത്രാധിപര്‍ (1968-1979, 1981-ഒക്‌ടോബര്‍ 1982) സര്‍ക്കുലേഷന്‍ മാനേജര്‍ (1991-1996) റസിഡന്റ് എഡിറ്റര്‍ (1996-2008) കോട്രിബ്യൂട്ടിംഗ് എഡിറ്റര്‍ (2008-2018) എന്നീ വിവിധനിലകളില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു.
ദൂതന്‍ മാസികയിലൂടെ ഏ.ജി. സഭയ്ക്ക് എല്‍.സാം സാര്‍ നല്‍കിയ സാഹിത്യ സംഭാവനകള്‍ക്ക് 1997-ല്‍ ദൂതന്‍ മാസികാ കുടുംബം സാഹിത്യ സേവന പുരസ്‌കാരം നല്‍കി ആദരിച്ചു.
ഇന്ന് ഞാന്‍ ദൂതന്‍ മാസികയുടെ മുഖ്യ പത്രാധിപരായിരിക്കുമ്പോള്‍, 20 വര്‍ഷങ്ങള്‍ക്കുമുമ്പ് ദൂതന്‍ മാസികയില്‍ ആദ്യമായി എന്റെ ലേഖനം പ്രസിദ്ധീകരിച്ചു വന്ന കാര്യം ഓര്‍ക്കുന്നു.
‘പ്രോത്സാഹനം’ എന്ന തലക്കെട്ടില്‍ എഴുതിയ ചെറുലേഖനം പ്രസിദ്ധീകരിച്ചതിനെക്കുറിച്ച് പിന്നീട് ഒരിക്കല്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘യുവജനങ്ങളായ പുതിയ എഴുത്തുകാരെ ഏ.ജി.സമൂഹത്തിന് ആവശ്യമാണ്. അതുകൊണ്ടാണ് ഈ ലേഖനം കിട്ടിയ മാസം തന്നെ അത് പ്രസിദ്ധീകരിച്ചത്. ‘അന്ന് സാറിന്റെ പ്രോത്സാഹന വാക്കുകള്‍ കേട്ട് അടങ്ങാത്ത ആവേശത്തോടെയാണ് ഞാന്‍ വീടണഞ്ഞത്.
ഏ.ജി.യുടെ യുവജന സംഘടനയായ സി.എ.യുടെ പ്രഥമ ജനറല്‍സെക്രട്ടറിയായിരുന്ന സാം സാര്‍ യുവഹൃദയത്തോടു കൂടി ആയിരങ്ങളെ സ്വാധീനിച്ചു കൊണ്ടിരുന്നു എന്നതിന്റെ നേര്‍ സാക്ഷ്യമാണ് കലാലയങ്ങളില്‍ സുവിശേഷത്തിന്റെ
ശബ്ദമായി മാറിയ ഐ.സി.പി.എഫ്.ന്റെ സ്റ്റേറ്റ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചത്. 
എല്ലാ പെന്തക്കൊസ്ത് സഭകളുമായി സാറിനുണ്ടായിരുന്ന ബന്ധത്തിന്റെ ഉദാത്ത ഉദാഹരണമാണ് ഗുഡ്‌ന്യൂസ്‌ വാരികയുമായി സാറിനുണ്ടായിരുന്ന അടുത്ത ബന്ധം. ഗുഡ്‌ന്യൂസിന്റെ കോര്‍ഡിനേറ്റിംഗ് എഡിറ്ററായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ ദശാബ്ദങ്ങള്‍ മാസികയില്‍ ഈടുറ്റ ലേഖനങ്ങള്‍ എഴുതിയത് അന്തര്‍ദേശീയ തലത്തില്‍ ക്രൂശിതനായ യേശുവിന്റെ മഹത്വം ഉയര്‍ത്തുവാന്‍ കാരണമായി.
മികച്ച എഴുത്തുകാരനായ സാം സാര്‍ ഫുള്‍ലൈഫ്സ്റ്റഡി ബൈബിള്‍ പരിഭാഷാ കമ്മിറ്റിയുടെ സീനിയർ എഡിറ്ററായിരുന്നു. ‘എരിഞ്ഞടങ്ങിയ കൈത്തിരികള്‍’, ‘ബൈബിള്‍ പ്രവേശിക’, ‘എ.സി.ശാമുവല്‍: ജീവചരിത്രം’എന്നീ പുസ്തകങ്ങള്‍ സാറിന്റെ തൂലികയില്‍ നിന്നും പുറത്തുവന്നു.
സാറിന്റെ ലേഖന സമാഹാരം ഒ.എം.ബുക്‌സ്’ ദര്‍ശന ദീപ്തി’ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു.
ഗ്രന്ഥ പരിഭാഷയില്‍ നിപുണനായിരുന്ന സാം സാര്‍ ബില്ലിഗ്രഹാമിന്റെ’ Peace with God’എന്ന പുസ്തകം’ദൈവത്തോട്‌സമാധാനം’എന്നും, പോള്‍യോഗീചോയുടെ’fourth dimension ‘എന്ന പുസ്തകം’വിശ്വാസത്തിന്റെ അത്ഭുത രേഖ’എന്നും പരിഭാഷപ്പെടുത്തിയത്‌ കേരളത്തിലെ വിശ്വാസ സമൂഹം ആവേശത്തോടു കൂടിയാണ് നെഞ്ചിലേറ്റിയത്.
  ദൂതന്‍ മാസികാകുടുംബം സാം സാറിന്റെ സംഭാവനകളെ നന്ദിയോടെസ്മരിക്കുന്നു.

 

എൽ. സാം സാറിന്റെ വേർപാട് നികത്താനാവാത്ത നഷ്ടം:- പാസ്റ്റർ എ രാജൻ

പാസ്റ്റർ എ രാജൻ
(ട്രഷറാർ എ.ജി. മലയാളം ഡിസ്ട്രിക്ട് കൗൺസിൽ)

പ്രഭാഷകനും പരിഭാഷകനും സംഘാടകനും ചരിത്രകാരനും എന്നൊക്കെ നിലയിൽ ഉജ്വലമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച അതുല്യ പ്രതിഭയായിരുന്നു എൽ. സാം സർ, കേരളത്തിൽ അസംബ്ലീസ് ഓഫ് ഗോഡിന് വിശേഷിച്ച് യുവജന സംഘടനയ്ക്കും പ്രസിദ്ധീകരണ രംഗത്തും മഹത്തരമായ സംഭാവനകൾ നല്കിയത് സഭ എന്നും ആദരവോടെയാണ് കണ്ടിട്ടുള്ളത്. തിരുവനന്തപുരം മേഖലയിൽ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്  സാം സാറിന്റെ അർപ്പണബോധത്തോടെയുള്ള പ്രവർത്തനങ്ങൾ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. സുവിശേഷത്തിനു വേണ്ടി ഒരു കഠിനാധ്വാനിയായിരുന്നു സാം സാർ എന്നതാണ് സത്യം.
സാറിന്റെ വേർപാട് എ. ജി സമൂഹത്തിന് തീരാനഷ്ടമാണ്. ദുഃഖാർത്തരായിരിക്കുന്ന കുടുംബാംഗങ്ങളോടും സഭയോടും ഒപ്പം ചേരുന്നു. 

എൽ സാം സാറിന്റെ വേർപാട് അസംബ്ലീസ് ഓഫ് ഗോഡിനും പെന്തകോസത് സമൂഹത്തിനും കനത്ത നഷ്ടം

പാസ്റ്റർ ടി.ജെ. സാമുവൽ
(ജനറൽ സെക്രട്ടറി
അസംബ്ലീസ് ഓഫ് ഗോഡ് ഓഫ് ഇന്ത്യ)

അസംബ്ലീസ് ഓഫ് ഗോഡിലെ ഒരു ശുശ്രൂഷകനും എഴുത്തുകാരനുമായിരുന്ന എൽ സാം സാറിന്റെ വേർപാട് പെന്തകോസ്ത് സമൂഹത്തിനും വിശേഷാൽ എ.ജി. സഭയ്ക്കും കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 
ഞാൻ ആദ്യമായി എൽ സാം സാറിനെ കാണുന്നത് അസംബ്ലീസ് ഓഫ് ഗോഡ്  യുവജനവിഭാഗമായ ക്രൈസ്റ്റ് അംബാസിഡേഴ്സിന്റെ വാർഷിക മീറ്റിങ്ങിൽ വച്ചാണ്. പാസ്റ്റർ പി. ഡി. ജോൺസൺ പ്രസിഡണ്ടായും എൽ. സാം സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിരുന്ന കാലത്തായിരുന്നു. വളരെ ക്രമീകൃതമായ പ്രവർത്തനങ്ങളും പദ്ധതികളും അക്കാലത്ത് നടത്തുന്നതിൽ സാറിന്റെ പങ്ക് വളരെ വലിയതായിരുന്നു.

ഒരു മികച്ച പരിഭാഷകൻ ആയിരുന്നു സാർ. മിഷനറിമാരുടെ പ്രസംഗങ്ങൾ ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിൽ വഹിച്ച പങ്ക് സ്തുത്യർഹമാണ്. പ്രസിദ്ധനായ Oral Roberts തിരുവനന്തപുരത്ത് വന്ന കാലത്ത് അദ്ദേഹത്തിന്റെ പരിഭാഷകൻ എൽ. സാം ആയിരുന്നു എന്നാണ് എൻറെ ഓർമ്മ. ധാരാളം പുസ്തകങ്ങളും സാർ വിവർത്തനം ചെയ്തിട്ടുണ്ട്. പെന്തക്കോസ്തിലെ  പ്രമുഖരായ പൂർവ്വകാല പ്രവർത്തകരുടെ ജീവചരിത്രങ്ങൾ എൽ. സാം സാറിന്റെ തൂലികയിൽ നിന്നും പുറത്തുവന്നിട്ടുണ്ട്.
 ഇംഗ്ലീഷിലെ പ്രസിദ്ധമായ ഫുൾ ലൈഫ് സ്റ്റഡി ബൈബിൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിന് മേൽനോട്ടം വഹിച്ചതും അതിന്റ ചുമതല ഏറ്റെടുത്തത് നടപ്പാക്കുന്നതിനും സാം സാർ ചെയ്ത സേവനങ്ങൾ സ്തുത്യർഹമാണ്. പെന്തക്കോസ്ത് സഭയുടെ പൂർവ്വ ചരിത്രം പല ഗ്രന്ഥങ്ങളിലൂടെ അദ്ദേഹം രേഖപ്പെടുത്തി വെച്ചത് വരും തലമുറയ്ക്ക് ഒരു മുതൽകൂട്ടാണ്.

അസംബ്ലീസ് ഓഫ് ഗോഡ് ദൂതൻ മാസികയുടെ അവിഭാജ്യ ഘടകമായിരുന്നു സാം സാർ. ദീർഘ വർഷങ്ങൾ എഡിറ്റോറിയൽ ബോർഡിൽ വിവിധ നിലകളിൽ സേവനം ചെയ്യുന്നതിനും മികച്ച രചനകൾ നടത്തിയതും സഭയ്ക്കും വിശ്വാസികൾക്കും എന്നും നല്ല ഓർമ്മകൾ നല്കുന്നതാണ്. സമഗ്രമായ സംഭാവനകൾ എ . ജി. സമൂഹത്തിലൂടെ ദൈവസഭയ്ക്ക് നല്കിയിട്ടാണ് അദ്ദേഹം യാത്രയായത്.

ഇപ്പോൾ ഞാൻ ബഹറിനിൽ ശുശ്രൂഷ സംബന്ധമായി ആയിരിക്കുന്നതിനാൽ സാറിൻറെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എനിക്കോ കുടുംബത്തിനോ സാധിക്കുന്നില്ല

സാറിന്റെ നിര്യാണത്തിൽ എന്റെയും കുടുംബത്തിന്റെയും അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്റ്റ് നോർത്ത് ഇന്ത്യ ശുശ്രൂഷക വിഭാഗത്തിന്റെയും അസംബ്ലി ഓഫ് ഗോഡ് ഇന്ത്യയുടേയും അനുശോചനം പ്രിയപ്പെട്ടവരെ ഈ സമയം അറിയിക്കുന്നു ദൈവം ശുശ്രൂഷകളെ അനുഗ്രഹിക്കട്ടെ, കുടുംബത്തെ ആശ്വസിപ്പിക്കട്ടെ.

കെ.ബി.ഐസക്ക് (യുവസ്നേഹിതന്‍ പബ്ലിക്കേഷന്‍സ്,ചീഫ് എഡിറ്റ ര്‍ www.voiceofdesert.com , മാധ്യമ പ്രവര്‍ത്തക ന്‍)

“യുവസ്നേഹിതന്‍ “മാസികയി ല്‍ സാം സാ ര്‍ എഴുതിയ ലേഖനങ്ങള്‍ എന്റെ പിതാവ് പരേതനായ പാസ്റ്റ ര്‍ ബേബി ഡാനിയേലുമായുള്ള സ്നേഹബന്ധത്തിലായിരുന്നു.എന്നും ആദരവോടെ സാറിനെ ഓര്‍ക്കും.പ്രീയപ്പെട്ടവരെ എല്ലാവരെയും ദൈവം ആശ്വസിപ്പിക്കട്ടെ .മീഡിയ ടീമിന് വേണ്ടി ദുഃഖവും പ്രത്യാശയും രേഖപ്പെടുത്തുന്നു.

 


എഡിറ്റര്‍ —

POST WRITTEN BY
എഡിറ്റര്‍

2,616

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 470593 Website Designed and Developed by: CreaveLabs