ജീവിതയാത്രക്കാരാ നിന്‍ കാലടികളെങ്ങോട്ട്‌?! തോമസ്‌ മുല്ലയ്ക്കല്‍

Voice Of Desert 9 years ago comments
ജീവിതയാത്രക്കാരാ നിന്‍ കാലടികളെങ്ങോട്ട്‌?! തോമസ്‌ മുല്ലയ്ക്കല്‍

മലയാളി ക്രിസ്‌ത്യാനികളുടെ ഇടയില്‍ സുപരിചിതമായ പഴയൊരു ഗാനത്തിന്റെ ഈരടികള്‍ ഇങ്ങനെയാണ്‌:

"ജീവിതയാത്രക്കാരാ നിന്‍ കാലടികളെങ്ങോട്ട്‌

നാശത്തിന്‍ പാതയോ ജീവന്റെ മാര്‍ഗ്ഗമോ

ലക്ഷ്യം നിന്‍ മുന്‍പിലെന്ത്‌?''

എത്ര അര്‍ത്ഥവത്തായ ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന വരികള്‍. ജീവിതം ഒരു യാത്രയാണ്‌...ഭൂമിയിലേക്ക്‌ പിറന്നു വീഴുന്ന സമയം മുതല്‍ യാത്രയാരംഭിക്കുകയാണ്‌. ഏതോ ലക്ഷ്യത്തിലേക്കുള്ള യാത്ര. എന്താണ്‌ ലക്ഷ്യം? എണ്ണിത്തീര്‍ക്കാനാവാത്ത സമ്പത്ത്‌, സ്വാധീന ശക്തി ഉറപ്പിക്കുന്ന സ്ഥാനമാനങ്ങള്‍ എന്നിവയാണോ യഥാര്‍ത്ഥ ലക്ഷ്യം!

 മരണത്തിലൊടുങ്ങാത്ത ഒരു ആയുസ്സിന്‌ ഇവയൊക്കെ ഉപകരിക്കുമെങ്കിലും മരണത്തിനപ്പുറത്തേക്കോ? ഒരിക്കലും അവസാനിക്കാത്ത മരണാനന്തരമുള്ള ജീവിതമല്ലേ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നത്‌? അവിടേക്ക്‌ നമ്മെ കൂട്ടിക്കൊണ്ടു  പോകുന്നതിനല്ലേ വില നല്‍കേണ്ടത്‌? ആ ലക്ഷ്യത്തിലെത്തിച്ചേരാനല്ലേ അല്‍പ്പകാല ജീവിതം കൊണ്ട്നാം  സാധിച്ചെടുക്കേണ്ടത്‌?

  "ഞാന്‍ തന്നെ വഴിയും സത്യവും ജീവനുമെന്ന'' നിസ്സംശയം പ്രഖ്യാപിച്ച ക്രിസ്‌തുവല്ലാതെ മറ്റെന്തു ലക്ഷ്യമാണ്‌ ഒരു വ്യക്തിക്കു വേണ്ടത്‌. എവിടെയൊക്കെയോ വച്ച്‌ ചിലര്‍ ഈ ലക്ഷ്യം കണ്ടെത്തുന്നു. മറ്റു ചിലര്‍ യാത്ര അവസാനിക്കുമ്പോഴും പ്രസ്‌തുത ലക്ഷ്യത്തില്‍ എത്തിച്ചേരുന്നില്ല.

നീളന്‍ റോഡുകള്‍ക്കിടയിലുള്ള നാല്‍ക്കവലകള്‍ നമുക്ക്‌ സുപരിചിതങ്ങളാണ്‌. കുരിശാകൃതിയില്‍ നാല്‌ വശത്തേക്കും നീളുന്ന റോഡുകള്‍. മുന്നിലേയ്‌ക്കോ വലത്തോട്ടോ, ഇടത്തോട്ടോ പോകേണ്ടത്‌ എങ്ങനെ എന്ന്‌ തീരുമാനിക്കുന്നത്‌ ഇത്തരം നാല്‍ക്കവലകളിലെത്തുമ്പോഴാണ്‌. ജീവിതത്തിലും ഇത്തരം നാല്‍ക്കവലകളുണ്ട്. അതിനെ പ്രശ്‌നങ്ങളെന്നോ പ്രതിസന്ധികളെന്നോ ഒക്കെ വിളിക്കാം. ജീവിതത്തിന്റെ നാല്‍ക്കവലകളില്‍ വച്ച്‌ ശരിയായ തീരുമാനമെടുത്തില്ലെങ്കില്‍ ലക്ഷ്യത്തിലെത്തിച്ചേരാന്‍ കഴിയില്ല. മിക്ക വഴികളിലും ആ വഴികള്‍ എങ്ങോട്ട്‌ പോകുന്നു എന്ന്‌ രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടാകും. ഒരു നിമിഷം നിന്ന്‌ ശരിയായ വഴി തിരഞ്ഞെടുത്താല്‍ ലക്ഷ്യത്തില്‍ വേഗം എത്തിച്ചേരാം.

 ലക്ഷ്യമറിയാതെ ഇറങ്ങിത്തിരിച്ച്‌ എങ്ങുമെത്താതെ ജീവിതയാത്ര അവസാനിപ്പിച്ചവര്‍ ഏറെയാണ്‌. അത്യാഗ്രഹത്തിന്റെയും സുഖലോലുപതയുടെയും വഴി  തിരഞ്ഞെടുത്ത്‌ ആത്മഹത്യയില്‍ അവസാനിച്ചവര്‍. അക്രമത്തിന്റെയും അരാജകത്വത്തിന്റെയും വഴിയില്‍ യാത്രചെയ്‌ത്‌ തടവറയില്‍ എത്തപ്പെട്ടവര്‍. കുറുക്കു വഴികള്‍ കണ്ട് പിടിച്ചു വേഗമെത്താമെന്ന വ്യഗ്രതയില്‍ പടുകുഴികളില്‍ വീണവര്‍. അങ്ങനെ പരാജയത്തിന്റെ ചരിത്രം നീളുകയാണ്‌

    "ചിലപ്പോള്‍ ഒരു വഴി മനുഷ്യന്‌ ചൊവ്വായി തോന്നും; അതിന്റെ അവസാനമോ മരണ വഴികള്‍ അത്രേ.'' (സദൃശ്യവാക്യങ്ങള്‍.14:12)

 ക്രിസ്‌തീയ ജീവിതത്തിലും തിരഞ്ഞെടുക്കാന്‍ രണ്ട്  വഴികളുണ്ട്.

 1. നാശത്തിന്റെ പാത. 2. ജീവന്റെ മാര്‍ഗ്ഗം.

പേര്‌ ധ്വനിപ്പിക്കുന്നത്‌ പോലെ നാശത്തിന്റെ പാത അവസാനിക്കുന്നത്‌ നിത്യ നാശത്തിന്റെ ഇടമായ നരകത്തിലാണ്‌. ജീവന്റെ മാര്‍ഗ്ഗം ചെന്നെത്തുന്നത്‌ സ്വര്‍ഗ്ഗത്തിലാണ്‌. നാശത്തിന്റെ പാത വിശാലമാണ്‌. കൂട്ടുകൂടാന്‍ ആളുകളും ഏറെയുണ്ട്. നിയമങ്ങളോ ചട്ടങ്ങളോ ഇല്ലാത്ത യാത്ര. നിയന്ത്രണം വിട്ട വാഹനം പോലെ അത്‌ കുറച്ചു ദൂരം ഓടും. പക്ഷേ അപകടം ഉറപ്പാണ്‌.

 ഏറെ ഇടുക്കമുള്ളതാണ്‌ ജീവന്റെ മാര്‍ഗ്ഗം. യാത്ര മിക്കപ്പോഴും ഒറ്റയ്‌ക്കായിരിക്കും. ദുസ്സഹമായ ഏകാന്തത ശീലമാക്കേണ്ടിവരും. മരണനിഴലിന്‍ താഴ്‌വരയില്‍ക്കൂടി സൂക്ഷിച്ചു നടന്നില്ലെങ്കില്‍ കാലിടറിപ്പോകാനിടയുണ്ട്. ഈ വഴിയിലെ യാത്രക്കാര്‍ക്ക്‌ ഏറെ നിയന്ത്രണങ്ങളുണ്ട്. ചന്ദ്രനില്‍ നടക്കുന്നവര്‍ക്ക്‌ ഭൂമിയില്‍ നടക്കുന്നവരേക്കാള്‍ അനേകം ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ധരിക്കേണ്ടി വരുമല്ലോ. ക്രിസ്‌തീയ ജീവിതയാത്ര ഒരു തിരഞ്ഞെടുപ്പിന്റേതാണെന്ന്‌ പറഞ്ഞു കഴിഞ്ഞല്ലോ.

ഒരു ദിവസം മനസ്സിന്റെ വാതില്‍ക്കല്‍ മുട്ടിക്കൊണ്ട്  നിന്ന ക്രിസ്‌തുവിനെ ഹൃദയവാതില്‍ മലര്‍ക്കെ തുറന്നിട്ട്‌ അകത്തേയ്‌ക്ക്‌ ക്ഷണിച്ചു. പുഞ്ചിരി തൂകി നില്‍ക്കുന്ന യേശുവിന്റെ മാര്‍വ്വോട്‌ ചേര്‍ന്നു നിന്നുകൊണ്ട്  പറഞ്ഞു:കര്‍ത്താവേ ഇനി അങ്ങ്‌ മതി; ഈ യാത്രയില്‍ എന്റെ കരത്തില്‍ മുറുകെ പിടിക്കണം. കരവലയത്തില്‍ ചേര്‍ത്തു നിര്‍ത്തിക്കൊണ്‍ട്‌ നാഥന്‍ മൊഴിഞ്ഞത്‌ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് : ഞാന്‍ ഒരിക്കലും നിന്നെ അനാഥനായി വിടുകയില്ല"

                      അപ്രതീക്ഷിതമായ വേളയില്‍ വലിയ ഒരു സമ്പത്തിന്നുടമയായതിന്റെ ആവേശം. എത്ര ആനന്ദകരമായ യാത്രയുടെ തുടക്കമായിരുന്നത്‌. എത്രയോ നല്ല കഥകള്‍ നാഥന്‍ പറഞ്ഞു തന്നു. യാത്രയില്‍ എത്ര തവണ കണ്ണീര്‍ തുടച്ചു. കാലു വേദനിച്ചപ്പോള്‍ മടിയിലിരുത്തി ശുശ്രൂഷിച്ചു. ക്ഷീണിച്ചപ്പോള്‍ തോളിലെടുത്ത്‌ വഴികാട്ടി. യാത്രയ്‌ക്കിടയില്‍ അനേകം അനുഗ്രഹങ്ങള്‍ പകര്‍ന്നു തന്നു. ഓരോ അനുഗ്രഹം കിട്ടുമ്പോഴും അമ്പരന്നുപോയി. ഇഷ്‌ടപ്പെട്ട കളിപ്പാട്ടം കിട്ടുമ്പോള്‍ പിതാവിനെ കെട്ടിപ്പിടിച്ച്‌ ഉമ്മവയ്‌ക്കുന്ന ചെറിയ കുട്ടിയെപ്പോലെ പരിസരം മറന്ന്‌ തുള്ളിച്ചാടി.

എന്നാല്‍ യാത്രയ്‌ക്കിടയില്‍ എവിടെയോ വച്ച്‌ ക്രിസ്‌തുവിനെ നഷ്‌ടപ്പെട്ടു. കിട്ടിയ അനുഗ്രഹങ്ങളെ കണ്ട്  കണ്‍കുളിര്‍ക്കുന്നതിനിടയിലോ, അതിനെ താലാലിച്ചുകൊണ്ട്  അധിക നേരം നിന്നപ്പോഴോ, അതിനെപ്പറ്റി മറ്റുള്ളവരോട്‌ പ്രശംസിച്ചുകൊണ്ടിരിക്കുന്നതിനിടയ്‌ക്കോ വച്ച്‌ ക്രിസ്‌തുവിന്റെ കരത്തില്‍ നിന്നും പിടിവിട്ടുപോയി. എത്ര ദൂരത്താണെന്ന്‌ ഒരു വ്യക്തതയുമില്ല. പക്ഷേ ഒരിക്കലുപേക്ഷിച്ച്‌ നാശത്തിന്റെ പാതയ്‌ക്ക്‌ എതാണ്‍ടടുത്തെത്തിക്കഴിഞ്ഞു. എത്ര ദുഃഖകരമാണത്‌. പര്‍വ്വതാരോഹകനെപ്പോലെ വളരെ ഉയരത്തില്‍ എത്രയെ ക്ലേശങ്ങള്‍ സഹിച്ച്‌ കയറിയതാണ്‌. ഇപ്പോള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു പാറയില്‍ കയര്‍ ചുറ്റിക്കെട്ടി താഴേക്ക്‌ ഊര്‍ന്നിറങ്ങി തുടങ്ങിയിടത്തു തന്നെ എത്താന്‍ വെമ്പുന്നതുപോലെ.

                     ജീവിതയാത്രക്കാരാ, ഒരു നിമിഷം യാത്രയൊന്നു നിര്‍ത്താമോ? ഇപ്പോള്‍ വീണ്ടും  മറ്റൊരു കവലയില്‍ എത്തി നില്‍ക്കുകയാണ്‌. രണ്ട്  വഴികള്‍ പിന്നെയും തെളിഞ്ഞു കാണാം. നാശത്തിന്റെ പാതയും ജീവന്റെ മാര്‍ഗ്ഗവും. ജീവന്റെ മാര്‍ഗ്ഗം ആരംഭിക്കുന്നിടത്ത്‌ സ്‌നേഹത്തോടെ ക്രിസ്‌തു കാത്തു നില്‍ക്കുന്നു. കുരിശിന്റെ വഴിയിലൂടെയാണ്‌ യാത്ര. ഗത്‌സെമന മുതല്‍ ഗോഗുല്‍ത്താ വരെ നീളുന്ന സഹനത്തിന്റെ യാത്ര. യാത്രക്കിടയിലെ സമ്പൂര്‍ണ്ണ സമര്‍പ്പണത്തിന്റെ ഒരിടവേളയാണ്‌ കാല്‍വറി. പക്ഷേ മൂന്നാം ദിനം യാത്ര വീണ്‍ടും തുടരുകയാണ്‌. ഒരിക്കലും തീരാത്ത നിത്യതയിലേക്ക്‌.....

നടന്നു നടന്നു കുഴഞ്ഞ ഹാനോക്ക്‌ വീട്ടിലേക്ക്‌ പോകാന്‍ തിരഞ്ഞപ്പോള്‍ ദൈവം പറഞ്ഞു: "ഇനി നിന്റെ വീട്ടിലേക്ക്‌ പോകേണ്ട; എന്റെ വീട്ടിലേക്ക്‌ പോകാം''

ഒരു ദിവസം നമ്മുടെ യാത്രയുടെ ഇടയിലും അതുപോലെ കര്‍ത്താവ്‌ പറയും: 'നടന്നത്‌ മതി; ഞാന്‍ നിനക്കായൊരുക്കിയ വീട്ടിലേക്ക്‌ നിന്നെ കൊണ്ടുപോകുകയാണെന്ന്‌! ആ സ്വപ്‌നതുല്യമായ ക്ഷണം ഉണ്ടാകുന്നത്‌ ഒരുപക്ഷേ ഇന്നാകാം. അല്ലെങ്കില്‍ നാളെയോ മറ്റൊരിക്കലോ ആകാം. നിശ്ചയമില്ലാത്ത സമയത്ത്‌ അപ്രതീക്ഷിതമായ ആ ക്ഷണം പ്രതീക്ഷിച്ചുകൊണ്ട്  ക്രിസ്‌തുവുമൊത്ത്‌ യാത്ര തുടരാം.....


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

3,082

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 478247 Website Designed and Developed by: CreaveLabs