വിശുദ്ധ സഭായോഗങ്ങളില്‍ സംഗീതത്തിനും സംഗീത ഉപകരണങ്ങള്‍ക്കും ഉള്ള പ്രസക്തി-ഒരു പഠനം .

Voice Of Desert 10 years ago comments
വിശുദ്ധ സഭായോഗങ്ങളില്‍ സംഗീതത്തിനും  സംഗീത ഉപകരണങ്ങള്‍ക്കും ഉള്ള പ്രസക്തി-ഒരു പഠനം .

 

കേരളക്കരയില്‍ പെന്തക്കോസ്ത് സഭകള്‍ ഉടലെടുത്തിട്ടു ഒരു നൂട്ടാണ്ടിലേറെയായി. തമ്പേറിന്റെ ശബ്ദവും അന്യഭാഷാ ഭാഷണവും കൈതാളങ്ങളും ഒക്കെ പെന്തക്കോസ്ത്കാരുടെ വിശുദ്ധ സഭായോഗങ്ങളില്‍ ഒഴിച്ച് കൂടാന്‍ കഴിയാത്ത ഒന്നായിരുന്നു. എന്നാല്‍ കാലം പുരോഗമിക്കുകയും അഞ്ചാം തലമുറയിലേക്ക് വിശ്വാസി സമൂഹം എത്തിചേരുകയും ചെയ്തപ്പോള്‍ ഭംഗി കുറവെന്നു തോന്നിയ പലതും ഉപേക്ഷിക്കുകയും പുതു സാങ്കേതിക വിദ്യയുടെ കടന്നു കയറ്റം സഭകളിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

ഹ്യദയത്തിന്റെ അന്തര്‍ഭാഗത്ത് നിന്നും ഉത്ഭവിച്ചിരുന്ന സ്തോത്ര സ്തുതികള്‍, പരിശുദ്ധാത്മാവിന്റെ നിറവും അഭിഷേകവും , ക്യപാവരങ്ങള്‍, മുതലായവ മൂല൦ ഉണ്ടായിരുന്ന ആരാധന ശബ്ദങ്ങള്‍ കുറഞ്ഞു പോയപ്പോള്‍ ഉണര്‍വ്വും പരിശുദ്ധാത്മാവിന്റെ വലിയ സാന്നിധ്യവും ഉണ്ടെന്ന് കാണിക്കുവാന്‍ ക്യത്രിമ ശബ്ദങ്ങള്‍ ഒരര്‍ത്ഥത്തില്‍ ആവശ്യമായി എന്ന് പറയുന്നതില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.

സാത്താന്‍ തന്റെ ഉദ്ദേശ്യ സാദ്ധ്യത്തിനായി സംഗീതം ഫലപ്രദമായി ഉപയോഗിക്കുന്നു. ലൂസിഫര്‍ തന്റെ വീഴ്ച ക്ക്  മുന്‍പ് സ്വര്‍ഗ്ഗോന്നതങ്ങളില്‍ വിരാജിച്ചിരുന്ന പ്രധാന സംഗീതജ്ഞന്‍ ആയിരുന്നുവല്ലോ. അവന്റെ കഴിവ് ദൈവത്തിന്റെ മഹത്വത്തിനായി ഉപയോഗിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. എന്നാല്‍ നിഗളം നിമിത്തം സ്വര്‍ഗ്ഗോന്നതങ്ങളില്‍ നിന്നും നിഷ്കാസിതനായിത്തീര്‍ന്നു.വിശുദ്ധന്മാരെ ഏത് വിധേനയും തെറ്റിക്കുവാന്‍ ഈ കാലയളവിലും പരിശ്രമിച്ചു കൊണ്ടിരിക്കുന്നു.

യുവതലമുറയെ ആകര്‍ഷിക്കുവാന്‍ പല പ്രാദേശിക സഭകളിലും പ്രെയ്സ് ആന്‍ഡ്‌ വര്‍ഷിപ്പ് എന്നൊരു ഭാഗം തന്നെ സഭാ യോഗങ്ങളില്‍ ഉള്‍പ്പെടുത്തി; അത് പലപ്പോഴും അതിര്‍ വരമ്പുകള്‍ കടന്നു ഉന്മാദവസ്ഥയില്‍ എത്തിച്ചേരുന്നു എന്നു പറയാതിരിക്കാന്‍ വയ്യ. ദൈവത്തിന്റെ പരിശുദ്ധാത്മാവ് പരിജ്ഞാനം ഉള്ളതാണ്, സമാധാനം ഉണ്ടാക്കുന്നതാണ്.

പഴയ നിയമ കാലത്ത് സംഗീതവും വാദ്യോപകരണങ്ങളും ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ ഉപയോഗിച്ചിരുന്നു. വേദപുസ്തകത്തില്‍ ആദ്യമായി സംഗീതത്തെയും പാട്ടിനെയും പറ്റി പറഞ്ഞിരിക്കുന്നത് 31: 27 – ലാണ്. പുറപ്പാടു 15-)൦ അദ്ധ്യായത്തില്‍ മോശെയും യിസ്രായേല്‍ മക്കളും യഹോവയെ പാടി സ്തുതിച്ചുവെന്ന് നാം വായിക്കുന്നു. ഗാന പ്രതിഗാനമായി ദൈവത്തെ സ്തുതിക്കുന്ന രീതിയും 136-)൦ സങ്കിര്‍ത്തനത്തില്‍ കാണുന്നു. പുറപ്പാടു 15:20ല്‍ അഹരോന്റെ സഹോദരി മിര്യാം കൈയ്യില്‍ തപ്പെടുത്തു, സ്ത്രീകള്‍ എല്ലാവരും കൂടി ന്യത്തത്തോടും ഗാന പ്രതിഗാനമായി കീര്ത്തനം പാടി ദൈവത്തെ മഹത്വപ്പെടുത്തി. 2 ദിനവ്യത്താന്തം 30: 21-ല്‍ യിസ്രായേല്‍ മക്കള്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാ സന്തോഷത്തോടെ ആചരിച്ചു.ലേവ്യരും പുരോഹിതന്‍മാരും ഉച്ചനാദമുള്ള വാദ്യങ്ങളാല്‍ യഹോവയ്ക്ക് പാടി, ദിവസം പ്രതി യഹോവയെ സ്തുതിച്ചു. സങ്കിര്‍ത്തനം 150-ല്‍ ന്യത്തം ചെയ്തു സ്തുതിക്കുവാനും തപ്പിനോടും കിന്നരത്തോടും വാദ്യമേളങ്ങളോടും ദൈവത്തെ  സ്തുതിക്കുവാനും സങ്കിര്‍ത്തനക്കാരന്‍ ആഹ്വാനം ചെയ്യുന്നു. ഇങ്ങനെ സംഗീതവും കീര്‍ത്തനങ്ങളും ദൈവമക്കള്‍ ദൈവത്തെ  സ്തുതിക്കുവാനും മഹത്വപ്പെടുത്തുവാനും ഉപയോഗിച്ചിരുന്നു എന്നും മറിച്ച് വിശ്വാസികളുടെ ആസ്വാദനത്തിനായിരുന്നില്ല എന്നും നാം മനസ്സിലാക്കേണ്ടതാണ്. അതിനൂതനമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നിര്‍മ്മിച്ചിട്ടുള്ള വിവിധ ഇനം വാദ്യോപകരണങ്ങള്‍ സംഗീത സദസ്സുകളില്‍ ഇന്ന്‍ കാണാന്‍ കഴിയും, ഇവകളില്‍ നിന്നും കാതിനും മനസ്സിനും ഇമ്പം പകരുന്ന നാദധാരകള്‍ വിശ്വാസികളെ മാത്രമല്ല ഏതു മനുഷ്യനേയും ആകര്‍ഷിക്കും. ഈ ഉപകരണങ്ങള്‍ ഒക്കെ നാം കാണുമ്പോള്‍, ലോകത്തില്‍ ആദ്യമായി സംഗിതോപകരണം ഉണ്ടാക്കി മനുഷ്യ വര്‍ഗ്ഗത്തിനു സമ്മാനിച്ച വാദ്യോപകരണങ്ങളുടെ പിതാവ് എന്നറിയപ്പെടുന്ന യൂബാല്‍ (ഉത്പത്തി 4: 21) എന്ന വ്യക്തിയെ നാം അറിയാതെ പോകരുത്. യൂബാല്‍ ആദ്യമായി കിന്നരം നിര്‍മ്മിച്ച്‌ പാടി ദൈവത്തെ മഹത്വപ്പെടുത്തി. പഴയനിയമത്തിലുടനീളം സംഗിതോപകരണങ്ങള്‍ ദൈവത്തെ  മഹത്വപ്പെടുത്താന്‍ ഉപയോഗിച്ചിരുന്നത് നാം വായിക്കുന്നുണ്ട്.

ദാവീദിന്റെ കൊട്ടാര സദസ്സില്‍ ധാരാളം സംഗിതജ്ഞര്‍ ഉണ്ടായിരുന്നു. വിശേഷിച്ചു ദാവീദ് തന്നെ സംഗീത ഉപകരണം ഉപയോഗിക്കുന്നതില്‍ നിപുണനായിരുന്നു. പക്ഷേ യെരുശലെ൦ ദേവാലയത്തിലോ സിനഗോഗുകളിലോ സംഗിത ഉപകരണങ്ങള്‍ അത്യാവശ്യം ആയിരുന്നു എന്ന്‍ നാം എവിടെയും വായിക്കുന്നില്ല. എന്നാല്‍ അത്യാവശ്യമായിരുന്നത് എന്തൊക്കെയായിരുന്നു എന്ന് എബ്രായ ലേഖന കര്‍ത്താവ് ക്യത്യമായി പറയുന്നുമുണ്ട്. പുതിയനിയമ പുസ്ത്കങ്ങളിലൊന്നിലും വാദ്യ ഉപകരണങ്ങളുടെ ആവശ്യകത ഊന്നിപ്പറയുന്നില്ലെന്ന് മാത്രമല്ല സുചന പോലും കാണുന്നില്ല. പിന്നെ ഉപോല്‍ബലകമായിരിക്കുന്നത് ഉപയോഗിക്കരുത് എന്ന് പറഞ്ഞിട്ടില്ലെന്നതു മാത്രമാണ്.

മിസ്രയിമില്‍ ആയിരുന്നപ്പോള്‍ വിഗ്രഹങ്ങളുടെ മുന്‍പില്‍ ന്യത്തം ചെയ്യുന്നതും ആര്‍പ്പിടുന്നതും തപ്പ് കൊട്ടുന്നതും മാത്രം കണ്ടിരുന്ന  യിസ്രായേല്യര്‍ അത് മറക്കാത്തതു കൊണ്ടാണ് അഹരോന്റെ കാളക്കുട്ടിക്കു മുന്‍പിലും അങ്ങനെ ചെയ്തത് എന്ന്‍  ന്യായമായി ഊഹിക്കാവുന്നതാണ്. അത് പോലെ ഹിന്ദുസ്ഥാനികളായ  നാമും തഞ്ചാവൂര്‍ വാദ്യമേളങ്ങള്‍ മുതല്‍ ശങ്കരാഭരണ കീര്ത്തനങ്ങള്‍ വരെ വീണ്ടും ജനനം അവകാശപ്പെടുന്ന വിശ്വാസികളുടെ സ്തോത്രഗാനങ്ങളിലും ആരാധനഗീതങ്ങളിലും കോര്‍ത്തിണക്കാന്‍ ശ്രമിക്കുന്നതില്‍ പിന്നെ കുറ്റം പറയരുതല്ലോ!

സംഗിത ഉപകരണങ്ങളില്‍ നിന്നുള്ള നാദധാരകള്‍ തീര്ചയായും ആരാധന യോഗങ്ങളെ ആകര്‍ഷകമാക്കും. കണ്ണിനു സുഖം പകരുന്ന പലതും ഇലക്ട്രോണിക് ദ്യശ്യ മാധ്യമങ്ങള്‍ സമ്മാനിച്ചതു പോലെ, നമ്മുടെ ചെവിക്ക് സന്തോഷം തരുന്നതൊക്കെ ആധുനിക സംഗിതോപകരണങ്ങളും നല്‍കും. എന്നാല്‍ ഇതിലൊക്കെയും ദൈവം എത്രത്തോളം സന്തോഷിക്കുമെന്ന് തിരിച്ചറിയേണ്ടത് വളരെ ആവശ്യമായിരിക്കുന്നു. പ്രത്യേകിച്ച് ദൈവവചന വിരുദ്ധവും ദുരുപദേശ പരവുമായ സുചനകള്‍ നല്‍കുന്ന വാക്കുകള്‍ ഗാനങ്ങളില്‍ കാണുമ്പോള്‍ അത് അംഗീകരിക്കുവാന്‍ സത്യവിശ്വാസികള്‍ തയ്യാറാകരുത്.

പുതിയനിയമ സഭ രക്ഷിക്കപ്പെട്ടവരുടെ കൂട്ടമാണ്. കര്‍ത്താവ് ദിനംപ്രതി രക്ഷിക്കപ്പെട്ടവരെ സഭയോട് ചേര്‍ത്ത് കൊണ്ടിരിക്കുന്നു. രക്ഷിക്കപ്പെടാത്തവര്‍ അഥവാ വീണ്ടും ജനിക്കാത്തവര്‍ ആരുംതന്നെ പുതിയനിയമ സഭയില്‍ അംഗങ്ങളല്ല. ദൈവം ആത്മാവാകുന്നു,ദൈവത്തേ നമസ്കരിക്കുന്നവര്‍ ആത്മാവിലും സത്യത്തിലും നമസ്കരിക്കണ൦ (യോഹന്നാന്‍ 4:24). എഫെസ്യര്‍ 5:19-ല്‍ “ആത്മാവ് നിറഞ്ഞവരായി സങ്കിര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മീയ ഗീതങ്ങളാലും തമ്മില്‍ സംസാരിച്ചും നിങ്ങളുടെ ഹ്യദയങ്ങളില്‍ കര്‍ത്താവിനു പാടിയും കീര്‍ത്തനം  ചെയ്തും നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ ദൈവവും പിതാവുമായവന് എല്ലായ്പ്പോഴും എല്ലാറ്റിനും വേണ്ടിയും സ്തോത്രം ചെയ്തു കൊള്ളാന്‍” പൌലോസ് അപ്പോസ്തോലന്‍ പ്രബോധിപ്പിക്കുന്നു. നമ്മുടെ സ്തോത്ര സ്തുതികള്‍ എങ്ങനെയായിരിക്കണം എന്ന് ഇതില്‍ നിന്നും വ്യക്തമാണല്ലോ.

മനുഷ്യന് നൈസര്‍ഗികമായ ചില കഴിവുകളുണ്ട്, പാരമ്പര്യമായ കലാ വാസനകളുണ്ട്; പാട്ട്, താളം, ന്യത്തം ഇവയൊക്കെ ഇങ്ങനെ ലഭിക്കാം. അത് പിന്നെ അഭ്യാസത്തിലൂടെ വീണ്ടും വികസിപ്പിച്ച് സദസ്സിനെ സന്തോഷിപ്പിക്കാ൦. പക്ഷേ അത് ആത്മീയ പ്രകടനങ്ങള്‍ ആകണമെന്നില്ല. ചില തരംഗ ദൈര്‍ഘ്യത്തിലുള്ള ഗാനവീചികള്‍ മനുഷ്യന്റെ സമനില തെറ്റിക്കയും മനസ്സിനെ അസ്വസ്ഥമാക്കുകയും ചെയ്യുമെന്ന് ശാസ്ത്രം തന്നെ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ദൈവിക സംഗിത൦ നമ്മെ ഉണര്‍ത്തി  നമ്മെ ശുദ്ധീകരിക്കയും ശക്തീകരിക്കയും വിശ്വാസം, പ്രത്യാശ എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഇന്നു നമ്മുടെ ആത്മീയ ഗാനസംഗമങ്ങളും സദസ്സുകളും വികാരങ്ങളുടെ നിയന്ത്രണം വിട്ട പ്രകടനങ്ങളും, ചിലപ്പോള്‍ പാശ്ചാത്യ സംഗിത നിശകളെ വെല്ലുന്നതും ആയിത്തീര്‍ന്നിട്ടുണ്ട്. ക്രിസ്തിയ ഗാനശ്രുശൂഷ എന്നത് ജഡാഭിലാഷ സിദ്ധിക്കുള്ളതല്ല, നേരെ മറിച്ച് ദൈവികാരാധനായുടെ സ്പര്‍ശം ഉണ്ടാകേണ്ട വേദികളാണ്. സംഗിത സദസ്സുകള്‍ ആസ്വദിക്കുന്നതില്‍ ഉപരിയായി ദൈവത്തെ  ആരാധിക്കുവാന്‍ ഉള്ളതായി മാറട്ടെ എന്നാഗ്രഹിക്കാം. വീട്ടില്‍ ഇരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും ഒക്കെ വിശ്വാസത്തിനും ദൈവക്യപയ്ക്കും കോട്ടം തട്ടാതെ അനുയോജ്യമായ ഗാനങ്ങള്‍ ആസ്വദിക്കാവുന്നതാണ്. എന്നാല്‍ സഭായോഗങ്ങളില്‍ പാടുന്ന പാട്ടുകള്‍ രസിപ്പിക്കുകയല്ല വേണ്ടത് പക്ഷേ ദൈവത്തേ മഹത്വപ്പെടുതുന്നവ മാത്രമാകട്ടെ. പാട്ടിന്റെ ഈണത്തെക്കാള്‍ ഏറെ പ്രസക്തി പ്രമേയത്തിനു കൊടുക്കാന്‍ വളരെ ശ്രദ്ധിക്കണ൦.

പതിനെട്ടാം നുറ്റാണ്ടില്‍ പാശ്ചാത്യ മിഷണറിമാര്‍ കേരളത്തില്‍ വന്നപ്പോള്‍ ഇംഗ്ലീഷില്‍ ഉള്ള ഭക്തി ഗാനങ്ങള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. ബഹുമാനപ്പെട്ട നാഗല്‍ സായിപ്പ് എഴുതിയ “ സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗ്ഗ യാത്ര ചെയ്യുന്നു” എന്ന ഗാന൦ എത്ര അര്‍ത്ഥവത്താണ്. “അതിരാവിലെ തിരുസന്നിധി” എന്ന് തുടങ്ങുന്ന ഗാന൦ പ്രഭാതം മുതല്‍ പ്രദോഷം വരെ ആശ്വാസപ്രദമായി തീരുന്നു. “ഇമ്മാനുവേല്‍ തന്‍ ചങ്കതില്‍ നിന്നൊഴുകും രക്തം” നമ്മുടെ പാപക്കറകള്‍ മാറ്റുവാന്‍ മതിയായത് തന്നെ എന്ന്‍ നമ്മെ ഗ്രഹിപ്പിക്കുന്നു. ഇത്തരം ആത്മീയ സത്യങ്ങളും അനുഭവങ്ങളും നിറഞ്ഞ ഗാനങ്ങള്‍ ഇനിയും ഉണ്ടാകട്ടെ എന്ന് നമുക്ക് ദൈവത്തോട് പ്രാര്‍ഥിക്കാം.

അങ്ങനെ ആത്മീയ ഉദ്ധാരണത്തിനുതകുന്ന ഗാനങ്ങള്‍ സംഗീതമായി പരിണമിക്കുമ്പോള്‍ അത് ദൈവനാമ മഹത്വത്തിനായിത്തീരു൦. എന്നാല്‍ വാദ്യോപകരണങ്ങള്‍ക്ക് സഭായോഗങ്ങളില്‍ വലിയ പ്രാധാന്യം ഉണ്ടെന്ന് കരുതുന്നില്ല. ദൈവം നല്‍കിയ കഴിവുകള്‍ യൂബാനെപ്പോലെ ദൈവനാമ മഹത്വത്തിനായി പ്രയോജനപ്പെടുത്തട്ടെ .

ഈ ലോകത്തിനു അനുരൂപപ്പെടാതെ വേര്‍പാട്, വിശുദ്ധി എന്നിവ പാലിച്ച് കൊണ്ട് പ്രവാസ കാലം കഴിപ്പാന്‍ കഴിഞ്ഞാല്‍ അതിനേക്കാള്‍ വലിയ കാര്യം വല്ലതും ഉണ്ടോ? അറിവ് ചീര്‍പ്പിക്കുന്നു, സ്നേഹമോ ആത്മിക വര്‍ദ്ധന വരുത്തുന്നു(1 കൊരിന്ത്യര്‍ 8: 1).

വിശുദ്ധ സഭായോഗങ്ങളില്‍ വാദ്യോപകരണങ്ങള്‍ ഇല്ലാത്തത് കൊണ്ട് ദൈവം പ്രസാദിക്കുന്നില്ലെന്നോ ദൈവക്യപയ്ക്കു കുറവ് വരുന്നെന്നോ നിഗമനത്തിലെത്താന്‍ കഴിയില്ല.

അവനവന്റെ ഹ്യദയത്തിന്റെ നിലവാരവും കര്‍ത്താവിനോടുള്ള വാഞ്ചയും സമര്‍പ്പണവും വാദ്യോപകരണങ്ങളെക്കാള്‍ കൂടുതല്‍ ആത്മിക ഉദ്ധാരണം വരുത്തും എന്നതിന് യാതൊരു സംശയവുമില്ല.

(ദോഹ .പി.സി.ഫെയ്ത്ത് സെന്റെര്‍ -പി .വൈ .പി മീറ്റിംഗില്‍ സിസ്റ്റര്‍ സിനി മാത്യു ,ബ്രദര്‍ ജോസഫ് സ്റ്റീഫന്‍,ബ്രദര്‍ ജെയിംസ്കുട്ടി യോഹന്നാന്‍ എന്നിവര്‍ അവതരിപ്പിച്ച വിഷയാധിഷ്ടിത ലേഖനങ്ങളുടെ സംഷിപ്ത രൂപം - എഡിറ്റര് )

 

 

 


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,432

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 494622 Website Designed and Developed by: CreaveLabs