ഹൈദരാബാദ്: മലവത്ത് പൂര്‍ണയെന്ന പതിമൂന്നുകാരി ഇച്ഛാശക്തി കൊണ്ട് പുതിയ ചരിത്രമെഴുതിയിരിക്കുകയാണ്. എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയെന്ന ബഹുമതിയാണ് ഈ ആന്ധ്രയിലെ നിസാമാബാദ് സ്വദേശിയായ ഈ പെണ്‍കുട്ടി സ്വന്തമാക്കിയിരിക്കുന്നത്. ആന്ധ്രയിലെ ഖമ്മത്ത് നിന്നുള്ള പ്ളസ് ടു വിദ്യാര്‍ഥി സിദ്ധനപ്പള്ളി അനന്ത്കുമാര്‍ എന്ന പതിനാറുകാരനൊപ്പമാണ് പൂര്‍ണ ഈ നേട്ടം കൈവരിച്ചത്. ആന്ധ്രപ്രദേശ് സോഷ്യല്‍ വെല്‍ഫയര്‍ എജുക്കേഷന്‍ സൊസൈറ്റി സ്കൂളിലെ വിദ്യാര്‍ഥികളാണ് ഇരുവരും. 52 ദിവസം നീണ്ടുനില്‍ക്കുന്ന യജ്ഞത്തിനൊടുവില്‍ ഇന്നു കാലത്ത് ആറു മണിക്കാണ് ഇവര്‍ ഹിമവാന്റെ നെറുകയില്‍ കൊടിനാട്ടി ചരിത്രമെഴുതിയത്.
150 വിദ്യാര്‍ഥകളില്‍ നിന്നാണ് ഇവര്‍ രണ്ടുപേരും എവറസ്റ്റ് ദൗത്യത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ആദ്യം ഘട്ട കടമ്പ കടന്ന ഇരുപത് പേരെ ഡാര്‍ജിലിങ് പര്‍വതാരോഹണ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശീലനത്തിന് വിട്ടു. ഇതില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒന്‍പത് പേരെ നേരത്തെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ മലകയറ്റത്തിന് വിട്ടു. ഇതിലും വിജയിച്ചവര്‍ എന്ന നിലയിലാണ് പൂര്‍ണയ്ക്കും അനന്ത്കുമാറിനും എവറസ്റ്റ് കയറാനുള്ള അനുമതി ലഭിച്ചത്.