ഒരു ദൈവപൈതല്‍ വളരെ കരുതലോടെ പാലിക്കേണ്ട അതി പ്രധാനമായ ഉപദേശമാണ് വേര്‍പാട്. വേര്‍പാട് വിശുദ്ധിയുടെ ഒരു പര്യായമാണ്. ഉത്പത്തി പുസ്തകം 1-)൦ അദ്ധ്യായം ഇരുളും വെളിച്ചവും തമ്മിലുള്ള വേര്‍തിരിവോടെ കൂടെ ആരംഭിച്ചു. വെളിപ്പാട് പുസ്തകത്തില്‍ രക്ഷിക്കപ്പെട്ടവനും രക്ഷിക്കപ്പെടാത്തവനും തമ്മിലുള്ള നിത്യവേര്പാടോടു കൂടി അവസാനിപ്പിച്ചിരിക്കുന്നു. വിശുദ്ധനായ ദൈവത്തെ ആരാധിക്കുവാന്‍ വിളിക്കപ്പെട്ടവര്‍ എല്ലാ അശുദ്ധിയില്‍ നിന്നും വേര്‍പെട്ടവരായിരിക്കണം.
ദൈവം അബ്രഹാമിനെ വിളിച്ചപ്പോള്‍ ദേശത്തേയും ചാര്‍ച്ചക്കാരെയും പിത്യഭവനത്തെയും വിട്ട് വേര്പെടുവാന് ആജ്ഞാപിച്ചു. അബ്രഹാം അത് ക്യത്യമായി അനുസരിച്ചു. യോസേഫിന്റെ ജീവിതവും വേര്പാടിന് ഉദാഹരണമാണ്. പാപത്തിന്റെ കെണികള്‍ സാത്താന് തന്റെ മുന്പില് വിരിച്ചിരുന്നു. എന്നാല്‍ ദൈവാത്മാവുള്ള ആ മനുഷ്യന് അവിടെ ഒന്നും തന്നെ വിശുദ്ധിയു൦ വേര്‍പാടും നഷ്ടമാക്കിയില്ല. മോശെയുടെ ജീവിതത്തില്‍ അവന് പാപത്തിന്റെ താല്‍ക്കാലിക സുഖങ്ങളെക്കാളും ദൈവത്തോടും ദൈവജനത്തോടും ചേര്‍ന്ന് നിന്നു.
നാം ഈ അശുദ്ധ ലോകത്തില്‍ നിന്ന് വിശുദ്ധരും നിഷ്ക്കളങ്കരും ആകേണ്ടതിനു നമ്മെ അവന് ക്രിസ്തുവില്‍ വിളിച്ചു വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. വേര്‍പാട് നിര്‍ബന്ധമായി പാലിക്കണ മെന്നുള്ള മാറ്റമില്ലാത്ത ദൈവകല്പന അനുസരിച്ചവരുടെ കൂട്ടമാണ് ദൈവസഭ. പിതാവായ ദൈവം ക്രിസ്തുവിനെ വേര്‍തിരിച്ച് ഈ ലോകത്തിലേക്കയച്ചത് നാം അവനായി വേര്പെട്ടിരിക്കാനാണ്. (യോഹ. 17:14, 10:36) സത്യനമസ്കാരികള്‍ പിതാവിനെ ആത്മാവിലും സത്യത്തിലും ആരാധിക്കണ൦ എന്ന് പറഞ്ഞതിന്റെ താല്‍പ്പര്യം ദൈവമക്കള് ദൈവപ്രസാദമില്ലാത്ത ആരാധനയില്‍ നിന്നും വേര്പെട്ടിരിക്കണ൦ എന്നതാണ്.
പൌലോസ്, പത്രോസ്, യോഹന്നാന്, യൂദാ എന്നീ അപ്പോസ്തോലന്മാരും വേര്‍പാട് എന്ന ഉപദേശ വിഷയത്തെപ്പറ്റി വിശദീകരിച്ചിരിക്കുന്നത് ശ്രദ്ധേയമാണ്. ദൈവസഭ പ്രധാനമായും വേര്‍പാട് പാലിക്കേണ്ട വിഷയങ്ങള്‍ ശ്രദ്ധിക്കുക. ലൌകിക വിഷയങ്ങളില്‍ നിന്നും അവിശ്വാസികളില്‍ നിന്നും വേര്‍പാട് പാലിക്കേണ൦. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപങ്ങള്‍ എന്നിവയില്‍ നിന്നും വേര്‍പാട് പാലിക്കേണ൦. നാം ലോകത്തില്‍ ജീവിക്കുന്നവര്‍ എങ്കിലും ലൌകികര്‍ ആകരുത്.(1 യോഹന്നാന് 2:15-17, ഗലാത്യര്‍ 6:14). രണ്ടാമതായി, സഭ പാപത്തില്‍ നിന്നും വേര്‍പാട് പാലിക്കണം. ദുര്‍ന്നടപ്പു, അശുദ്ധി, അത്യാഗ്രഹം, ചീത്തത്തരം, പൊട്ടചൊല്ല്, കളിവാക്ക്, കോപം, ക്രോധം, ഈര്‍ഷ്യ, ദൂഷണ൦ എന്നിത്യാദി ദൈവമക്കള്‍ക്ക് ചേര്ച്ചയല്ലാത്തവയുമായി വേര്‍പാട് പാലിക്കേണ്ടതാണ്. മൂന്നാമതായി, ദുരുപദേശങ്ങളില്‍ നിന്നും അസത്യാരാധനകളില് നിന്നും സഭ വേര്‍പാട് പാലിക്കേണ൦. കര്‍ത്താവും അപ്പോസ്തോലന്മാരും ഉപദേശിച്ചതിനും പഠിപ്പിച്ചതിനും എതിരായി ഉയരുന്ന എല്ലാ ദുരുപദേശത്തോടും സഭ വേര്‍പെട്ടിരിക്കണം. ഗലാത്യര്‍ 1:8,9, റോമര്‍ 16: 17,18 ശ്രദ്ധിക്കുക. ക്രമം കെട്ടു നടക്കുന്നവരോട് ഒന്നു രണ്ടു തവണ ബുദ്ധി പറഞ്ഞിട്ടും ഉപദേശങ്ങള്‍ പാലിക്കുവാന്‍ തയ്യാറാകാത്തവനോട് വേര്‍പാട് പാലിക്കേണ൦. വിപരീതോപദേശങ്ങള്‍, കള്ളപ്രവാചകന്മാര്, ക്രിസ്തു നിഷേധികള്‍ എന്നീ നുഴഞ്ഞു കയറുന്ന കൂട്ടരോട് സഭ വേര്‍പെട്ടിരിക്കുക(യൂദാ 4-)൦ വാക്യം). ഒരു ദൈവപൈതല്‍ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റില്‍ നിന്ന് യേശുക്രിസ്തുവിന്റെ ആത്മാവിനാലും രക്തത്താലും കഴുകലും വേര്‍പാടും പാലിച്ച് നിത്യതയ്ക്ക് അവകാശിയായിത്തീരുവാന്‍ ഇടയാകട്ടെ.