ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയില്‍ റമദാന് വ്രതത്തിന് നിരോധനം. വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റും നോമ്പെടുക്കുന്നത് വിലക്കി ചൈനീസ് ഭരണകൂടം ഉത്തരവ് പുറത്തിറക്കി. മുസ്ലിം വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ളതാണ് വടക്ക് പടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യ. ചൈനീസ് സര്‍ക്കാര്‍ ഉയ്ഗുര് വിഭാഗത്തിലുള്ള മുസ്ലിം പൌരന്മാരോട് വിവേചനം കാണിക്കുന്നതിനെതിരെ ഇവിടെ പലവട്ടം കലാപങ്ങള്‍ നടന്നിരുന്നു. സ്വയം ഭരണം ആവശ്യപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചില സംഘടനകളെ ഇവിടെ സര്‍ക്കാര്‍ നിരോധിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ വിലക്ക്.
നോമ്പ് അനുഷ്ഠിക്കുന്നത് ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. വിദ്യാര്‍ത്ഥികളും മറ്റും വ്രതം അനുഷ്ഠിക്കുന്നത് ദോഷകരമായി ബാധിക്കുമെന്നും പ്രവിശ്യാ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ മതവുമായി ബന്ധപ്പെടണ്ടേതില്ലെന്നും മതപരമായ അനുഷ്ഠാനങ്ങള്‍ നിര്വഹിക്കേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. മതാനുഷ്ഠാനങ്ങള്‍ നിവര്വഹിക്കുന്നതില്നിന്ന് കുട്ടികളെ വിലക്കാന്‍ അധ്യാപകരോടും മറ്റും ഉത്തരവ് ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഇത്തരം കാര്യങ്ങളില്‍നിന്ന് വിട്ടു നില്‍ക്കണമെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.
വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഈ മേഖലയില്‍ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നതായി സര്‍ക്കാര്‍ നേരത്തെ ആരോപിച്ചിരുന്നു. ചൈനയുടെ വിവിധ ഭാഗങ്ങളിലും പ്രവിശ്യയിലും നടക്കുന്ന നിരവധി ആക്രമണങ്ങള്‍ക്കു പിന്നില്‍ ഉയിഗൂര്‍ മുസ്ലിം വിഭാഗക്കാരാണെന്നും ചൈനീസ് ഭരണകൂടവും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആരോപിക്കുന്നു.